ആരോ കണ്ടൊരു സ്വപ്നമാണീ സുദിനം

ആരോ കണ്ടൊരു  സ്വപ്നമാണീ സുദിനം

ഓണം കഴിഞ്ഞുപോയ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കലാണെന്ന് ആരാണ് പറഞ്ഞത്? അത് ഇനിയും വന്നുച്ചേര്‍ന്നിട്ടില്ലാത്ത നല്ല കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എല്ലാ മനുഷ്യരും ഒരുപോലെ കഴിഞ്ഞിരുന്ന സമത്വസുന്ദരമായ ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്ന്… അന്ന് സ്‌നേഹവും സാഹോദര്യവും സൗഹൃദവും മാത്രമായിരുന്നു എല്ലാവര്‍ക്കും പരസ്പരം ഉണ്ടായിരുന്നതെന്ന്…

എനിക്കിപ്പോള്‍ അങ്ങനെയൊരു വിചാരമില്ല. കാരണം എല്ലാവരും ഒരേ ജീവിതത്തിനും ഒരേ സന്തോഷത്തിനും ഒന്നുപോലെ അര്‍ഹരാകുന്ന ഒരു സമയം, ഒരു കാലം ഇനിയും വന്നുച്ചേര്‍ന്നിട്ടി ല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഒരു പരിധിവരെ അസംഭവ്യമാണ്, അല്ലെങ്കില്‍ അത് ഇനിയും എത്തിച്ചേരാത്ത ഒരു അതിഥിയാണ്.

ഇന്നലെ വരെ ഇവിടെ വിഭാഗീയതകളുണ്ടായിരുന്നു. ഇന്നും മുറിവില്‍നിന്ന് ചോരയെന്നപോലെ അത് ഒഴുകുന്നുണ്ട്. അപ്പോള്‍ പിന്നെ മാനുഷരെല്ലാവരും ഒന്നുപോലെയായിരുന്നുവെന്ന് അവകാശപ്പെടാന്‍ നമുക്ക് കഴിയുമോ? രണ്ടു മലകള്‍ തമ്മില്‍ ചേര്‍ന്നാലും രണ്ടു വ്യക്തികള്‍ തമ്മില്‍ ചേരില്ലെന്ന് നമ്മള്‍ ചില പ്രയോഗങ്ങള്‍ നടത്താറുണ്ടല്ലോ. ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ഒന്നിച്ചു പെരുമാറുകയും ചെയ്യുന്ന രണ്ടു വ്യക്തികള്‍ക്കിടയില്‍ പോലും ഉടലെടുക്കുന്ന വിയോജിപ്പുകള്‍ പലപ്പോഴും സംഘര്‍ഷങ്ങളിലേക്ക് വഴിതിരിയുമ്പോള്‍ എങ്ങനെയാണ് അയല്‍ക്കാര്‍ തമ്മില്‍, ഗ്രാമങ്ങള്‍ തമ്മില്‍, നഗരങ്ങള്‍ തമ്മില്‍, ഭരണാധികാരിയും ജനങ്ങളും തമ്മില്‍ സ്വരഭംഗിയോടെ, ഒരേ ലയത്തോടെ ഒന്നിച്ചുപോകുന്നത്? അവര്‍ക്ക് എങ്ങനെയാണ് ഒരേ താളത്തിലും രാഗത്തിലും ക്രമബദ്ധതയോടെ ഒരു സമൂഹഗാനത്തിലേര്‍പ്പെടാന്‍ കഴിയുന്നത്?

പക്ഷേ എല്ലാവരും ഒരുപോലെ ആത്മാവില്‍ സന്തോഷിക്കുകയും ഒരേ രീതിയില്‍ ആത്മസന്തോഷങ്ങളും ദുഃഖങ്ങളും പങ്കിടുകയും ഒരാളുടേത് എല്ലാവരുടേതുമാകുകയുമാണെന്ന് വച്ചാല്‍ അതൊരു വിപ്ലവമാണ്. അതൊരു സ്വപ്നമാണ്, പ്രതീക്ഷയാണ്. ആഗ്രഹിക്കുന്നതുപോലെ ഒന്നും നടക്കാതെ വരുമ്പോഴും നാളെ അങ്ങനെയൊക്കെ സംഭവിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതു
പോലെ… എല്ലാവരും സമന്മാരാകുന്ന സമത്വത്തിന്റെ ജീവിതം.

കാലഹരണപ്പെട്ടു തുടങ്ങിയിരിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനദര്‍ശനങ്ങളോട് യോജിച്ചുപോകുന്ന ഒന്നാണത്.
‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതല്ലോ പൈങ്കിളിയേ’ എന്ന് ആരോ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ പാടുന്നത് കേള്‍ക്കുന്നുണ്ടിപ്പോള്‍. പുതിയൊരു ആകാശത്തിന്റെയും പുതിയൊരു ഭൂമിയുടെയും സ്വപ്നം കാണലില്‍ നിന്നുയര്‍ന്നുവന്ന ഒരു കൊയ്ത്തുപാട്ടാണത്. ആ പാട്ടിന്, ആശയത്തിന് ബൈബിളിനോട് കടപ്പാടുണ്ട് താനും.

ക്രിസ്തുവിന്റെ രണ്ടാം വരവില്‍ ലോകം ഒരുങ്ങിയിരിക്കുകയും പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നതുപോലെയാണത്. അന്ന് കരച്ചിലുകളെല്ലാം പുഞ്ചിരികളായി മാറും… വിലാപങ്ങ
ളെല്ലാം സന്തോഷങ്ങളായി മാറും…

ചില പുരാവൃത്തങ്ങള്‍ ചില യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ നമ്മെ തൃപ്തിപ്പെടുത്താറുണ്ട്. ചില കെട്ടുകഥകള്‍ ചില സത്യങ്ങളെ
ക്കാള്‍ മനോഹരവും വിശ്വസനീയവുമാണ് താനും. ചില സ്വപ്നങ്ങള്‍, ചില പ്രതീക്ഷകള്‍ അതൊക്കെയാണ് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതു തന്നെ. ക്രിസ്ത്യാനിക്ക് ഈലോകജീവിതം
ഒരു ഇടത്താവളം മാത്രമാണല്ലോ. അവന്‍ സ്വപ്നം കാണുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത് മരണാനന്തരജീവിതവും അതിന്റെ നന്മകളും സ്വര്‍ഗ്ഗമെന്ന നല്ല ദേശവും ഒക്കെയാണ്.

ഇങ്ങനെയൊരു മാനം ഈ ലോകജീവിതത്തില്‍ ഓണം എന്ന മിത്തും കൈവരി
ച്ചിട്ടുണ്ട്. തിന്മയ്ക്കപ്പുറം നന്മ പുലരുന്ന, എല്ലാ ഹൃദയങ്ങളിലും സന്തോഷം നിറയുന്ന, എല്ലാവരും ഒന്നായി മാറുന്ന അനുഭവത്തിന്റെ ഒരു ലോകമാണത്.
നന്മയെ സ്വപ്നം കാണുന്നതും പ്രതീക്ഷിക്കുന്നതുമായ
സങ്കല്പം, പുരാവൃത്തം മിക്ക സംസ്‌കൃതികളിലും അന്വേഷിച്ചാല്‍ കണ്ടെത്താം. അവയ്‌ക്കൊന്നും ഓണമെന്നായിരിക്കില്ല പേരെന്ന് മാത്രം. അതുകൊണ്ടാണ് ഓണം സാര്‍വ്വദേശീയമായിരിക്കുന്നത്; കാലികവും.

കാരണം എല്ലാ മനുഷ്യരും സ്വപ്നം കാണുന്നവരാണ്. അടിസ്ഥാനപരമായി നന്മ ആഗ്രഹിക്കുന്നവരും നന്മ ഉള്ളിലുള്ളവരുമാണ്. സ്വന്തം നന്മയെ കാംക്ഷിച്ചുകൊണ്ടാണല്ലോ ചില അരുതായ്മകള്‍പോലും അന്യരോട് നമ്മള്‍ ചെയ്യുന്നത്. അത് നമ്മുടെ തന്നെ സ്വരഭംഗത്തിന് ഇടയാകുമെന്നത് വേറെ കാര്യം.

അസുരഗണത്തില്‍ പിറന്നവനാണല്ലോ ഓണപ്പെരുമയ്ക്ക് നിദാനമായ മഹാബലി? കഥകളിയിലെ താമസകഥാപാത്രത്തിന് തുല്യമാണ് അസുരന്മാര്‍. ഇരുണ്ടുപോയവര്‍. പ്രവൃത്തിയിലും മനസ്സിലും. പച്ച വേഷം സാത്വികന്മാര്‍ക്ക്-നന്മയുടെ അവതാരങ്ങള്‍ക്ക്-നല്കുമ്പോള്‍ കത്തി താമസ കഥാപാത്രങ്ങളുടേതാണല്ലോ? ഒരസുരന് ഇത്രമേല്‍ നന്മയോ എന്ന സംശയമുണരുമ്പോള്‍ തന്നെ വംശമഹിമയോ കുലപാരമ്പര്യമോ അല്ല ഒരാളുടെ നന്മയുടെ മാനദണ്ഡമെന്ന് നമുക്ക് തീര്‍ച്ചയാക്കാം. ചേറില്‍ വിരിയുന്ന ചെന്താമരയെന്നപോലെയുള്ള രൂഢിയായ ചില ഉപമകളെ ആശ്രയിക്കുകയേ ഇവയൊക്കെ വിശദീകരിക്കാന്‍ മാര്‍ഗ്ഗമായുള്ളൂ. നന്മ ഒരാളിലെ അടിസ്ഥാനപരമായ ഒരംശമാണ്.

അത് അയാളില്‍നിന്ന് എന്നേക്കുമായി ഒരിക്കലും എടുക്കപ്പെടുകയുമില്ല. ചില സാഹചര്യങ്ങളില്‍ അത് ഭേദപ്പെടുന്നുവെന്നുമാത്രമേയുള്ളൂ.
ദേവഗണത്തിലുള്ള വാമനന്‍ മനുഷ്യന്റെ തന്നെ മറ്റൊരു ഭാവമാണ്. എത്ര നന്മ നിറഞ്ഞവരിലും ചന്ദ്രനില്‍ കളങ്കമെന്നപോലെ ചില ചെളികള്‍ പുരണ്ടുകിടക്കാറുണ്ട്. അതുകൊണ്ടാണ് ചിലരെയൊക്കെ നമ്മള്‍ ചവിട്ടിത്താഴ്ത്തുന്നത്.

ചവിട്ടിത്താഴ്ത്തുക എന്ന് നമ്മുടെ ഭാഷയില്‍ പ്രയോഗം തന്നെയുണ്ട്. ഒരാളെ അപമാനിതനാക്കുകയെന്നോ ഇല്ലായ്മ ചെയ്യുകയെന്നോ ഒക്കെയാണ് അതിനര്‍ത്ഥം. മുറിപ്പെടുത്തിയാല്‍ ഒരു കലയെങ്കിലും പിന്നീട് അവശേഷിച്ചെന്നിരിക്കും. എന്നാല്‍ ചവിട്ടിത്താഴ്ത്തിയാല്‍ ഒരടയാളവും ബാക്കിനില്ക്കില്ല. നമ്മുടെ വീടകങ്ങളില്‍, സമൂഹത്തില്‍, ജോലി ചെയ്യുന്ന ഇടങ്ങളില്‍ എല്ലാം ഇത്തരം ചവിട്ടിത്താഴ്ത്തപ്പെടുന്നവര്‍ ഒരുപാടുണ്ടെന്ന് അറിയണം.

ഒരാളെ നമ്മള്‍ എന്തുകൊണ്ടാണ് ചവിട്ടിത്താഴ്ത്തുന്നത്? അയാള്‍ നമുക്ക് യോജിക്കാത്തതുകൊണ്ടുതന്നെ. വിയോജിപ്പുകള്‍ ആശയതലത്തിലും പ്രായോഗികതലത്തിലുമാവാം, പെരുമാറ്റം കൊണ്ടു മാവാം. ചിലപ്പോള്‍ നമ്മളിലെ തന്നെ വൈകല്യങ്ങള്‍ കൊണ്ടാവാം. നമ്മള് തന്നെയാവാം പ്രതികളും.
തല കീഴായി മറിയുന്ന ഒരു കാലദര്‍ശനം മഹാബലിയില്‍ ഉണ്ടെന്ന് തോന്നുന്നു. അസൂയയും ഭീതിയും സ്വാര്‍ത്ഥതയുമായിരുന്നു അദ്ദേഹത്തെ മരണത്തിന് ഏല്പിച്ചുകൊടുത്തത്. ചില നന്മകളെ വച്ചുപൊറുപ്പിക്കാന്‍ നമ്മുടെ സങ്കുചിത്വങ്ങള്‍ക്ക് കഴിയില്ല തന്നെ. എന്നിട്ടും ചവിട്ടിത്താഴ്ത്തുന്നവരെക്കാള്‍ ചവിട്ടിത്താഴ്ത്തപ്പെടുന്നവര്‍ അനശ്വരരാകുന്നത് എന്തുകൊണ്ട്? ക്രിസ്തുവിനോട് ചേര്‍ന്ന് യൂദാസ് അനുസ്മരിക്കപ്പെടുന്നതുപോലെയേ വാമനന്‍ മഹാബലിക്കൊപ്പം ഓര്‍മിക്കപ്പെടുന്നുള്ളൂ.

വിഷ്ണുവിന്റെ അവതാരമെന്ന് പറയുന്നതുകൊണ്ടായില്ല, സ്വന്തമായി സ്മരിക്കപ്പെടാന്‍ ഇത്തിരി കരുത്തും ഇത്തിരി സ്വപ്രത്യയസ്ഥൈര്യവുമൊക്കെ വേണം. മറ്റുള്ളവരുടെ പാട്ടുകള്‍ പാടിയതുകൊണ്ടായില്ല. സ്വന്തമായി പാടാനും ഈണമിടാനും നിനക്ക് കഴിയണം. അതിന് ചിലരുടെ നോട്ടത്തില്‍ പുതുമയോ മറ്റു ചിലപ്പോള്‍ ആവര്‍ത്തനവിരസതയോ കണ്ടെന്നിരിക്കും. എന്നാലെന്ത്, നീ പാടുന്നതുപോലെ നിനക്കല്ലേ പാടാന്‍ ആവൂ. അതുകൊണ്ട് നീ പാടുക. എങ്കിലേ നീ ഓര്‍മിക്കപ്പെടുകയുള്ളൂ. അതത്ര നിസ്സാരമല്ല.

അതെ, ഒരാള്‍ അനുകരണങ്ങള്‍ക്ക് വിധേയമാകാതെ പാടിയ പാട്ടാണ് ഓണം. ഒപ്പം നാളേയ്ക്കുവേണ്ടി ഇന്നലെ ആരോ കണ്ട സ്വപ്ന വുമാണത്. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാളെ… അതെത്രയാണ് നമ്മെ തൃപ്തിപ്പെടുത്താത്തതായുള്ളത്?
ഉവ്വ്, അങ്ങനെയൊരു കാലം വരും… ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു… അന്ന് നമ്മള്‍ ഹൃദയത്തില്‍ തട്ടി പുഞ്ചിരിക്കാന്‍ പഠിക്കും… ഓരോരുത്തരും അയല്‍ക്കാരനോട് സത്യം മാത്രം പറയും…

അന്ന് സ്വന്തം നന്മയെക്കാള്‍ മറ്റെയാളുടെ നന്മ എല്ലാവരും കാംക്ഷിക്കും… അന്ന് നമ്മുടെ പ്രണയം ശുദ്ധമാകും… നിന്റെ ആത്മാവിനെ ചുംബിക്കാന്‍ കഴിയുന്നില്ലല്ലോയെന്ന വേദനയിലാവാം
അന്ന് നമ്മുടെ ഓരോ ചുംബനവും. അന്ന് പ്രപഞ്ചം നമുക്ക് മീതെ പൂചൂടി നില്ക്കും. അങ്ങനെയൊരു ഓണത്തിനു വേണ്ടിയുള്ള കാത്തിരിപ്പോടെ…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login