സൗദയും മറ്റ് സഹോദരികളും വായിച്ചറിയാന്‍

സൗദയും മറ്റ് സഹോദരികളും വായിച്ചറിയാന്‍

വര്‍ഷം ഞാനോര്‍ക്കുന്നില്ല. പക്ഷേ ദിവസം ഓര്‍ക്കുന്നു. കേരള മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ശവസംസ്‌കാര ദിവസമായിരുന്നു അത്. അപരിചിതമായ ഒരു ദേശത്ത് അപരിചിതമായ ഒരാശുപത്രിയില്‍ രോഗിയും ദുര്‍ബലനും നിസ്സഹായനുമായി ഞാനൊറ്റയ്ക്കായിപ്പോയത് അന്നേ ദിവസമായിരുന്നു.

അതിനും ഏകദേശം ഒരാഴ്ച മുമ്പായിരുന്നു എന്റെ കാലില്‍ ഒരു സഹപ്രവര്‍ ത്തകന്റെ ഇരുചക്രവാഹനം ദിശ തെറ്റി വന്ന് പാഞ്ഞുകയറിയത്.
ഇരുചക്രവാഹനമെന്ന് പറയുമ്പോള്‍ അത് ബൈക്കോ ബുള്ളറ്റോ എന്നൊക്കെ ചിലപ്പോള്‍ തോന്നിയേക്കാം. പക്ഷേ അതൊരു എംഐറ്റിയായിരുന്നു.

ഓഫീസിലേക്ക് ഞാനും സുഹൃത്തുക്കളും നടന്നുപോവുമ്പോള്‍ ഒരു തമാശയ്‌ക്കെന്നോണം കളിപ്പിക്കാനോ പേടിപ്പിക്കാനോ ആയി ഇടിപ്പിക്കുമെന്ന മട്ടില്‍ അവന്‍ ഞങ്ങള്‍ക്ക് നേരെ പിന്നില്‍ നിന്ന് വണ്ടിയോടിച്ചുവന്നതാണ്. ഒപ്പമുണ്ടായിരുന്നവര്‍ ശരിയായ ദിശയിലേക്ക് തന്നെ ഞെട്ടിയടര്‍ന്നുമാറി. ഞാനോ പരിഭ്രമത്തോടെ മറ്റേ ദിശയിലേക്കും.

വണ്ടി എന്റെ കാലിലേക്ക് തന്നെ പാഞ്ഞുകയറി; അവന് നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയും മുമ്പ്തന്നെ. വലതുകാലിന്റെചെറുവിരലിനായിരുന്നു പരിക്ക്. അല്പം തൊലിപോയി. ചോര വന്നു. അതിലും ഗൗരവതരമായിട്ടൊന്നും ഉള്ളതായി തോന്നിയില്ല.

”ഡ്രസ് ചെയ്യിക്കാനായി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. പക്ഷേ കഠിനമായിവേദന അനുഭവപ്പെട്ടപ്പോള്‍ വിഷയം മാറി. ആശുപത്രിക്കാര്‍ക്ക് സംശയം. പൊട്ടല്‍ സംഭവിച്ചിട്ടുണ്ടോ? അതറിയാന്‍ എക്‌സറേ എടുക്കണം. അതിന് അവിടെ സൗകര്യമില്ല.

അങ്ങനെയാണ് കിലോമീറ്ററുകള്‍ക്കകലെയുള്ള പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെത്തിയത്. ഊഹം ശരിയായിരുന്നു. ചെറുവിരലിന് പൊട്ടല്‍ സംഭവിച്ചിരുന്നു.
”റെസ്‌റ്റെടുക്കൂ.. ചിലപ്പോള്‍ പ്ലാസ്റ്ററിടാതെ ശരിയാകും. ഇനി വേദന കൂടുകയാണെങ്കില്‍ മാത്രം അപ്പോള്‍ പ്ലാസ്റ്ററിട്ടാല്‍ മതി.” ഡോക്ടര്‍ പറഞ്ഞു.

തിരികെ ക്വാര്‍ട്ടേഴ്‌സിലേക്ക്… അന്ന് ഞങ്ങള്‍ അഞ്ചുപേര്‍ ഒരുമിച്ചായിരുന്നു താമസം. അതില്‍ ഒരുവന്റെ വാഹനമാണ് എന്നെ പരിക്കേല്പിച്ചതും.

സത്യത്തില്‍ തിരികെ എത്തിയപ്പോള്‍ എല്ലാവര്‍ക്കും ആക്‌സിഡന്റ് ഒരു ‘കോമഡി’യായി മാറി. എം.ഐറ്റിപോലെയുള്ള ഒരുവാഹനം കയറി കാലൊടിയാന്‍ മാത്രം ദുര്‍ബലമായ എന്റെ ആരോഗ്യസ്ഥിതിയോര്‍ത്തായിരുന്നു ആ ‘കോമഡി’ മുഴുവന്‍. ഞാനും ചിരിയില്‍ പങ്കുചേര്‍ന്നുവെങ്കിലും ഉള്ളില്‍ വേദനയായിരുന്നു. ശരീരത്തിലുള്ള വേദനയെക്കാള്‍ തീരെ ചെറുതെങ്കിലും ഒരപകടം നിസ്സാരവല്ക്കരിക്കപ്പെട്ടതോര്‍ത്ത്..

റെസ്റ്റ് ആയതുകൊണ്ട് ഓഫീസില്‍ പോകാനാവില്ല. ക്വാര്‍ട്ടേഴ്‌സില്‍ ഞാനൊറ്റയ്ക്കായി.നാലുപേരും അവരുടെ തിരക്കുകളില്‍ മുഴുകി. ഞാനവിടെ ഒറ്റയ്ക്കാണെന്നോ നിസ്സഹായനാണെന്നോ ഉള്ള ചിന്തപോലും ഇല്ലാതെ… സത്യത്തില്‍ അതായിരുന്നു എന്നെ അധികം വേദനിപ്പിച്ചത്. ഈ അവഗണന… തിരസ്‌ക്കരണം. ഞാനോര്‍ത്തുപോയി, അവരില്‍ ചിലരുടെ രോഗങ്ങളില്‍ ഞാനവര്‍ക്ക് എത്രയോ പരിഗണന കൊടുത്തിരുന്നതാണ്… എങ്ങനെയെല്ലാം പരിചരിച്ചിരുന്നതാണ്… എന്നിട്ട്.. അവരില്‍ ഒരാള്‍പോലും.. അല്ലെങ്കില്‍ ഒരുവന്‍ മാത്രം എന്നെ പരിഗണിച്ചാല്‍ മതിയായിരുന്നു. ഞാന്‍ അത്യധികം സ്‌നേഹിക്കുന്നവന്‍ മാത്രം… മറ്റെല്ലാ അവഗണനയും ആ പരിഗണനയ്ക്ക് മുമ്പില്‍ നിഷ്പ്രഭമായിപ്പോകുമായിരുന്നു. പക്ഷേ അവനും..

ഞാനെന്റെ വീടിനെയും അമ്മയെയും ഓര്‍ത്തു. നാട്ടിലുള്ള സുഹൃ ത്തുക്കളെ ഓര്‍ത്തു. അവരൊക്കെയായിരുന്നുവെങ്കില്‍… അവരൊക്കെ
അടുത്തുണ്ടായിരുന്നുവെങ്കില്‍..

എന്നെ ആ അവസ്ഥയില്‍ തിരികെ വീട്ടിലെത്തിക്കാന്‍ തിടുക്കം പൂണ്ടുനടന്നിരുന്ന നാട്ടിലെ ആത്മസുഹൃത്തിനെക്കുറിച്ച് അമ്മയാണ് പറഞ്ഞത്, അവനായിരുന്നില്ല.

ദിവസങ്ങള്‍ കഴിയും തോറും വേദന കുറയുന്നില്ല… നാലഞ്ചു ദിവസം കാത്തിരുന്നിട്ടും വേദന കുറയുന്നില്ലെങ്കില്‍ പ്ലാസ്റ്ററിടാമെന്നാണല്ലോ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. പ്ലാസ്റ്ററിടുകതന്നെ. പിറ്റേന്ന് നേരം വെളുത്തപ്പോഴേ ആശുപത്രിയിലേക്ക് പോകാന്‍ ഞാന്‍ തയ്യാറായി. നാലുപേരില്‍ ഒരുവന്‍ മാത്രമേ ഉറക്കമുണര്‍ന്നിട്ടുള്ളൂ. യാത്രയ്ക്ക് ഒരുങ്ങിനില്ക്കുന്ന എന്നെ കണ്ട് വിവരം തിരക്കിയപ്പോള്‍ കൂടെവരാന്‍ അവന്‍ സന്നദ്ധനായിരുന്നു. പക്ഷേ അവനെ സത്യത്തില്‍ ഞാന്‍ ഒഴിവാക്കുകയായിരുന്നു. ശ്വാസം വിടാന്‍പോലും സമയമില്ലാത്തവിധം തിരക്കുള്ള സെക്ഷനാണ് അവന്റേത്.

വൈകി മാത്രം താമസസ്ഥലത്തെത്തുകയും വളരെ നേരത്തെ ഓഫീസിലേക്ക് യാത്രയാകുകയും ചെയ്യുന്നവന്‍. അങ്ങനെയുള്ള അവന്‍ ഞാന്‍ മൂലം അവധിയെടുക്കണ്ടാ… അതായിരുന്നു എന്റെ മനസ്സില്‍. മാത്രവുമല്ല ആരുടെയും സഹായം കൂടാതെ ആശുപത്രിയില്‍ പോകാനും പ്ലാസ്റ്ററിട്ട് തിരികെ വരുവാനും എനിക്ക് കഴിയും എന്ന അഹങ്കാരവുമുണ്ടായിരുന്നു മനസ്സില്‍.

ക്വാര്‍ട്ടേഴ്‌സിന്റെ സമീപത്തുതന്നെയായിരുന്നു ബസ് സ്‌റ്റോപ്പ്. എങ്ങനെയോ അവിടെയെത്തി. പിന്നെ ബസിറങ്ങി ഓട്ടോപിടിച്ച് ആശുപത്രിയിലേക്ക്… ഡോക്ടറെ കണ്ടു. ഇനി വെയ്റ്റ് ചെയ്യേണ്ടതില്ല. പ്ലാസ്റ്റിടാം. ഡോക്ടര്‍ തീരുമാനിച്ചു. പ്ലാസ്റ്ററിടാനുള്ളവരുടെ ഊഴമനുസരിച്ച് എന്റെ ഊഴവുമെത്തി. ഞാന്‍ ടേബിളില്‍ കയറിക്കിടന്നു. അവിടം വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഞാന്‍ ആഗ്രഹിച്ചതുപോലെ തന്നെ കാര്യങ്ങള്‍.  ക്രമേണ കാലിന്റെ ഭാരം കൂടിക്കൂടിവരുന്നത് ഞാനറിഞ്ഞു. കാലില്‍ വലിയൊരു കല്ല് കെട്ടിത്തൂക്കിയിരിക്കുന്നതുപോലെ.

പ്ലാസ്റ്ററിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരടി മുമ്പോട്ടുനടക്കാന്‍ കഴിയുന്നില്ല. ”ഇനി പുറത്തേയ്ക്ക് പൊയ്‌ക്കോളൂ. കൂടെയുള്ള ആളെ വിളിച്ചോളൂ.” നേഴ്‌സ് പറഞ്ഞു.
കൂടെയുള്ള ആള്‍. ഞാന്‍ തളര്‍ന്നുപോയി. എന്റെ മുഖത്ത് നിറഞ്ഞ നിസ്സഹായത പെട്ടെന്ന് നേഴ്‌സിന് മനസ്സിലായി. അവള്‍ ഒരാന്തലോടെ ചോദിച്ചു.
”തനിച്ചാണോ വന്നത്?”

ങ്… അതെ…’ ഞാന്‍ ശിരസ് ചലിപ്പിച്ചു. പുറംതിരിഞ്ഞുനിന്ന ഡോക്ടര്‍  അതുകേട്ടു. അയാള്‍ ഞെട്ടിത്തിരിഞ്ഞു.

‘നിങ്ങള്‍ തനിച്ചാണ് വന്നതെന്നോ? മൈഗോഡ്.. നിങ്ങളെന്തൊരു വിവരക്കേടാണ് കാണിച്ചത്?”

ഡോക്ടറുടെ ശബ്ദമുയര്‍ന്നു. ഞാന്‍ നിസ്സഹായതയോടെ ഉമിനീരിറക്കി.

”ബില്ല് പേ ചെയ്യാന്‍ പണമുണ്ടോ?” ഡോക്ടറുടെ ചോദ്യം.

‘ഉണ്ട്…” ഞാന്‍ പോക്കറ്റില്‍ നിന്ന് പണമെടുത്തു. ഭാഗ്യം.ഡോക്ടര്‍ക്ക് ആശ്വാസമായി.  പണം വാങ്ങി ഒരു നേഴ്‌സ് പുറത്തേയ്ക്ക് പോയി.

ഡോക്ടര്‍ ഈ പേഷ്യന്റ്? മറ്റൊരു നേഴ്‌സ് ഡോക്ടറോട് ചോദിച്ചു. ഡോക്ടര്‍ അത് തന്റെ ഡ്യൂട്ടിയല്ലെന്ന മട്ടില്‍ തോള്‍ ചലിപ്പിച്ചു.

”അടുത്ത ആളെ വിളിക്കൂ…” അദ്ദേഹം കര്‍ത്തവ്യബോധ
നിരതനായി.

ഞാന്‍ മേശ ഒഴിഞ്ഞുകൊടുത്തേ തീരൂ. പ്ലാസ്റ്ററിടാന്‍ രോഗികള്‍ വെളിയില്‍ കാത്തുനില്ക്കുകയാണ്. പക്ഷേ എന്നെ എവിടെ കിടത്തും? നേഴ്‌സ് സഹതാപത്തോടും നിസ്സഹായതയോടും കൂടെ എന്നെ നോക്കി.

”ഒരു ഓട്ടോ വിളിച്ചുതന്നാ മതി.. ഞാന്‍ പൊയ്‌ക്കോളാം…” എനിക്കപ്പോഴും ആത്മവിശ്വാസമായിരുന്നു.

‘നിങ്ങളെ കൊണ്ടുപോകാന്‍ ആരും വരില്ലേ? നിങ്ങള്‍ക്കാരുമില്ലേ? എവിടെയാണ് നിങ്ങളുടെ വീട്?”
ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.
നിങ്ങള്‍ കരുതുന്നതുപോലെയല്ല അത് വളരെ റിസ്‌ക്കാണ്. നിങ്ങള്‍ക്ക് അത്രയും ദൂരം തനിച്ച് ബസില്‍ യാത്ര ചെയ്യാനാവില്ല. അപ്പോഴേയ്ക്കും ബില്ലടയ്ക്കാന്‍ പോയ നേഴ്‌സ് മടങ്ങിയെത്തിയിരുന്നു. അവര്‍ രണ്ടാളുംകൂടി കൂടിയാലോചിച്ചു. പിന്നെ തീരുമാനമെടുക്കുകയും ചെയ്തു.

”നിങ്ങള്‍ ആരുടെയെങ്കിലും ഫോണ്‍നമ്പര്‍ തരൂ..അവര്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോകട്ടെ…”
ഞാന്‍ ഓഫീസിലെ ഫോണ്‍ നമ്പര്‍ കൊടുത്തു. വിളിച്ചുപറയാനായി ആദ്യത്തെയാള്‍ പിന്നെയും പോയി. രണ്ടാമത്തെ ആള്‍ അറ്റന്‍ഡറുടെ സഹായത്തോടെ എന്നെ വീല്‍ച്ചെയറിലിരുത്തി. അന്നേ ദിവസം ഒ.പിയില്‍ ഇല്ലാത്ത ഒരു ഡോക്ടറുടെ കണ്‍ സള്‍ട്ടിംങ് റൂമിലേക്കാണ് അവരെന്നെ കൊണ്ടുപോയത്.

രഹസ്യമായി ഒരു സാധനം ഒളിപ്പിച്ചുവയ്ക്കുന്നതിലെ ജാഗ്രത അവരുടെ ഓരോ നീക്കങ്ങളിലും ഉള്ളതുപോലെ എനിക്ക് തോന്നി. അതോടൊപ്പം ഒരു അനാഥശവം നീക്കം ചെയ്യാനുള്ള ശ്രമം പോലെയും.

‘ഇനി നമ്മുടെ കഷ്ടകാലത്തിന് ഡോക്ടര്‍ വെറുതെയെങ്കിലും വരുമോടീ…”
മടങ്ങിയെത്തിയ നേഴ്‌സും ഒപ്പമുണ്ടായിരുന്ന ആളും തമ്മില്‍ സംശയിച്ചു.

”അതിന്റെ റിസ്‌ക്ക് ഞാനേറ്റെടുത്തു.” മറ്റെയാളുടെ ഉറച്ച മറുപടി.

”ഇവിടെ കിടന്നോളൂ… വണ്ടിയുമായി ആള് വരും കേട്ടോ…” അവിടെ കട്ടിലിലേക്ക് എന്നെ കിടത്തിയതിനുശേഷമുള്ള സ്‌നേഹപൂര്‍വ്വമായ സാന്ത്വനപ്പെടുത്തല്‍. ഞാന്‍ ഒരു കൊച്ചുകുട്ടിയാണെന്ന് എനിക്കപ്പോള്‍ തോന്നി. അല്ലെങ്കില്‍ നിസ്സഹായനായ ഒരു വൃദ്ധന്‍.

തീര്‍ച്ചയായും യൗവനയുക്തനായ ഒരു ചെറുപ്പക്കാരനോടുള്ള രീതിയായിരുന്നില്ല അത്
”ഞങ്ങള്‍ പിന്നെവരാം കേട്ടോ… ചേട്ടാ, ഇടയ്‌ക്കൊന്ന് ഈ പാവത്തെ നോക്കിക്കോണേ…”
എന്നെ നോക്കി ചിരിച്ചും അറ്റന്‍ഡറെ നോക്കി നിര്‍ദ്ദേശം നല്കിയും ആ മാലാഖമാര്‍ വാതില്ക്കലെത്തി.

പെട്ടെന്ന് തിരിഞ്ഞൊരു ചോദ്യം.
”വിശക്കുന്നുണ്ടോ.. രാവിലെ എന്തെങ്കിലുംകഴിച്ചിരുന്നോ?”
ഞാനൊന്നും കഴിച്ചിരുന്നില്ല. നല്ല വിശപ്പുമുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ പറഞ്ഞു: ”ഇല്ല, രാവിലെ കഴിച്ചതാണ്…”

മുറിയില്‍ ഞാന്‍ തനിച്ചായി. കാലിന് മാത്രമല്ല ഇപ്പോള്‍ ശരീരമാകെ ഭാരമാണ്, മനസ്സിനും. നിസ്സഹായതയും ഒറ്റപ്പെടലും ശാരീരികവും മാനസികവുമായ തളര്‍ച്ചയും ഒക്കെചേര്‍ന്ന് എന്നെ മഥിച്ചു.

ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടാളും തിടുക്കപ്പെട്ട് മുറിയിലേക്ക് വന്നു. ”ചേട്ടാ നമുക്ക് ഇവിടെ നിന്ന് പോകാം.” അവരെന്നെ എണീല്പിച്ചു. വീല്‍ച്ചെയറിലിരുത്തി. ഭയപ്പെട്ടതുപോലെ ആ മുറിയിലെ ഡോക്ടര്‍ അവിചാരിതമായി അവിടേയേക്ക് വരുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാനവിടെ ഉണ്ടാകരുതല്ലോ.

”ഇനി നമ്മള്‍ എവിടേയ്ക്ക്‌പോകും?” ഞാന്‍ ചോദിച്ചു.
”ചേട്ടന്‍ അതോര്‍ത്ത് വിഷമിക്കണ്ടാ… ചേട്ടന്‍ ഞങ്ങളുടെ കസ്റ്റഡിയില്‍ സേഫായിരിക്കും.” അവര്‍ ചിരിച്ചുകൊണ്ട് മറ്റൊരു മുറി, വാതില്‍ തുറന്ന്  അവിടെ കട്ടിലില്‍ എന്നെ കിടത്തി. ”പിന്നെ വരാം കേട്ടോ…”

അവര്‍ തിടുക്കപ്പെട്ട് പോയി.
ആദ്യത്തെ നേഴ്‌സുമാര്‍ പറഞ്ഞുകേട്ടാവാം കാഴ്ചക്കാരായി വേറെ ഒന്നുരണ്ടു നേഴ്‌സുമാരെത്തി.
”അയ്യോടീ പാവം കിടക്കുന്ന കിടപ്പ് കണ്ടില്ലേ” എന്ന് അവരുടെ സഹതാപം.
”എന്റെ പെരുവണ്ണാമൂഴിക്കാരന്‍ ചേട്ടാ ഇനിയെങ്കിലും ഇങ്ങനെ വരുമ്പോള്‍ ആളെ കൂട്ടിയേവരാവൂ…” ഞാന്‍ തലചലിപ്പിച്ചു. ഇപ്പോള്‍ ആരെന്തുപറഞ്ഞാലും അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍. നേരം ഉച്ചയായി.

”ചേട്ടന് വിശക്കുന്നില്ലേ?” ആദ്യ നേഴ്‌സുമാരില്‍ ഒരാള്‍ ഡ്യൂട്ടിയ്ക്കിടയില്‍ നിന്ന് ഓടിയെത്തി. ഞാനൊന്നും പറഞ്ഞില്ല.അവള്‍ പിന്നെയും തിരക്കിട്ടോടി. ഏതാനും മിനിറ്റുകഴിഞ്ഞപ്പോള്‍ അവളെത്തി. കയ്യില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ ചായ. ഒരു കഷണംകേക്കും. ഹര്‍ത്താലായതുകൊണ്ട് ടൗണ്‍ മുഴുവന്‍ ഹോസ്പിറ്റല്‍ കാന്റീനില്‍ നിന്നാ ഭക്ഷണം കഴിച്ചത്. അതോണ്ട് ഊണ്കിട്ടിയില്ല.ഇതെങ്കിലും ഒരുതരത്തിലാ സംഘടിപ്പിച്ചത്. ഞാന്‍ ആര്‍ത്തിയോടെ അത് വാങ്ങി.

ഇ.കെ നായനാരുടെ ശവസംസ്‌കാരശുശ്രൂഷകളോടനുബന്ധിച്ച് അന്ന് നഗരത്തില്‍ ഹര്‍ത്താലായിരുന്നു.
കൂട്ടിക്കൊണ്ടുപോകാനുള്ള വണ്ടി കാത്തു ഞാന്‍കിടന്നു. ആരുടെയും സഹായമില്ലാതെ എല്ലാം ചെയ്യാന്‍ കഴിയുമെന്ന് ധരിച്ച എന്റെ ധാര്‍ഷ്ട്യത്തിനിവിടെ ഇതാ ശക്തമായ തിരിച്ചടിയേറ്റിരിക്കുന്നു. ആ അവ സ്ഥയില്‍ ഞാനതാണ് ഓര്‍മ്മിച്ചത്.

ഒറ്റപ്പെടലിനെയും നിസ്സഹായതയെയും നേരിടാന്‍ പോക്കറ്റില്‍ കിടന്ന പത്തുമണികൊന്ത കയ്യിലെടുത്ത് പ്രാര്‍ത്ഥിച്ചുതുടങ്ങി. അങ്ങനെ കിടക്കുമ്പോള്‍ ആത്മസ്‌നേഹിതനെത്തി. നിസ്സഹായതയോടെയുള്ള എന്റെ കിടപ്പ് കണ്ടപ്പോള്‍ അവന്റെ മുഖത്ത് കുറ്റബോധവും സങ്കടവും കലരുന്നത് ഞാനറിഞ്ഞു.  അവന്‍ ഏറ്റവും വലിയ സ്‌നേഹത്തോടെ എന്നെ സ്പര്‍ശിച്ചു. എന്റെ മുടിയിഴകളെ തലോടി.
സോറീ… അതവന്‍ പറഞ്ഞില്ല. എങ്കിലും അതായിരുന്നു അതിന്റെ അര്‍ത്ഥം. അവനത് പറയാതിരുന്നിട്ടും എനിക്കത് മനസ്സിലായി. അലിവൂറുന്ന സ്‌നേഹത്തോടെ അവനെന്നെ പിടിച്ചെണീല്പിച്ചു. അവന്റെ ചുമലില്‍ കൈകള്‍ചേര്‍ത്ത്, അവനെന്നെ ചേര്‍ത്തണച്ചു നടന്നുതുടങ്ങിയതിന്റെ ആദ്യചുവടുവയ്പ്പായിരുന്നു അത്.

പോകും നേരത്ത് ഞാന്‍ പോക്കറ്റില്‍ നിന്ന് പണമെടുത്ത് നേഴ്‌സിനു നേരെ നീട്ടി.
”എന്താണിത്?”
”ചായ വാങ്ങിയതിന്റെ…”
”അത് കയ്യില്‍ വച്ചോളൂ. എന്റെ ആങ്ങളയ്ക്ക് വാങ്ങിത്തന്നതാണെന്നേ ഞാന്‍ വിചാരിച്ചിട്ടുള്ളൂ…”

എനിക്കപ്പോള്‍ അവളുടെ കരംകവര്‍ന്ന് ഒന്നുറക്കെ കരയണമെന്ന് തോന്നി.
എന്താണ് പേര്?
ഞാന്‍ ചോദിച്ചു:
”സൗദ”
ഞാന്‍ അവള്‍ക്ക് നേരെകൈകള്‍ കൂപ്പി. അവള്‍ക്ക് നേരെമാത്രമല്ല, അവളുടെ പ്രതിനിധികളായ ഓരോ നേഴ്‌സുമാരുടെ നേരെയായിരുന്നു ഞാന്‍ കൈകള്‍ കൂപ്പിയത്. അപരിചിതമായ ദേശത്ത്, അപരിചിതമായ ആശുപത്രിയില്‍ ഒറ്റപ്പെട്ടുപോയ എന്നെ മണിക്കൂറുകളോളം പരിഗണിച്ചതിന്, ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാതിരുന്നിട്ടും അകമഴിഞ്ഞ് സ്‌നേഹിച്ചതിന്, വിശന്നുപൊരിഞ്ഞ എന്റെ വയറിനും മനസ്സിനും ആശ്വാസം നല്കിയതിന് സൗദാ, തട്ടമിട്ട എന്റെ സോദരീ, നിനക്കും ഒപ്പമുണ്ടായിരുന്ന പേരറിയാത്ത മറ്റ് സഹോദരിമാര്‍ക്കും നന്ദി..

ആ നിമിഷങ്ങളില്‍ മാത്രമല്ല വര്‍ഷമിത്ര കഴിഞ്ഞിട്ടും നിങ്ങള്‍ എന്നോട് കാണിച്ച പരിഗണനയോര്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറയുന്നു. ദിനംപ്രതി കണ്ടുമുട്ടുന്ന എത്രയോ രോഗികളെപോലെ ചികിത്സയുടെ ആ നിമിഷങ്ങളില്‍ മാത്രം നിങ്ങള്‍ക്ക് എന്നെ പരിഗണിച്ചാല്‍ മതിയായിരുന്നു.. ഞാന്‍ ഒറ്റയ്ക്കാണെന്നറിഞ്ഞപ്പോള്‍ വേണമെങ്കില്‍ ഒന്ന് ഫോണ്‍ ചെയ്ത് ബന്ധപ്പെട്ടവരെ അറിയിക്കുന്നത് മാത്രമായി ഉത്തരവാദിത്വം നിങ്ങള്‍ക്ക് അവസാനിപ്പിക്കാമായിരുന്നു.

അല്ലെങ്കില്‍ അവര്‍ വരുന്നതുവരെ വരാന്തയിലൊരു ഇരിപ്പിടം തരുന്നതോടെ നിങ്ങളുടെ കടമ തീരുമായിരുന്നു.  എന്നിട്ടും നിങ്ങളെന്നോട് ചെയ്തതെന്താണ്.. അതെനിക്ക് അവകാശപ്പെട്ടത് എന്റെ പുണ്യങ്ങളെപ്രതിയല്ല. നിങ്ങളുടെ മനസ്സിന്റെ നന്മയായിരുന്നു അതിന് പ്രചോദകം. അല്ലെങ്കില്‍ എന്റെ ദൈവം  തനിക്ക് വേണ്ടി നിങ്ങളെ എനിക്കായി വിനിയോഗിച്ചതാവാം..

ആ ചായയുടെ, കേക്കിന്റെ രുചി നാവില്‍ നിന്നല്ല മനസ്സില്‍ നിന്നാണ് മായാത്തത്. സൗദാ, നിനക്ക് നന്ദി..

അനുബന്ധം: വലതുകാലില്‍ പ്ലാസ്റ്ററിട്ട് ഞാന്‍ തിരികെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴേയ്ക്കും അതുവരെയുണ്ടായിരുന്ന ചിത്രം മുഴുവന്‍ മാറി. ഇന്നലെവരെ എന്റെ കാര്യത്തില്‍ ഒരുശ്രദ്ധയും കാണിക്കാതിരുന്നവര്‍ എന്നെ പരിചരിക്കാന്‍ മത്സരമായി. എങ്കിലും വീട്ടിലേക്ക് മടങ്ങാനാണ് ഞാനാഗ്രഹിച്ചത്. അപ്പോള്‍ ആത്മസ്‌നേഹിതന്‍ പറഞ്ഞു. ”നീ പോകണ്ടാ.. നിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. നീ പോയാല്‍ ഇവിടുത്തെ എല്ലാകാര്യവും അവതാളത്തിലാകും. നീ പോയാല്‍ പിന്നെ ഇവിടേയ്ക്ക് വരാനേ തോന്നില്ല.”

അതേറ്റവും ആത്മാര്‍ത്ഥമായിട്ടായിരുന്നു അവന്‍ പറഞ്ഞതും. പക്ഷേ എനിക്ക് പോകാതിരിക്കാനാവില്ലായിരുന്നു.

എന്നെ വീട്ടില്‍ കൊണ്ടുചെന്നാക്കി തിരികെപോരും നേരത്ത് അവന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. മകനെ ബോര്‍ഡിംങ് സ്‌കൂളിലാക്കി വീട്ടിലേക്ക് മടങ്ങുന്ന ഒരമ്മയെപ്പോലെയായിരുന്നു അവന്‍.
പിന്നീട് പ്ലാസ്റ്റര്‍ നീക്കം ചെയ്ത് ആഴ്ചകള്‍ക്ക്‌ശേഷം ഞാന്‍ തിരികെയെത്തിയപ്പോഴേയ്ക്കും, അവന്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചിരുന്നു.
ക്വാര്‍ട്ടേഴ്‌സിലെ പല കാര്യങ്ങളും അവതാളത്തിലായിക്കഴിഞ്ഞിരുന്നു. ഓരോരുത്തരും ഓരോ സമയങ്ങളിലായി കയറിവരികയും പലപ്പോഴായി ഓഫീസിലേക്ക് പൊയ്‌ക്കൊണ്ടുമിരുന്നു. അടുപ്പില്‍ ചിലന്തിവല വിരിക്കുകയും പാത്രങ്ങള്‍ നിറംമങ്ങി പോവുകയും ചെയ്തു. സന്ധ്യാപ്രാര്‍ത്ഥനകള്‍ എന്നേയ്ക്കുമായി നിലച്ചുപോയി. ഞാന്‍ തിരികെയെത്തിയിട്ടും പിന്നെയെനിക്കവയൊന്നും തിരിച്ചുപിടിക്കാനായില്ല.

ഒരപകടവും അതിനെതുടര്‍ന്നുള്ള സംഭവവികാസങ്ങളും എന്നെ പഠിപ്പിച്ചത് ജീവിതത്തിലെ ചില നല്ല പാഠങ്ങളാണ്. ആ പാഠങ്ങള്‍ തന്ന എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login