അപരനെ വളര്‍ത്തുന്ന നേതൃശൈലി പ്രോത്സാഹിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

അപരനെ വളര്‍ത്തുന്ന നേതൃശൈലി പ്രോത്സാഹിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: മറ്റുള്ളവരെ പരിഗണിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സവിശേഷ ശൈലിയാവണം അല്മായ നേതൃത്വത്തിന്റെ മുഖമുദ്രയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ 2014-17 പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷിത്പതമായ താത്പര്യങ്ങള്‍ക്കായി അപരനില്‍ നിന്നു കവര്‍ന്നെടുക്കുന്നതാവരുതു നേതൃത്വം. ദൈവവും സമൂഹവും നല്‍കുന്ന അംഗീകാരമായ നേതൃദൗത്യത്തെ, വിനയൂര്‍വം അപരനു ശുശ്രൂഷ നല്‍കാനുള്ള അവസരമായി അല്മായ നേതാക്കള്‍ കാണണം. എല്ലാ വിഭാഗങ്ങളിലുള്ളവരെയും തുറന്ന മനസോടെ ഉള്‍ക്കൊള്ളാനും വളര്‍ത്താനും നേതാക്കള്‍ സന്നദ്ധരാവണം. സഭയിലെ നേതൃരംഗങ്ങളില്‍ സവിശേഷമായ ശൈലീവ്യത്യാസം കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

വളരുന്നതിനൊപ്പം വളര്‍ത്താനും അംഗീകരിക്കപ്പെടുന്നതിനൊപ്പം അംഗീകരിക്കാനും സാധിക്കണം. അതിരൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ രൂപപ്പെടുത്തിയ നേതൃശൈലിയുടെ നന്മ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണം. മാറുന്ന കാലത്തിന്റെ സൂചനകളെ തിരിച്ചറിയാനും സാക്ഷ്യജീവിതം ഫലദായകമാക്കാനും അല്മായനേതാക്കള്‍ ജാഗ്രതപാലിക്കണം. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ അല്മായ സെക്രട്ടറിയായിരുന്ന ജസ്റ്റീസ് കുര്യന്‍ ജോസഫ്, നീതിന്യായ രംഗത്തു നന്മയുടെയും കരുണയുടെയും മുഖമായി വളര്‍ന്നതു സഭയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

പാസ്റ്ററല്‍ കൗണ്‍സിലും അല്മായ ആഭിമുഖ്യങ്ങളും എന്ന വിഷയത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഭൗതികതയ്ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആത്മീയത നഷ്ടമാകാതെ സൂക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാസ്റ്ററല്‍ കൗണ്‍സില്‍ സ്മരണിക ജസ്റ്റീസ് കുര്യന്‍ ജോസഫിനു നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്തു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, മുന്‍ സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, അഡ്വ. ജോസ് വിതയത്തില്‍, ജോയിന്റ് സെക്രട്ടറി റെന്നി ജോസ്, ജിയോ ബേബി മഴുവഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഷിനു ഉതുപ്പാന്‍, മിനി പോള്‍ എന്നിവര്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരായിരുന്നു. അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും മെത്രാന്മാര്‍ കൈമാറി.

ആന്റണി പട്ടശേരി, ഷാഗിന്‍ കണ്ടത്തില്‍, ബോബി ജോണ്‍ മലയില്‍, സാബു ജോസ്, സെമിച്ചന്‍ ജോസഫ്, എസ്.ഡി ജോസ്, ആന്റണി പാലമറ്റം, ബോബി പോള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

You must be logged in to post a comment Login