പറപ്പൂര്‍ ഉത്സവഛായയില്‍; പുന:നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം ഇന്ന്

പറപ്പൂര്‍ ഉത്സവഛായയില്‍; പുന:നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം ഇന്ന്

തൃശൂര്‍:മൂന്നു നൂറ്റാണ്ടിനടുത്ത് ചരിത്രമുള്ള സമ്പന്നമായ ക്രൈസ്തവസാക്ഷ്യത്തിന്റെ  പ്രതീകമായ പറപ്പൂര്‍ വി.ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തിന്‍റെ പുന:പ്രതിഷ്ഠാകര്‍മ്മം ഇന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിക്കും. വിശുദ്ധന്‍റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യ ദേവാലയം കൂടിയാണിത്.  2013 ഡിസംബര്‍  15 ന് നടന്ന പൊതുയോഗമാണ് പള്ളി പുനനിര്‍മ്മിക്കണമെന്ന തീരുമാനം കൈക്കൊണ്ടത്. പിന്നീട് ആ തീരുമാനത്തിന് പിന്നില്‍ ഇടവകജനം മുഴുവനും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഇന്ന് കാണുന്ന വിധത്തിലുള്ള മനോഹരമായ ആരാധനാലയം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇടവകജനങ്ങളുടെ  കൂട്ടായ പരിശ്രമവും അകമഴിഞ്ഞ സാന്പത്തികസഹായവുമാണ് ഇതിനെ ഇത്രയും പെട്ടെന്ന് ഫലപ്രാപ്തിയിലെത്തിച്ചത്.

1731 ല്‍ സ്ഥാപിതമായ പറപ്പൂര്‍ ഇടവകകൂട്ടായ്മയുടെ  ചരിത്രം ആരംഭിക്കുന്നത് തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍  പള്ളിയില്‍ നിന്നു തന്നെയാണ്. പനമ്പുകൊണ്ടും ഓലകൊണ്ടും പണിത പള്ളി, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കല്ലും മരവും ഉപയോഗിച്ചുള്ള  ഉറപ്പുള്ള പള്ളിയായി. ഇന്ന് കാണുന്ന വീതിയുള്ള ചുമരും ഉയരമുള്ള മേല്‍ക്കൂരയും പണിയപ്പെട്ടത് 1825-35 കാലഘട്ടത്തിലാണ്. പള്ളി വികാരിയും നാട്ടുകാരനുമായിരുന്ന ഇയ്യോബ് ചിറ്റിലപ്പിള്ളിയെന്ന ഇയ്യു കത്തനാരാണ്  പള്ളി നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത്.

കാലഘട്ടത്തിനനുസരിച്ച് നിരവധി കൂട്ടിചേര്‍ക്കലുകള്‍ക്കും  പുതുക്കിപണിയലുകള്‍ക്കും പള്ളി വിധേയമായി. 1915 ല്‍ നിര്‍മ്മിച്ച പള്ളിക്കകത്തെ മുറിത്തട്ട്, 1918 ല്‍ പണിതീര്‍ത്ത നടപ്പുര, പള്ളിപറമ്പിന്റെ പടിഞ്ഞാറു സ്ഥാപിച്ച കപ്പേള, 1930 കളില്‍ പോന്നോരിലും ചിറ്റിലപ്പിള്ളിയിലും സ്ഥാപിക്കപ്പെട്ട കുരിശുപള്ളികള്‍ എന്നിവയൊക്കെ പറപ്പൂരിന്റെ വിശ്വാസപാരമ്പര്യത്തിനു മാറ്റുകൂട്ടി. 1871 ല്‍ നിലവില്‍ വന്ന മുണ്ടൂര്‍ ഇടവക, 1968 ല്‍ രൂപംകൊണ്ട പോന്നോര്‍ ഇടവക, 1985 ല്‍ രൂപീകൃതമായ  ചിറ്റിലപ്പിള്ളി ഇടവക എന്നിവയുടെയൊക്കെ തള്ളപ്പള്ളിയാണ് പറപ്പൂര്‍. 1947-48 കാലഘട്ടത്തില്‍ പുതുക്കിപണിത അള്‍ത്താരകളും 1963 ല്‍ പണിത തെക്കേവിങ്ങും 1972 ലെ സെമിത്തേരിപള്ളിയുടെ നിര്‍മ്മാണവും ഓരോ കാലഘട്ടത്തിലും വിശ്വാസ സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുതന്നെയായിരുന്നു.

 

പനമ്പുപള്ളിയില്‍ നിന്നും വളര്‍ന്ന് പറപ്പൂരിന്റെ ആദ്ധ്യാത്മിക ഭൗതീകമേഖലകളില്‍ പടര്‍ന്നു പന്തലിച്ച  പറപ്പൂര്‍ ഇടവക 1992 ല്‍ ഫൊറോന പദവിയിലേക്കുയര്‍ത്തപ്പെട്ടു.  ഈ നാടിന്റെ വളര്‍ച്ചക്ക് നാന്ദിക്കുറിച്ച ഒട്ടേറെ സ്ഥാപനങ്ങള്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്നത് പള്ളി സംഭാവന  നല്‍കിയ സ്ഥലത്തോ, പള്ളി കെട്ടിടത്തിലോ ആണെന്നുള്ളത്  പറപ്പൂരിന്റെ വികസനസ്വപ്നങ്ങള്‍ക്ക് പള്ളി നല്‍കിയ പിന്തുണയൊന്നുകൊണ്ട് മാത്രമാണ്.

ദൈവവിളികളാല്‍ തൃശൂര്‍ അതിരൂപതയിലെ തന്നെ സമ്പന്നമായ ഒരിടവകയാണ് പറപ്പൂര്‍. 300 ലധികം സമര്‍പ്പിതരും നാല്‍പ്പതോളം വൈദീകരും ആത്മീയ തേജസ്സുകളായി  ലോകത്തിന്റെ വിവിധഭാഗങ്ങളില്‍  ശുശ്രൂഷ ചെയ്യുന്നു. പുണ്യശ്ലോകനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനും തൃശ്ശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ, പാവങ്ങളുടെ പിതാവെന്നറിയപ്പെടുന്ന മാര്‍ ജോസഫ് കുണ്ടുകളം തിരുമേനിയും, മെല്‍ബണ്‍ രൂപതാധ്യക്ഷനും, ന്യൂസിലാന്റിലെ അപ്പസ്‌തോലിന്‍ വിസിറ്റേറ്ററുമായ മാര്‍ ബോസ്‌കോ പുത്തൂരും ഈ ഇടവകക്കാരാണ്.

ആഴമേറിയ വിശ്വാസപൈതൃകത്തിന്റെ മണ്ണിലാണ് കഴിഞ്ഞ 286 വര്‍ഷങ്ങളിലായി പറപ്പൂര്‍ ഇടവക നിലകൊള്ളുന്നത്. ഫാ.  പോളിനീലങ്കാവിലാണ് വികാരി.

ഇടവക മധ്യസ്ഥനായ വി.ജോണ്‍ നെപുംസ്യാനു പുറമെ ഇടവക പ്രത്യേകമായി റോസ പുണ്യവതിയെയും വണങ്ങുന്നുണ്ട്. നവംബര്‍ 20-ാം തിയ്യതി ഞായറാഴ്ചയെങ്കില്‍ അന്നോ, അതുകഴിഞ്ഞുവരുന്ന ഞായറാഴ്ചയോ ആണ് വിശുദ്ധ റോസയുടെ തിരുനാള്‍ പറപ്പൂരില്‍ കൊണ്ടാടുന്നത്.

You must be logged in to post a comment Login