വേണം, നമ്മുടെ നേഴ്സുമാര്‍ക്ക് നീതിയുടെ ടേക്ക് ഓഫ്

വേണം, നമ്മുടെ നേഴ്സുമാര്‍ക്ക് നീതിയുടെ ടേക്ക് ഓഫ്

നനം മുതല്‍ മരണം വരെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒരിക്കലെങ്കിലും ആ സ്‌നേഹത്തിന്റെ സൗഖ്യശുശ്രൂഷ അനുഭവിക്കാത്തവരായി നമ്മില്‍ ആരുണ്ട്? രോഗദുരിതങ്ങളുടെ നിമിഷങ്ങളില്‍ ആ കരങ്ങളുടെ സ്പര്‍ശവും സാന്ത്വനവചസും എത്രയധികമായാണ് നമ്മെ ആശ്വസിപ്പിച്ചിട്ടുള്ളത്? അവരെ ഒഴിവാക്കിക്കൊണ്ടോ അവഗണിച്ചുകൊണ്ടോ കടന്നുപോകാന്‍ മാത്രം നാമാരും അത്രമേല്‍ ഒരുതരത്തിലും സമ്പന്നരല്ല. അവരെത്രെ ഭൂമിയിലെ മാലാഖമാര്‍ അഥവാ നേഴ്‌സുമാര്‍.

മാലാഖമാര്‍ സ്വര്‍ഗ്ഗവാസികളാണ് എന്നാണ് വിശ്വാസം. പക്ഷേ ഈ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലാണോ? അവര്‍ മാലാഖമാര്‍ എന്ന വിശേഷണവും പേറി ജീവിക്കുന്നത് നരകത്തിലാണെന്നാണ്  നഴ്‌സുമാരുടെ ഇതുവരെയുള്ള ചരിത്രം മുഴുവന്‍ പറയുന്നത്. പ്രത്യേകിച്ച് കേരളത്തിലെ നേഴ്‌സുമാര്‍.

ചെയ്യുന്ന ജോലിക്ക് അനുസരിച്ച് വേതനം ലഭിക്കാതെ, ചൂഷണം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് നേഴ്‌സിംങ്.

കഴിഞ്ഞദിവസമാണ് നഴ്‌സുമാരുടെ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും അതിനോടുള്ള പ്രതികരണമെന്ന നിലയിലുള്ള ചായ് യുടെ ഒരു വാര്‍ത്ത ഹൃദയവയല്‍ പ്രസിദ്ധീകരിച്ചതും. ആ വാര്‍ത്ത വായിച്ചതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി  ചില മലയാളി നേഴ്‌സുമാര്‍ അവരുടെ രോഷവും സങ്കടവും സത്യാവസ്ഥയും വിശദമാക്കിക്കൊണ്ടുള്ള മെയിലുകള്‍ അയ്ക്കുകയുണ്ടായി. അവ വായിച്ചപ്പോഴാണ് നേഴ്‌സുമാരുടെ നിസ്സഹായതയും അവര്‍ എന്തുകൊണ്ട് ഇങ്ങനെയൊരു സമരമുഖത്തേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു എന്ന് ആഴത്തിലുള്ള ഒരു ചിന്തയുണ്ടായത്.  മെയിലുകള്‍ അയച്ച എല്ലാ സോദരിമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും അവര്‍ രേഖപ്പെടുത്തിയ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുമാണ് ഈ എഡിറ്റോറിയല്‍ എഴുതുന്നത്.

അടുത്തകാലത്ത് നേഴ്‌സുമാരുടെ ജീവിതദുരിതങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ഒരു മലയാള സിനിമ പുറത്തിറങ്ങുകയുണ്ടായല്ലോ, ടേക്ക് ഓഫ്. മരണം വാതില്‍ക്കല്‍ നില്ക്കുന്വോള്‍പോലും അതിലൊരു കഥാപാത്രം പറയുന്നുണ്ട് ചെയ്ത ജോലിയുടെ കൂലി കിട്ടിയിട്ടേ ഇവിടെ നിന്ന് വരുന്നുള്ളൂവെന്ന്.. ജീവനാണോ വലുത് അതോ കൂലിയാണോ വലുത് എന്ന് മറുചോദ്യം ഉയരുമ്പോള്‍ കരഞ്ഞുകൊണ്ട് അതിന് നല്കുന്ന മറുപടി ഇതാണ്. തന്നെക്കാള്‍ വീടിനാവശ്യം തന്റെ പണമാണ്. അതില്‍ കുറവു വരുമ്പോള്‍ അച്ഛന്റെ വായില്‍ നിന്ന് വീഴുന്ന ചീത്തവാക്കുകള്‍..പരിഭവങ്ങള്‍.. ഈ ശമ്പളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബം..

ആ കഥാപാത്രത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്ന ചിത്രം കേരളത്തിലെ ഒരു ശരാശരി  കുടുംബത്തിന്റേതാണ്. നേഴ്‌സിംങ്  മേഖലയിലേക്ക് ഇറങ്ങിത്തിരിക്കുന്നവരില്‍ ഭൂരിപക്ഷവും ഇടത്തരക്കാരോ അതിനും താഴെ സാന്പത്തിക നിലവാരമുള്ളവരോ ആണ്. കുടുംബം നോക്കിനടത്താനും പെട്ടെന്ന് ലഭിക്കാനും സാധ്യതയുള്ള ഒരു ജോലി എന്ന നിലയിലാണ് ഇത്തരം കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍  ഈ ഫീല്‍ഡിലേക്ക് വരുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നേഴ്‌സിംങ് പ്രഫഷനായി തിരഞ്ഞെടുത്തിരിക്കുന്ന എത്രയോ പെണ്‍കുട്ടികളെ വ്യക്തിപരമായിട്ടറിയാം.

പലരും വിദ്യാഭ്യാസ ലോണെടുത്താണ് പഠിക്കുന്നത്.  ഏറെ പ്രതീക്ഷകളും അവര്‍ക്കുണ്ട്. എന്നാല്‍ പഠിച്ചിറങ്ങി ജോലിക്ക് കയറുമ്പോഴാണ് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി പലതും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.  ഹോസ്റ്റല്‍ഫീയും മെസ് ഫീയും കഴിഞ്ഞ് ലോണിന്‍റെ പലിശ പോലും അടയ്ക്കാന്‍  കാശ് കൈയിലില്ലാതെ വരുന്ന ഭീകരമായ അവസ്ഥ. പിന്നെയെങ്ങനെ   അവര്‍ക്ക് കുടുംബത്തെ പോറ്റാനാവും? മകളെ നേഴ്‌സാക്കി അവളുടെ വരുമാനം കൊണ്ട് ജീവിതം പച്ചപിടിപ്പിക്കാമെന്ന് കരുതുന്ന മാതാപിതാക്കളും കണ്ണീരിലാഴുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പല നേഴ്‌സുമാരും ജനിച്ചനാടും വീടും വിട്ട് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത്.

ലോകത്തിലേക്കും വച്ചേറ്റവും നല്ല നേഴ്‌സുമാര്‍ നമ്മുടെ മലയാളി നേഴ്‌സുമാരാണ്. പക്ഷേ അവരുടെ സേവനം ലഭിക്കാന്‍ നമുക്ക് ഭാഗ്യം കിട്ടാതെ പോകുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. അതുകൊണ്ട് സമര്‍ത്ഥരും സേവനസന്നദ്ധരുമായ മലയാളി നേഴ്‌സുമാരുടെ  ശുശ്രൂഷ ലഭിക്കാന്‍ അവസരം ലഭിക്കുന്നത് അറബികള്‍ക്കും സായ്പ്പുമാര്‍ക്കും മറ്റുമാണ്.

ഭൂരിപക്ഷത്തിനും ന്യായമായ വേതനമില്ല എന്നതിന് പുറമെ പലര്‍ക്കും അര്‍ഹിക്കുന്ന വിശ്രമവും ലഭിക്കുന്നില്ല. അവധി ലഭിക്കുന്നില്ല. അടിയന്തിര സാഹചര്യങ്ങളില്‍ എന്നതുപോട്ടെ പലപ്പോഴും ഓവര്‍ഡ്യൂട്ടി.. വേതനം ലാഭിക്കാനായി മതിയായ ജോലിക്കാരെ നിയമിക്കാതെ ഉള്ളവരെക്കൊണ്ട് മാടിനെ പോലെ പണിയെടുപ്പിച്ച് ഇപ്രകാരം കീശവീര്‍പ്പിക്കുന്നത് നമ്മുടെ കത്തോലിക്കാ ആശുപത്രികളാണ് എന്നതാണ് ഏറ്റവും നഗ്നമായ യാഥാര്‍ത്ഥ്യവും സങ്കടകരമായ വസ്തുതതയും.  വലിയ ആദര്‍ശങ്ങളുടെ പരിവേഷമുള്ളവയാണ് കേരളത്തിലെ എല്ലാ മിഷന്‍ ഹോസ്പിറ്റലുകളും. എന്നാല്‍ അവയില്‍ എത്രയെണ്ണമുണ്ട് നേഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വേതനം കൊടുക്കുന്നതായിട്ട്? നമ്മള്‍ കൊടുക്കാതെയിരിക്കുന്നത് കണ്ടുപഠിക്കുന്നതുകൊണ്ടാണ് മറ്റ് മതസമൂഹങ്ങള്‍ നടത്തിപോരുന്ന ആശുപത്രികളിലും നേഴ്‌സുമാര്‍ക്ക് തുച്ഛവേതനം കൊടുക്കുന്ന പതിവ് ആരംഭിച്ചത്. നമ്മളാണ് ഇവിടെ ആതുരാലയങ്ങള്‍ ആരംഭിച്ചത്..  നമ്മളാണ് മെച്ചപ്പെട്ട ആരോഗ്യമേഖല സംഭാവന ചെയ്തത്. ശുശ്രൂഷ എന്ന പേരിലാണ് നാം തുടങ്ങിയത്.പക്ഷേ എപ്പോള്‍ സേവനം അവസാനിപ്പിച്ചുവോ അവിടെ നമ്മുടെ ആതുരാലയങ്ങള്‍ ബിസിനസ് മേഖലയായി അധപ്പതിച്ചു.

. കഴിഞ്ഞ തലമുറ വരെയെങ്കിലും നമ്മുടെ ആശുപത്രികളില്‍ കുറെക്കൂടി മാനുഷികത നിലവിലുണ്ടായിരുന്നു. രോഗികളോടും ജോലിക്കാരോടും വരെ.പക്ഷേ ഇപ്പോഴത് അപ്രത്യക്ഷമായിരിക്കുന്നു.
രോഗികളുടെ കഴുത്തില്‍ കത്തിവച്ചും അവരില്‍ നിന്ന് പണം ഊറ്റിയെടുക്കുന്ന വലിയ കൊള്ളസംഘത്തിന്റെ രൂപവും ഭാവവുമാണ് നമ്മുടെ  മിക്ക ആശുപത്രികള്‍ക്കും. ശവം വച്ചും വില പേശുന്ന ചില ആശുപത്രികളെക്കുറിച്ച് അടുത്തയിടെ നാം വായിച്ചു. ചികിത്സിക്കാന്‍പണമില്ലാതെ രോഗി മരിച്ചപ്പോള്‍ പണം അടച്ചാല്‍ മാത്രമേ ബോഡി മടക്കിക്കൊടുക്കൂ എന്നതായിരുന്നു ആശുപത്രിക്കാരുടെ പിടിവാശി.ഇങ്ങനെയെത്രയോ സംഭവങ്ങള്‍. പുതിയ പുതിയ രോഗങ്ങളും പനികളും. ചെറിയൊരു പനിയുമായി ചെല്ലുന്നവര്‍ക്കും ഒറ്റദിവസത്തേക്ക് ആയിരം രൂപയുടെ ബില്ലാണ് നേരിടേണ്ടിവരുന്നത്.

ഒരു ആശുപത്രിയും പാവപ്പെട്ടവന് പൂര്‍ണ്ണമായ സൗജന്യചികിത്സ കൊടുക്കുന്നതായി കേട്ടറിവുപോലുമില്ല.. ഒരു ആശുപത്രിയില്‍ നിന്നുപോലും ഇടത്തരക്കാരന് അര്‍ഹിക്കുന്ന ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതായി അറിവുമില്ല. ഒരു ആശുപത്രിയും രോഗികളില്ലാത്തതിന്റെ പേരില്‍ പൂട്ടിപോയതായും കേട്ടിട്ടില്ല.  ഏറ്റവും കൂടുതല്‍ ധനസമാഹരണത്തിനുള്ള മേഖലയായി കഴിഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍.

.എന്നിട്ടും എന്തുകൊണ്ടാണ് ആശുപത്രികളുടെ നിലനില്പിന്‍റെ പ്രധാന ഘടകമായ ഈ നേഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന കൂലി കൊടുക്കാന്‍ നമ്മുടെ മാനേജ്‌മെന്റെന് കഴിയാതെ പോകുന്നത്? കൂലിക്കാരന് കൂലി വച്ചുതാമസിപ്പിക്കുന്നതുപോലും പാപമാണെന്ന് താക്കീത് നല്കുന്ന വിശുദ്ധ ഗ്രന്ഥം  വേല ചെയ്തിട്ടും പിടിച്ചുവച്ചിരിക്കുന്ന കൂലിയുടെ നിലവിളിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. റോരും നോവാരും പോലെയുള്ള ചാക്രികലേഖനങ്ങളും തൊഴിലാളിക്ക് നല്‌കേണ്ട കടമകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിശ്രമം, കുടുംബാംഗങ്ങളൊപ്പം സന്തോഷിക്കാനുള്ള അവസരം, ഇതെല്ലാം ഒരു ജോലിയുടെയും ശുശ്രൂഷയുടെയും പേരില്‍ ഒരു വ്യക്തിക്കും നിഷേധിക്കാന്‍പാടില്ല.

ദൈവം പോലും സൃഷ്ടികര്‍മ്മത്തിന് ശേഷം വിശ്രമിച്ചതായി ബൈബിള്‍പറയുന്നു. പക്ഷേ നേഴ്‌സുമാര്‍ ഉള്‍്‌പ്പെടെയുള്ള നമ്മുടെ സഭയുടെ തൊഴിലിടങ്ങളില്‍ അല്ലെങ്കില്‍സഭയോട് ചേര്‍ന്നുനില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന എത്ര സ്ഥാപനങ്ങളില്‍  ഇത്രയ്‌ക്കൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്?.  രാവെന്നോ പകലെന്നോ ഭേദമില്ലാതെയോ ആഴ്ചയിലൊരിക്കല്‍ പോലും അവധി നല്കാതെയും നിങ്ങള്‍ നിങ്ങളുടെ കീഴിലുള്ളവന്റെ മേല്‍ വച്ചുകെട്ടുന്ന അധികഭാരങ്ങള്‍ അന്തിമവിധിയുടെ മുമ്പില്‍ നിങ്ങള്‍ക്കെതിരെയുള്ള വലിയ തെളിവായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ആശുപത്രികളില്‍ മാത്രമല്ല സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. വിദ്യാഭ്യാസ്ഥാപനങ്ങള്‍..മാധ്യമശുശ്രൂഷകള്‍..പലയിടത്തും അര്‍ഹിക്കുന്ന വേതനം ലഭിക്കാറില്ല.

നിങ്ങള്‍ മുതലാളിയും മറ്റെയാള്‍ തൊഴിലാളിയുമായത് നിങ്ങളുടെ മേന്മയോ മറ്റെയാളുടെ കുറവോ അല്ല.. എല്ലാവരെയും വിളിച്ച് ഓരോ നിയോഗങ്ങള്‍ ഏല്പിക്കുന്ന ദൈവമാണ് നിങ്ങളെ മുതലാളിയും മറ്റെയാളെ തൊഴിലാളിയുമാക്കിയത്. നിങ്ങള്‍ വഴി നല്കാന്‍ വേണ്ടിയാണ് ദൈവം നിങ്ങളുടെ പോക്കറ്റിലേക്ക് നിറച്ച് അളന്നിട്ട് നല്കിയത്. അത് പിടിച്ചുവയ്ക്കരുത്.  നിങ്ങള്‍ ചെയ്യുന്നതെന്ന് പറയുന്ന മഹത്തായ ശുശ്രൂഷ അതിന് മേനി നടിക്കാന്‍ എന്തുപേരു പറഞ്ഞാലും അത് ചെയ്യുന്ന ആള്‍ക്ക് കൃത്യമായ വേതനവും അര്‍ഹതവും അംഗീകാരവും കൊടുക്കാതെയാണ് ചെയ്യിപ്പിക്കുന്നതെങ്കില്‍ സര്‍വ്വശക്തനായ ദൈവം തന്റെ നീതിയുടെ അളവുകോല്‍ വച്ച് അളന്നുനോക്കുമ്പോള്‍ ഒരിക്കലും  നിങ്ങള്‍ നീതികരിക്കപ്പെടുകയില്ല.

ഒരു നേഴ്‌സിന് ചെയ്യാന്‍ കഴിയുന്നത് നേഴ്‌സിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ്. അത് നാം സമ്മതിച്ചേ മതിയാകൂ. ഡോക്ടറുടെ ഗ്ലാമര്‍ പരിവേഷം ഇല്ലെങ്കിലും ഡോക്ടറെക്കാള്‍ കൂടുതല്‍ രോഗിക്ക് വേണ്ടി കഷ്ടപ്പെടുന്നതും അവരുടെ അടുക്കല്‍ സമയം ചെലവഴിക്കുന്നതും  ഈ പാവം പിടിച്ച നേഴ്‌സുമാരല്ലേ..എന്നിട്ടും അവരുടെ കണ്ണീരു കാണാന്‍ ഇവിടെയൊരു രാഷ്ട്രീയപാര്‍ട്ടിയുമില്ല. കത്തോലിക്കാസഭ ഏറ്റവും വലിയ വോട്ടുബാങ്കാണെന്ന തിരിച്ചറിവ് ഇവിടെത്തെ ഓരോ രാഷ്ട്രീയപാര്‍ട്ടിക്കുമുണ്ട്. അതുകൊണ്ട് കത്തോലിക്കാസഭ നടത്തുന്ന ആശുപത്രികളിലെ ഈ നീതിനിഷേധത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സന്നദ്ധമാകില്ല.

2013 ല്‍ ആണെന്ന് തോന്നുന്നു തങ്ങള്‍ നേരിടുന്ന ചൂഷണത്തിനെതിരെ നേഴ്‌സുമാര്‍ പരസ്യമായി രംഗത്തിറങ്ങിയത്. നടപ്പിലാക്കേണ്ട വേതനപരിഷ്‌ക്കരണത്തെക്കുറിച്ച് സുപ്രീം കോടതി ഓര്‍ഡര്‍ ഇറക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോഴുംഅത് പ്രാവര്‍ത്തികമാക്കിയിട്ടില്ല.

പതിനായിരം രൂപ പോലും തികച്ച് കയ്യില്‍ കിട്ടാതെ ജോലി ചെയ്യുന്ന അനേകം നേഴ്‌സുമാരുടെ നീതിക്കുവേണ്ടിയുള്ളതാണ് ഈ സമരം. രോഗികളെ മറന്നുകൊണ്ടല്ല അവര്‍ സമരം ചെയ്യുന്നത്.. രോഗികളോടല്ല അവരുടെ എതിര്‍പ്പ്.. അവര്‍ നിഷേധിക്കുന്നതും കലാപം ഉയര്‍ത്തുന്നതും ഒരു വ്യവസഥിതിയോടാണ്. ദൈവത്തിന്റെ പേരില്‍ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ആശുപത്രികളിലെ നീതിരഹിത നിയമവ്യവസ്ഥയോടാണ്.

അതുകൊണ്ട് ഈ ധര്‍മ്മസമരത്തിന്   ഹൃദയവയലിന്റെ എല്ലാ ഭാവുകങ്ങളും .കാരണം ഇത് നീതിക്കുവേണ്ടിയുള്ള സമരമാണ്. നിലനില്പിന് വേണ്ടിയുള്ള സമരമാണ്. ക്രിസ്തു വീണ്ടും കടന്നുവരികയാണെങ്കില്‍ അന്ന് ജെറുസേലം ദേവാലയത്തില്‍ വീശിയ ചാട്ടവാര്‍ നമ്മുടെ  കത്തോലിക്കാആതുരാലയങ്ങളുടെ നേര്‍ക്കും വീശുമെന്നും ഉറപ്പായും ഞാന്‍ കരുതുന്നു.. കാരണം അനീതിക്കെതിരെയായിരുന്നു ക്രിസ്തുവിന്റെ ആ ചാട്ടവാര്‍ വീശല്‍.
നമുക്കൊരു തിരുത്തല്‍ ആവശ്യമാണ്. ആത്മശോധന അത്യാവശ്യമാണ്. നമുക്കാരെയും പിടിച്ചുപറിക്കണ്ടാ. ഉടമയറിയാതെ കവര്‍ന്നെടുക്കുന്നത് മാത്രമല്ല അര്‍ഹിക്കുന്നത് കൊടുക്കാത്തതും മോഷണമാണ്.  വേലയ്ക്ക് അനുസരിച്ച് തൊഴിലാളിക്ക് കൂലി കൊടുക്കാതെ വരുന്പോള്‍ നാം ജോലിക്കാരന്‍റെ കൂലി മോഷ്ടിക്കുകയാണ് ചെയ്യുന്നത്. അയ്യേ കഷ്ടം! ഈ കട്ടമുതല് കൊണ്ട് നിങ്ങള്‍ക്കെന്തു ചെയ്യാനാണ്? കളപ്പുരകള്‍ നിറയ്ക്കാനോ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുവാനോ?  നിങ്ങളെത്ര നാള്‍ അതുകൊണ്ട് ജീവിക്കും.ഏറിയാല്‍ നൂറ് വര്‍ഷം? അതുകഴിഞ്ഞോ.പോകേണ്ടിവരില്ലേ ഒരുനാള്‍ ഇവിടെ നിന്ന്..?

നമ്മുടെ തൊഴിലിടങ്ങളില്‍ ഒരുകാരണവശാലും ഒരു തൊഴിലാളിയുടെയും കണ്ണീര് വീഴിക്കരുത്.  അതിന്‍റെ കാരണം എന്തുമായിക്കൊള്ളട്ടെ നിങ്ങളെ ആശ്രയിച്ചാണ് അവര്‍ ജീവിക്കുന്നത്..നിങ്ങളെ ആശ്രയിച്ചാണ് അവരുടെ വീടുകളിലെ അടുപ്പ് കത്തുന്നത്. അത് കെടുത്തുനപോള്‍ ഒരു കുടുംബത്തിന്‍റെ കണ്ണീര് ശാപമായി നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും.

നേഴ്‌സുമാരേ നിങ്ങളെ  അഭിവാദ്യം ചെയ്തുകൊണ്ട്, നിങ്ങളുടെ ത്യാഗപൂര്‍ണ്ണമായ ശുശ്രൂഷകള്‍ക്ക് മുമ്പില്‍ തല കുനിച്ചുകൊണ്ട്, ഇന്നേവരെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ച എല്ലാ സേവനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഈ ധര്‍മ്മ സമരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ

സ്‌നേഹാദരവുകളോടെ

ശാന്തിമോന്‍ ജേക്കബ്
ചീഫ് എഡിറ്റര്‍

You must be logged in to post a comment Login