ക്രിസ്തുവിന് വേണ്ടി മരിക്കാനും തയ്യാര്‍;കഴിഞ്ഞ ആഴ്ചയില്‍ മാമ്മോദീസാ സ്വീകരിച്ച കാണ്ടമാലിലെ ഒരു കുടുംബം പറയുന്നു

ക്രിസ്തുവിന് വേണ്ടി മരിക്കാനും തയ്യാര്‍;കഴിഞ്ഞ ആഴ്ചയില്‍ മാമ്മോദീസാ സ്വീകരിച്ച കാണ്ടമാലിലെ ഒരു കുടുംബം പറയുന്നു

റെയ്ക്കിയ: പ്രബിന്‍ ഡിഗല്‍ തന്റെ ജീവിതത്തില്‍ ഇതേവരെ എടുത്തിട്ടുള്ളതില്‍ വച്ചേറ്റവും ദുഷ്‌ക്കരമായ തീരുമാനമായിരുന്നു അത്. കത്തോലിക്കാവിശ്വാസം സ്വീകരിക്കുക. അതും അമ്മയോടും ഇളയസഹോദരനുമൊപ്പം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വര്‍ത്തമാനകാലത്തില്‍ ഏറെ പ്രതിബന്ധങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ തീരുമാനം പ്രബിന്‍ കൈക്കൊണ്ടത്.

ക്രൈസ്തവകലാപങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ ഒഡീസയിലെ കാണ്ടമാല്‍ സ്വദേശികളാണ് ഇവര്‍. ഔര്‍ ലേഡി ഓഫ് ചാരിറ്റി പാരീഷ് ദേവാലയത്തിലായിരുന്നു മാമ്മോദീസാ നടന്നത്.

ക്രിസ്തുവിനും അവിടുന്നിലുള്ള വിശ്വാസത്തിനും വേണ്ടി മരിക്കാനും വരെ ഞങ്ങള്‍ സന്നദ്ധരാണ്. ഇരുപത്തിരണ്ടുകാരനായ പ്രബിന്റെ വാക്കുകള്‍ അടിയുറച്ചതായിരുന്നു. ക്രിസ്തുവിനെ സ്വീകരിക്കാന്‍ സാധിച്ചപ്പോള്‍ ആന്തരികമായ സമാധാനം അനുഭവിക്കാന്‍ സാധിച്ചതയാണ് അമ്മ ചന്ദ്രിക പറയുന്നത്.

പെട്ടെന്ന് എടുത്ത തീരുമാനമൊന്നും ആയിരുന്നില്ല ഇവരുടേത്. കഴിഞ്ഞ ആറു വര്‍ഷമായി കത്തോലിക്കാ വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരാണിവര്‍. കത്തോലിക്കാപ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ സ്ഥിരമായ സംബന്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ കൊണ്ട് ക്രിസ്തുവുമായി സ്ഥാപിച്ചെടുത്ത ആത്മബന്ധത്തിന്റെ പരിസമാപ്തിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന മാമ്മോദീസ.

ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു അക്രൈസ്തവന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും തങ്ങള്‍ ബോധവാന്മാരാണെന്നും ചന്ദ്രിക പറയുന്നു.

വിശ്വാസത്തിന് വേണ്ടി മരിക്കേണ്ടിവന്നാല്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണും. നാല്പതുകാരിയായ ചന്ദ്രിക പറയുന്നു.

സെമിനാരിയില്‍ ചേര്‍ന്ന് ഒരു മിഷനറി വൈദികനായിത്തീരണമെന്നതാണ് പതിനാറുകാരനായ റോഹിമിന്റെ ആഗ്രഹം. അതിന്റെ ആദ്യപടിയായി മെയ് ഏഴു മുതല്‍ 9 വരെ കട്ടക് ഭുവനേശ്വര്‍ അതിരൂപതയില്‍ നടക്കുന്ന ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആധുനിക ഇന്ത്യ കണ്ടതില്‍വച്ചേറ്റവും ക്രൂരമായ ക്രൈസ്തവപീഡനമായിരുന്നു ഒമ്പതു വര്‍ഷം മുമ്പ് കാണ്ടമാലില്‍ നടന്നത്.

ക്രൈസ്തവരെ ഇല്ലാതാക്കാന്‍ നടത്തിയ കലാപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്നിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ അമ്മയുടെയും മക്കളുടെയും കത്തോലിക്കാജീവിതത്തിലേക്കുള്ള കടന്നുവരവ്.

You must be logged in to post a comment Login