ഓശാന ഞായറില്‍ നിന്ന് ദു:ഖവെള്ളിയിലേക്ക്…

ഓശാന ഞായറില്‍ നിന്ന് ദു:ഖവെള്ളിയിലേക്ക്…

കലണ്ടറിലെ ഒരു ചുവന്നകളത്തില്‍ നിന്ന് മറ്റൊരു ചുവന്ന കളത്തിലേക്കുള്ള അകലം മാത്രമാണോ ഓശാന ഞായറില്‍ നിന്ന് ദുഃഖവെള്ളിയിലേക്ക്…?

ഓശാന ഞായറില്‍നിന്ന് ദുഃഖവെള്ളിയിലേക്കുള്ള അകലം, സ്വീകരിക്കലില്‍ നിന്ന് തിരസ്‌ക്കരിക്കലിലേക്കുള്ള അകലമാണ്. അംഗീകാരത്തില്‍ നിന്ന് അവഹേളനത്തിലേക്കുള്ള അകലം. സന്തോഷത്തില്‍ നിന്ന് സങ്കടങ്ങളിലേക്കുള്ള ദൂരം. ഓര്‍മ്മയില്‍ നിന്ന് മറവിയിലേക്കുള്ള അകലം.

അതെ, ഒലിവിലക്കമ്പുകളുയര്‍ത്തി രാജാധിരാജന് ഓശാന പാടിയ അതേ ജനം തന്നെയല്ലേ ‘ഇവനെ ക്രൂശിക്കുക’ എന്ന് അലറിപ്പറഞ്ഞത്. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി ആനയിക്കപ്പെട്ട അതേ തെരുവീഥിയിലൂടെയല്ലേ അപമാനത്തിന്റെ മരക്കുരിശും ചുമന്ന് യേശുവിന് നീങ്ങേണ്ടിവന്നത്.

എത്രയെളുപ്പത്തിലാണ് മറ്റൊരാള്‍ക്കുമീതെയുള്ള നല്ല അഭിപ്രായത്തിന്റെ മുദ്ര നമ്മള്‍ മായിച്ചുകളയുന്നത്. എത്രയെളുപ്പത്തിലാണ് ഒരാള്‍ നല്‍കിയ കല്‍ക്കണ്ടത്തുണ്ടുപോലുള്ള സ്‌നേഹത്തെ, നിലാവുപോലെ ഹൃദയഹാരിയായ പുഞ്ചിരിയെ നമ്മള്‍ മറന്നുകളയുന്നത്! എത്രയെളുപ്പത്തിലാണ് വളരാനനുവദിച്ചവന്റെ മുമ്പില്‍ നമ്മള്‍ വളര്‍ന്നു പന്തലിക്കുന്നതും ഒടുവില്‍ വേരുകളറക്കുന്നതും…

അവന്, യേശുവിന് തുല്യമായ സ്‌നേഹം ലോകത്തില്‍ മറ്റൊന്നില്ലായിരുന്നു. പകരം വയ്ക്കാനാവാത്തതായിരുന്നു അവന്റെ കാരുണ്യം. ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു അവന്റെ ആശ്വാസവചസുകള്‍. അവന്റെ വിരല്‍ത്തുമ്പൊന്ന് തൊട്ടാല്‍ ലഭ്യമാവുന്നതായിരുന്നു രോഗസൗഖ്യം. ദുഃഖങ്ങള്‍ക്കും രോഗങ്ങള്‍ക്കും വേര്‍പാടുകള്‍ക്കും മീതെ പെയ്തിറങ്ങിയ മഴയായിരുന്നു അവന്‍.

എന്നിട്ടും കണ്ണടച്ചു തുറക്കുംമുമ്പേ അതൊക്കെ മറക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അവന്റെ വിശുദ്ധിയുടെ മീതെ നിസ്സാരമായി അവര്‍ ചെളിവാരിയെറിയുകയും ചെയ്തു. ഇന്നലെവരെയില്ലാത്തവിധം അവന്‍ പെട്ടെന്ന് മറ്റുള്ളവരെ വഴിതെറ്റിക്കുന്നവനായി!

സൗഹൃദങ്ങളുടെയും തീവ്രബന്ധങ്ങളുടെയും തീന്‍മേശയിലെ ഐക്യത്തിന്റെയും നടുവില്‍നിന്ന്, കുറെ നാണയത്തുട്ടുകളുടെ മണികിലുക്കത്തിനുവേണ്ടി, പ്രിയമാര്‍ന്നൊരു ചുംബനത്തെപോലും കയ്ക്കുന്ന ഒരോര്‍മ്മയാക്കി മാറ്റിയതും അവന് പ്രിയപ്പെട്ട ഒരുവന്‍ തന്നെയായിരുന്നില്ലേ. പ്രാണനെപ്പോലെ അവന്‍ നെഞ്ചോട് ചേര്‍ത്തണച്ചവനല്ലേ രാവെളുക്കും മുമ്പേ അവനെ നിസ്സാരമായി തള്ളിയെറിഞ്ഞത്.

കടല്‍ത്തീരങ്ങളിലും മലമുകളിലും അവനൊപ്പം ഉണ്ടായിരുന്നവര്‍. അവന്റെ സ്‌നേഹത്തിന്റെ തീവ്രതയും സുരക്ഷിതത്വത്തിന്റെ കുളിര്‍മ്മയും സൗഹൃദത്തിന്റെ തിളക്കവും അനുഭവിച്ചറിഞ്ഞവര്‍. അവരൊക്കെയാണ്, ബന്ധങ്ങളേക്കാള്‍ പദവികള്‍ക്ക്, സ്‌നേഹത്തേക്കാള്‍ സമ്പത്തിന്, അവന്റെ ജീവനേക്കാള്‍ സ്വന്തംജീവന് വില കല്പിച്ച്… ദൈവമേ! മനുഷ്യനെന്നും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ.

ഒരു ഓശാന ഞായറിന്റെ ഓര്‍മ്മ ഓരോ ഹൃദയത്തിലുമുണ്ടായിരിക്കും. ആരുടെയൊക്കെയോ സ്‌നേഹവും അംഗീകാരവും നേടിയതിന്റെ… ആര്‍ക്കൊക്കെയോ താന്‍ പ്രിയപ്പെട്ടവനാണ് എന്ന് ബോധ്യപ്പെട്ടതിന്റെ… ആരുടെയൊക്കെയോ സ്‌നേഹസൗഹൃദങ്ങളിലൂടെ നീന്തിപ്പോയതിന്റെ… ഒരു ദുഃഖവെള്ളിയുടെ ഓര്‍മ്മയും ഓരോ ഹൃദയത്തിലും കനയ്ക്കുന്നുണ്ടാവും.
ഹൃദയം പങ്കുവച്ച് സംസാരിച്ചവരില്‍ നിന്ന് അപ്രതീക്ഷിതമായി കിട്ടിയ ഒറ്റപ്പെടുത്തലിന്റെ, ഒറ്റുകൊടുക്കലിന്റെ… പ്രിയപ്പെട്ട ആരുടെയൊക്കെയോ തെറ്റിദ്ധാരണകളുടെ… എന്നും ചേര്‍ന്നു നില്‍ക്കുമെന്ന് വാക്കുതന്നവന്റെ വാഗ്ദാനലംഘനത്തിന്റെ… മറുവിളിക്ക് കാത്തുനില്‍ക്കാതെ, പുറംതിരിഞ്ഞകന്നുപോയ സൗഹൃദങ്ങളുടെ…

ഓശാന ഞായറുകളെ ഉള്ളില്‍ സൂക്ഷിക്കാം; സ്‌നേഹിക്കാം. പക്ഷേ, ദുഃഖവെള്ളികളെ മനസ്സില്‍ ധ്യാനിക്കുവാന്‍ ആര്‍ക്കു കഴിയും? അതിനെ സ്‌നേഹിക്കുവാന്‍ ആര്‍ക്കു കഴിയും?
നമുക്കൊക്കെ വേണ്ടത് മറ്റുള്ളവരുടെ അംഗീകാരങ്ങളും പ്രതിസ്‌നേഹവും സൗഹൃദങ്ങളുമൊക്കെയാണ്. അതിനുവേണ്ടി നമ്മള്‍ എന്തുമാത്രം ശ്രമിക്കുന്നു? പക്ഷേ ഓശാനഞായറുകള്‍ ദുഃഖവെള്ളിയില്‍ എത്താതിരിക്കുകയില്ല.

എന്നാല്‍, ദുഃഖവെള്ളിയില്‍ മാത്രം അത് അവസാനിക്കുകയുമില്ല. ദുഃഖവെള്ളി ഉത്ഥാനത്തിന്റെ സന്തോഷങ്ങളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. അങ്ങനെയാണ് ദുഃഖവെള്ളിപോലും ആഹ്ലാദകരമായ ഒരനുഭവമായി മാറുന്നത്.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login