മനുഷ്യജീവന് വില കൊടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം: കെസിബിസി പ്രൊ-ലൈഫ് സമിതി

മനുഷ്യജീവന് വില കൊടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം: കെസിബിസി പ്രൊ-ലൈഫ് സമിതി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അനേകര്‍ മരിച്ചുവീഴുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടും രക്ഷാപ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു പകരം മത്സ്യത്തൊഴിലാളികളുടെ ജീവന് വില നല്കാത്ത പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നു കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം രൂപതയില്‍ മാത്രം 201 പേരെ കാണാനില്ല എന്ന് യഥാര്‍ത്ഥ കണക്കുകള്‍ പറയുമ്പോള്‍ റവന്യു വകുപ്പിന്റെ കണക്കില്‍ ഇത് 92 ആണ്. ഇത്തരം രീതി തന്നെ മനുഷ്യജീവന് വിലകല്പിക്കാത്ത നിഷ്‌ക്രിയതയുടെ തെളിവാണ്. ഓഖി ചുഴലിക്കാറ്റിന്റെ ഭവിഷ്യത്തുക്കളെപ്പറ്റി മുന്നറിയിപ്പു നല്കിയതില്‍ വീഴ്ച വന്നു എന്നുള്ളത് തള്ളി ക്കളയാന്‍ പറ്റില്ല. ഇനി അത്തരം അവസ്ഥകളുണ്ടാകാതിരിക്കാനും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

വിദേശകപ്പലില്‍ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചുവെന്ന തെറ്റായ വാര്‍ത്ത നല്കി തിരച്ചില്‍ തടസ്സപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം. അതുമൂലം ഒരു ദിവസത്തോളമാണ് തിരിച്ചിലില്‍ വീഴ്ച വന്നത്. ഇതുമൂലം അനേകരുടെ ജീവനായിരിക്കും നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോഴും കടലില്‍ ആഹാരം കിട്ടാതെ അനേകര്‍ പട്ടിണി മരണത്തെ നേരിടുന്നുണ്ടാവാം ഇതെല്ലാം ദുരന്തനിവാരണസംവിധാനത്തിന്റെ വീഴ്ചകളാണ്. ഒരു ജില്ലയില്‍പോലും ഗുണപ്രദമായി പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സംവിധാനമില്ല എന്നുള്ളത് സര്‍ക്കാരിന്റെ വീഴ്ച തന്നെയാണ്.

അതോടൊപ്പം കേന്ദ്രസര്‍ക്കാരും ഉണര്‍ന്നേ മതിയാകൂ. തീരദേശദുരന്തത്തെ ദേശിയദുരന്തമായി പ്രഖ്യാപിക്കാനും രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ടിടപെടാനും പ്രധാനമന്ത്രി തയ്യാറാകണം. രാഷ്ട്രീയലക്ഷ്യങ്ങള്‍ മാറ്റിവച്ചു ഒരുമിച്ചുനില്‌ക്കേണ്ട സമയമാണിത് മനുഷ്യജീവന് മൂല്യം നല്കിയുള്ള പ്രവര്‍ത്തനം ഇനിയെങ്കിലുമുണ്ടാകുവാനും കാണാതായവരുടെ കുടുംബത്തിന്റെ കണ്ണീരിനു പരിഹാരം കാണുവാനും അധികൃതര്‍ തയ്യാറാകണമെന്നു എറണാകുളം പിഒസിയില്‍കൂടിയ കെസിബിസി പ്രൊ-ലൈഫ് എക്‌സിക്യുട്ടിവ് യോഗം ആവശ്യപ്പെട്ടു.

ഡയറക്ടര്‍ ഫാ. പോള്‍ മാടശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാനഭാരവാഹികളായ പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ജോസി സേവ്യര്‍, സെലസ്റ്റിന്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ്‌ക, ട്രഷറര്‍ ജെയിംസ് ആഴ്ചങ്ങാടന്‍. ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

You must be logged in to post a comment Login