യോഥാമിനെ പോലെ പ്രബലനാകാന്‍ നാം എന്തു ചെയ്യണം?

യോഥാമിനെ പോലെ പ്രബലനാകാന്‍ നാം എന്തു ചെയ്യണം?
സാവൂള്‍, ദാവീദ്, സോളമന്‍ തുടങ്ങി പ്രശസ്തരായ ധാരാളം രാജാക്കന്‍മാര്‍ ഇസ്രായേലില്‍ ഭരണം നടത്തിയിട്ടുണ്ട്. ഇസ്രായേലില്‍ ഭരണം നടത്തിയ രാജാക്കന്‍മാരില്‍ അനേകം പേരുടെ ചരിത്രം ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 9 വാക്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ചരിത്രമുളള രാജാവാണ് യോഥാം.
പക്ഷെ, ബൈബിള്‍ പഠിപ്പിക്കുന്നു അദ്ദേഹം പ്രബലനായ  രാജാവാണ്എന്ന്. 25-ാം വയസ്സില്‍ അധികാരം ഏറ്റെടുത്ത അദ്ദേഹം 16 വര്‍ഷം മാത്രമാണ് ഇസ്രായേലില്‍ ഭരണം നടത്തിയത്. ചുരുങ്ങിയ കാലം മാത്രം ഭരണം നിര്‍വഹിച്ച അദ്ദേഹത്തെ പ്രബലനാക്കിയത് യോഥാം നടത്തിയ യുദ്ധങ്ങളോ, പ്രജാക്ഷേമപരമായ വലിയ കാര്യങ്ങളോ അല്ല, മറിച്ച്,അദ്ദേഹത്തിനു ദൈവത്തോടുണ്ടായിരുന്ന ബന്ധമാണ്.
തിരുവചനം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു,
കര്‍ത്താവിന്‍െറ ഇഷ്‌ടമനുസരിച്ച്‌ തന്‍െറ ജീവിതം ക്രമപ്പെടുത്തിയതിനാല്‍, യോഥാം പ്രബലനായി.
(2 ദിനവൃത്താന്തം 27 : 6)
യോഥാം പ്രബലനാകാന്‍ കാരണം   ദൈവത്തിനിഷ്ടമായ തരത്തില്‍ അവന്‍ ജീവിതത്തെ ക്രമപ്പെടുത്തിയതായിരുന്നു.
നമ്മുടെ ജീവിതത്തിലും നാം പ്രബലരായിത്തീരാന്‍, അഥവാ വിജയികളായിത്തീരാന്‍ ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ച് നമ്മുടെ ജീവിതത്തെ നാം ക്രമപ്പെടുത്തണം.
എന്താണ് ദൈവഹിതം..?
1) എല്ലാവരും രക്ഷിക്കപ്പെടണമെന്നും നിത്യജീവന്‍ സ്വന്തമാക്കണമെന്നും അവിടുന്ന്  ആഗ്രഹിക്കുന്നു.
യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍െറ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട്‌ ആവശ്യപ്പെടുന്നത്‌ ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.
 (യോഹന്നാന്‍ 4 : 10)
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌.
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍െറ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
(യോഹന്നാന്‍ 6 : 26-27)
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക.
(യോഹന്നാന്‍ 6 : 28-29)
ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ ഇറങ്ങിവന്നിരിക്കുന്നത്‌ എന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്‍െറ ഇഷ്‌ടം നിറവേറ്റാനാണ്‌.
അവിടുന്ന്‌ എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്‌ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ്‌ എന്നെ അയച്ചവന്‍െറ ഇഷ്‌ടം.
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ്‌ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
(യോഹന്നാന്‍ 6 : 38-40)
വിശ്വസ്‌തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്‍െറ മിത്ര മാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍െറ ശത്രുവാക്കുന്നു.
നമ്മില്‍ നിക്‌ഷേപിച്ചിരിക്കുന്ന ആത്‌മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
 (യാക്കോബ്‌ 4 : 4-5)
യുവാവേ,യുവത്വത്തില്‍ നീ സന്തോഷിക്കുക,യൗവനത്തിന്‍െറ നാളുകളില്‍ നിന്‍െറ ഹൃദയം നിന്നെ ആനന്‌ദിപ്പിക്കട്ടെ; ഹൃദയത്തിന്‍െറ പ്രരണകളെയും കണ്ണിന്‍െറ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും.
(സഭാപ്രസംഗകന്‍ 11 : 9)
2) നാം പരിശുദ്ധാത്മാവിനുവേണ്ടി ദാഹിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു .
തിരുനാളിന്‍െറ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍െറ അടുക്കല്‍ വന്നു കുടിക്കട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്‌, വിശുദ്ധലിഖിതം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.
അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്‌മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
(യോഹന്നാന്‍ 7 : 37-39)
എന്‍െറ സഹോദരരേ, പ്രവ ചനവരത്തിനായി തീവ്രമായി അഭിലഷിക്കുവിന്‍. ഭാഷാവരത്തോടെ സംസാരിക്കുന്നവരെ നിരോധിക്കേണ്ടാ. എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍.
 (1 കോറിന്തോസ്‌ 14 : 39)
ഉത്‌കൃഷ്‌ടദാനങ്ങള്‍ക്കുവേണ്ടി തീക്‌ഷ്‌ണമായി അഭിലഷിക്കുവിന്‍. ഉത്തമ മായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം.
 (1 കോറിന്തോസ്‌ 12 : 31)
തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കം കൂട്ടുന്നു.
പ്രഭാതത്തിലുണര്‍ന്ന്‌ അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍പുണ്ട്‌.
(ജ്‌ഞാനം 6 : 13-14)
3.തിരുവചനം അനുസരിച്ച് നാം നമ്മുടെ  ജീവിതത്തെ ക്രമപ്പെടുത്തണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
  യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.
എന്നെ സ്‌നേഹിക്കാത്തവനോ എന്‍െറ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയ ച്ചപിതാവിന്‍േറതാണ്‌.
(യോഹന്നാന്‍ 14 : 23-24)
ഞാനിന്നു കല്‍പിക്കുന്ന ഈ വച നങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.
ജാഗരൂകതയോടെ അവനിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴുംയാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം.
അവ കൈയില്‍ ഒരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം.
അവനിങ്ങളുടെ വീടിന്‍െറ കട്ടിളക്കാലിന്‍മേലും പടിവാതിലിന്‍മേലും എഴുതണം.
(നിയമാവര്‍ത്തനം 6 : 6-9)
 4 നമ്മള്‍ വിശുദ്ധജീവിതം നയിക്കുന്ന ദൈവമക്കള്‍ ആയിമാറണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌;ദൈവം അഭിലഷിക്കുന്നത്‌-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്‌ധിയിലും മാന്യതയിലും കാത്തുസൂക്‌ഷിക്കേണ്ടതെങ്ങനെയെന്ന്‌ അറിയണം;
ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്‌;
ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്‌ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്‌. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ്‌ കര്‍ത്താവ്‌.
അശുദ്‌ധിയിലേക്കല്ല, വിശുദ്‌ധിയിലേക്കാണ്‌ ദൈവം നമ്മെവിളിച്ചിരിക്കുന്നത്‌.
അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍മനുഷ്യനെയല്ല, പരിശുദ്‌ധാത്‌മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ്‌ അവഗണിക്കുന്നത്‌.
(1 തെസലോനിക്കാ 4 : 3-8)
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍െറ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
(യോഹന്നാന്‍ 1 : 12)
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്‍െറ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്‌ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്‌ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്‌ധനാക്കുന്നു.
 (1 യോഹന്നാന്‍ 3 : 1-3)
അങ്ങനെ, നിങ്ങള്‍ നിര്‍ദോഷരും നിഷ്‌കളങ്കരുമായിത്തീര്‍ന്ന്‌, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയില്‍ കുറ്റമറ്റ ദൈവ മക്കളാവട്ടെ; അവരുടെ മധ്യേ ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ.
നിങ്ങള്‍ ജീവന്‍െറ വചനത്തെ മുറുകെപ്പിടിക്കുവിന്‍.
(ഫിലിപ്പി 2 : 15-16)
യോഥാമിനെപ്പോലെ ദൈവഹിതം അന്വേഷിക്കുന്നവരായിനമുക്ക് മാറാം. ദൈവത്താല്‍ നിറഞ്ഞ് ശക്തരും പ്രബലരും ആയിമാറാം. വി.പൗലോസ് പറഞ്ഞതുപോലെ നമുക്കും പറയാന്‍ സാധിക്കണം.
എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4 : 13)
പിശാചു തന്റെ ഇഷ്ടനിര്‍ഹണത്തിനുവേണ്ടി അവരെ അടിമകളാക്കി (2 തിമോത്തേയോസ്‌ 2 : 26) എന്ന് നമ്മെക്കുറിച്ച് പറയാനും കേള്‍ക്കാനും ഇടയാകാതിരിക്കട്ടെ !!!
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ ഇഷ്‌ടം അന്വേഷിക്കും: അവിടുത്തെ സ്‌നേഹിക്കുന്നവര്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്‌ടരാകും.
(പ്രഭാഷകന്‍ 2 : 16)
ബാബുരാജ്.ടി.

You must be logged in to post a comment Login