ശാന്തി

ശാന്തി

സമാധാനത്തിന്റെ രാജാവ് – അങ്ങനെയായിരുന്നു ക്രിസ്തുവിന്റെ പിറവി മുന്‍കൂട്ടി ദര്‍ശിച്ച ഏശയ്യ അവനെ വിശേഷിപ്പിച്ചത്. ആറുനൂറ്റാണ്ടിനിപ്പുറം ആ പ്രവചനം തന്നില്‍ത്തന്നെ നിറവേറ്റി അവിടുന്നു സമാധാനത്തിന്റെ ഉടല്‍ രൂപമായി. അവന്റെ പിറവിയില്‍ അവനുവേണ്ടി മാലാഖമാര്‍ ഭൂമിക്കു സമാധാനമാശംസിച്ചു. ഒടുവില്‍ വാനമേഘങ്ങളില്‍ സംവഹിക്കപ്പെടുമ്പോള്‍ അവന്‍ ആശംസിച്ചതും സമാധാനം. അങ്ങനെ രണ്ടു സമാധാനാശംസകള്‍ക്കിടയില്‍ വ്യാപിച്ചു നിന്നു ആ ജീവിതം.

അവന്റെ സമാധാനം അനന്തമാണെന്നാണ് ഏശയ്യ പറഞ്ഞത്. ഓര്‍ത്തുനോക്കിയാല്‍ സമാധാനിക്കാന്‍ ഒന്നുമില്ലാത്ത ജീവിതമായിരുന്നു അവിടുത്തേത്. ആദ്യം മുതല്‍ അവസാനംവരെ അലച്ചിലായിരുന്നു. പിന്നെ നേരിടേണ്ടിവന്ന ആരോപണങ്ങള്‍, വെല്ലുവിളികള്‍… ഒന്നും ആവര്‍ത്തിക്കേണ്ടതില്ല. എന്നിട്ടും അഗാധമായ ഒരു ശാന്തി എപ്പോഴും അവിടുത്തെ ചൂഴ്ന്നു തിന്നു. കൊല്ലപ്പെടാന്‍ പിടിക്കുമെന്നറിവുള്ള ആ രാത്രിയില്‍പ്പോലും. ആ രാത്രിയിലാ ണ് ‘എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു’ എന്നു ശിഷ്യര്‍ക്കുറപ്പു നല്കിയത്.

അപ്പോള്‍, സമാധാനമെന്നതിന് കുറെക്കൂടി ആഴമേറിയ അര്‍ത്ഥം അവിടുന്നു നല്കുന്നുണ്ട്.
പുറമെനിന്ന് ഉള്ളിലേക്കു പ്രവേശിക്കുന്ന ഒന്നല്ല സമാധാനം, അത് ഓരോരുത്തരുടെയും ഉള്ളില്‍നിന്നു രൂപപ്പെട്ടുവരുന്നതാണ്. ഒരേ അനുഭവം ഒരാള്‍ ഒരു ചെറുചിരിയോടെ തള്ളിക്കളയുമ്പോള്‍ വേറൊരാള്‍ക്ക് പൊട്ടിത്തറിക്കാനുള്ള കാരണമാകുന്നത് കണ്ടിട്ടില്ലേ. ഹൃദയത്തിലെ നന്മയാണ് സമാധാനത്തിനുവേണ്ട മൂലധനം.

അവന്റെ പിറവി അറിയിച്ചുകൊണ്ടുള്ള മാലാ ഖമാരുടെ ആ മംഗളാശംസയില്‍ത്തന്നെ കിടപ്പുണ്ട് അതിന്റെ സൂചന. ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്കാണ് അവര്‍ ശാന്തിയാശംസിക്കുന്നത്. ആ രാത്രിയില്‍ത്ത ന്നെ എത്ര കൃത്യമായാണ് അത് വെളിപ്പെടുന്നത്. കുറച്ചുപേര്‍ ദൈവത്തെ കണ്ട പരമശാന്തിയിലാണ്. അല്ലാത്തവര്‍ അസ്വസ്ഥരായി ഉറക്കം നഷ്ടപ്പെട്ട്… എല്ലാ കാലത്തും അതങ്ങനെ തന്നെയാണ്. തന്റെ ദൂതുമായി എഴുപത്തിരണ്ടുപേരെ അയയ്ക്കുമ്പോള്‍ അവിടുന്നു പറയുന്നതു ശ്രദ്ധിക്കുക. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും ഈ വീടിനു സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും (ലൂക്ക 10:5-6).

എന്താണ് ഈ സമാധാനത്തിന്റെ പുത്രന്മാരെ രൂപപ്പെടുത്തുന്ന ഘടകങ്ങള്‍. ലൂക്ക 6: 27-36 വരെയുള്ള വാക്യങ്ങളിലാണ് അവരുടെ സവിശേഷതകളെക്കുറിച്ച് അവിടുന്നു പറയുന്നത്. ദുഷ്ടരെയും ശിഷ്ടരെ യും ഒരുപോലെ പരിഗണിക്കുന്ന ദൈവോചിതമായ സ്‌നേഹം പരിശീലിക്കുവാനാണ് അവിടുന്നാവശ്യപ്പെടുന്നത്.

അപ്പോള്‍ നിങ്ങള്‍ അത്യുന്നതന്റെ പുത്രരെന്നു വിളിക്കപ്പെടും എന്നു പറഞ്ഞാണ് ആ പാഠങ്ങള്‍ അവിടുന്നവസാനിപ്പിക്കുന്നത്. നാലു കാര്യങ്ങളാണ് യേശു അവിടെ പ്രധാനമായും ആവശ്യപ്പെടുന്നത്. ശത്രുക്കളെ സ്‌നേഹിക്കുവിന്‍, നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്‍മചെയ്യുവിന്‍, ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, നിന്ദിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.

ശത്രുക്കളെ സ്‌നേഹിക്കുവിന്‍- അതാണിതിലെ താക്കോല്‍ വചനം. യേശു പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഇത്രയേറെ ചര്‍ച്ചചെയ്തിട്ടുള്ള ഒരു വിഷയമുണ്ടാവാനിടയില്ല. എങ്ങനെയാണൊരാള്‍ക്കു ശത്രുവിനെ സ്‌നേഹിക്കാന്‍ കഴിയുക. സ്‌നേഹം എന്ന വാക്കിനെ നമ്മള്‍ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ അതസാധ്യമാണ്. പക്ഷേ, ഭാഷയിലെ പരിമിതിമൂലമാണ് സ്‌നേഹം എന്ന വാക്കിവിടെ ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍, ഗ്രീക്കില്‍ സ്‌നേഹത്തെ വിശേഷിപ്പിക്കാന്‍ മൂന്നു വാക്കുകള്‍ ഉണ്ട്. eros (എറോസ്) സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തെ ഇതു സൂചിപ്പിക്കുന്നു. മറ്റൊന്ന് philia (ഫീലിയ) ഉറ്റവര്‍ തമ്മിലുള്ള സ്‌നേഹം, സൗഹൃദം ഇവയെ സൂചിപ്പിക്കാനാണീ പദം. മൂന്നാമത്തേത് agape (അഗാപ്പെ). അതു ദൈവിക സ്‌നേഹമാണ്. ആദ്യത്തെ രണ്ടു സ്‌നേഹവും സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. മൂന്നാമത്തേത് അങ്ങനെയല്ല. അതൊരു തീരുമാനമാണ്. വ്യക്തി എങ്ങനെ ആയിരുന്നാലും അയാളുടെ നന്മ ആഗ്രഹിക്കുന്നു.

അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഈ മൂന്നാമത്തെ വാക്കാണ്- agape- ശത്രുവിനെ സ്‌നേഹിക്കുക എന്നു പറയുന്നിടത്ത് യേശു ഉപയോഗിച്ചിരിക്കുന്നത്. അതെങ്ങനെ കഴിയും എന്നാണു തുടര്‍ന്നു പറയുന്നത്.

ശപിക്കുന്നവരെ അനുഗ്രഹിക്കുക എന്നതാണ് അതിലാദ്യത്തേത്. ഇരുകൈകളും സ്വന്തം ശിരസില്‍വച്ച് തിന്മ ആശംസിക്കുന്നവര്‍ മാത്രമല്ല അവരിലുള്‍പ്പെടുന്നത്. നമുക്ക് തിന്മവരട്ടെ എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്കു നന്മനേരുക. അതിനു കഴിഞ്ഞാല്‍ ഒരുകാര്യം മനസ്സിലാകും, നമ്മുടെ മനസ്സും പതിയെ ശാന്തമാകുന്നു.

ഒറ്റക്കാരണമേയുള്ളൂ അതിന്. ആ ഭൂഗുരുത്വനിയമംതന്നെ. എന്തു നമ്മള്‍ കൊടുക്കുന്നുവോ അതു നമ്മിലേക്കുതന്നെ തിരികെവരുന്നു. നമ്മള്‍ ഒരാളെ അനുഗ്രഹിക്കുമ്പോള്‍ ആ അനുഗ്രഹം നമ്മിലേക്കുതന്നെ തിരികെ ഒഴുകുകയാണ്.

നമുക്കെതിരെ അങ്ങനെ ആരുമില്ലെങ്കില്‍ത്തന്നെ എല്ലാറ്റിനെയും എല്ലാവരെയും ആശീര്‍വദിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നത് നല്ലതാണ്. സ്വീകരി ക്കുന്നവരില്‍ മാത്രമല്ല, നമ്മില്‍ത്തന്നെ അതുണ്ടാക്കാന്‍ പോകുന്ന വ്യത്യാസം കുറച്ചൊന്നുമല്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന ഉറ്റവരുടെ നെറ്റിയില്‍ വരച്ചുകൊടുക്കുന്ന ഒരു കുരിശടയാളം, അല്ലെങ്കില്‍ ശിരസ്സിനു മീതെ നിങ്ങള്‍ വയ്ക്കുന്ന കരങ്ങള്‍. അന്തിയില്‍ തിരിച്ചെത്തുന്നതുവരെ അതവര്‍ക്കൊരു കോട്ടയാണ്. അല്ലെങ്കില്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന ഉള്ളുതുറന്നുള്ള ഒരാശംസ… ഇതൊക്കെ ഏതോ ഒരദൃശ്യപ്രവാഹത്തെ നമ്മുടെ ഉള്ളിലേക്കും കൊണ്ടുവരുന്നുണ്ട്. ആര്‍ക്കും ആരെയും ആശീര്‍വദിക്കാം. അതിന് ആത്മാര്‍ത്ഥത നിറഞ്ഞ, സ്‌നേഹം നിറഞ്ഞ ഒരു മനസ്സു മതി. വേറൊരു യോഗ്യതയും വേണ്ട. കുടുംബത്തിലുള്ളവര്‍ പരസ്പരം അങ്ങനെ ചെയ്തുനോക്കൂ. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ, ഡോക്ടര്‍ രോഗിയെ… അങ്ങനെയങ്ങനെ… വളര്‍ത്തുമൃഗങ്ങളെ, ചെടികളെ പ്രപഞ്ചത്തെ എല്ലാം നമ്മുടെ ആശീര്‍വാദത്തിലേക്ക് കൊണ്ടുവരാവുന്നതേയുള്ളൂ. അതോടെ നിങ്ങളുടെ ലോകം പ്രപഞ്ചത്തോളം വലുതാകുന്നത് കാണാന്‍ കഴിയും.

ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യുക എന്നതാണ് അടുത്ത ചുവട്. നമ്മോട് താത്പര്യമില്ല എന്നു തോന്നുന്നവരെ മനസുകൊണ്ടനുഗ്രഹിച്ചതുകൊണ്ടു തീരുന്നില്ല. ചില പ്രവൃത്തികള്‍കൊണ്ടുകൂടി അത് അടയാളപ്പെടുത്തേണ്ടതുണ്ട്. ഇതെഴുതാനിരിക്കുമ്പോള്‍ തൊട്ടുമുന്നിലൂടെ ഒരു തിരുനാള്‍ പ്രദക്ഷിണം ആഘോഷമായി നീങ്ങുന്നുണ്ട്. വിശുദ്ധമാര്‍ട്ടിന്‍ ഡിപോറസിന്റെ തിരുനാളാണ്. ഈ രൂപക്കൂട്ടില്‍ വണങ്ങപ്പെടുന്നതിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് അസാധാരണമാംവിധം ഈ സുകൃതം അഭ്യസിച്ചതുകൊണ്ടാണ്. വംശശുദ്ധിയുടെയും വര്‍ണത്തിന്റെയുമൊക്കെ പേരില്‍ ആശ്രമത്തില്‍ നിന്നുപോലും കഠിനമായ വിവേചന വും അപമാനവും ഒക്കെ നേരിടേണ്ടിവന്നയാളാണ്.

പക്ഷേ, ഒന്നും അദ്ദേഹത്തിന്റെ സമാധാനത്തെ തകര്‍ത്തില്ലെന്നുമാത്രമല്ല, അവര്‍പോലും വിസ്മയിക്കുന്ന തരത്തിലുള്ള നന്മകൊണ്ട് അവരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. വിശുദ്ധരുടെയൊക്കെ ജീവിതത്തിലെ ഒരു പൊതുഘടകമായിരുന്നു ഇത്തരത്തിലുള്ള അനുശീലനങ്ങള്‍. വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതത്തില്‍ നിന്നൊരേട്. അവളോട് നിരന്തരം നീരസപ്പെട്ടുകൊണ്ടിരുന്ന ഒരു സഹസന്ന്യാസിനിയുണ്ടായിരുന്നു. അവളാകട്ടെ അവരെ കാണുമ്പോഴൊക്കെ മധുരമായി പുഞ്ചിരിച്ചും ചെറിയചെറിയ ഉപകാരങ്ങള്‍ കണ്ടുപിടിച്ച് ചെയ്തുകൊടുത്തുകൊണ്ടുമിരുന്നു. ഒടുവില്‍ കൊച്ചുത്രേസ്യക്ക് തന്നോടൊരു പ്രത്യേക സ്‌നേഹമുണ്ടെന്ന തോന്നലുളവാക്കുവോളം എത്തി കാര്യങ്ങള്‍… തുടര്‍ച്ചയായി സ്‌നേഹിച്ചാല്‍ ആര്‍ക്കാണു വ്യത്യാസമുണ്ടാകാത്തത്.

പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് അടുത്തത്. അതോടെ കാര്യങ്ങള്‍ കുറെക്കൂടി ദൈവിക തലത്തിലേക്കുയരുന്നു. ഇതുവരെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉറ്റവരേ ഉണ്ടായിരുന്നുള്ളൂ. അവരുടെ നന്മയ്ക്കുവേണ്ടി എന്തു ത്യാഗവും ഏറ്റെടുത്തു പ്രാര്‍ത്ഥിക്കാനും നിങ്ങള്‍ ഒരുക്കവുമാണ്. അതേ തീവ്രതയോടെ നിങ്ങളോട് തീരെ താത്പര്യമില്ലാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് അവിടുന്നാവശ്യപ്പെടുന്നത്.

തീരെ ഇടുങ്ങിയതെങ്കിലും ശാശ്വതമായ ശാന്തിക്കുള്ള ഒരേയൊരുവഴി ഇതുമാത്രമാണ്. പഴയനിയമവും പുതിയനിയമവും തമ്മിലുള്ള കാതലായ വ്യ ത്യാസം ഇവിടെയാണ്. കണ്ണിനുപകരം കണ്ണ് പല്ലിനുപകരം പല്ല് എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു- എന്നു പറഞ്ഞുകൊണ്ടാണ് ഈ പാഠങ്ങള്‍ അവിടുന്നു തന്റെ കേള്‍വിക്കാരെ പഠിപ്പിച്ചത്. അതനുസരിച്ചതിനാലാണ് ആദിമസഭയെ ഇസ്രായേല്‍ജനതയില്‍ നിന്ന് ഇത്രമേല്‍ വ്യത്യസ്തരാക്കി നിര്‍ത്തുന്നത്.

ഇസ്രായേലിന്റേത് യുദ്ധത്തിന്റെയും കീഴടക്കലിന്റെ യും ചരിത്രമാണ്. സഭയുടേതാകട്ടെ, രക്തസാക്ഷികളുടേതാണ്. സഹനത്തിന്റെ, ക്ഷമയുടെ, സ്‌നേഹത്തിന്റെ, കരുണയുടെ… പുതിയ സംസ്‌കാരം. ചെറിയൊരു സമൂഹമായിരുന്നിട്ടുകൂടി അവരെ നോക്കി ലോകം അമ്പരന്നു… ഈ മനുഷ്യര്‍ ലോകത്തെ കീഴ്‌മേല്‍ മറിക്കുന്നു.

പഴയനിയമത്തിന്റെ ലോകത്ത് ഇപ്പോഴും കുരുങ്ങിക്കിടക്കുന്നതുകൊണ്ടാണ് ചുറ്റിനും ഇത്രയും അശാന്തി. ഓര്‍ക്കണം, അതിലും ക്രൂരമായ നീതി നടപ്പാക്കി യിരുന്ന കാലത്തിലാണ് കണ്ണിനുപകരം കണ്ണുമാത്രം എന്ന മട്ടിലുള്ള നിയമം മോശ നല്കിയത്. അതു നിങ്ങ ളുടെ ഹൃദയകാഠിന്യം നിമിത്തമാണെന്ന് അവിടുന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. നിങ്ങള്‍ നേരിടുന്ന ഏതു തിന്മ യുമാകട്ടെ, ചെറിയരീതിയിലുള്ള ഒരു പകരം ചോദിക്കല്‍പോലും നിങ്ങളുടെ ആത്മാവിനെ സ്വസ്ഥമാക്കില്ല. ദൈവം ചോദിക്കട്ടെ എന്ന നമ്മുടെ സമാശ്വാസങ്ങള്‍പോലും അതില്‍പ്പെടും.

തിന്മയെ തിന്മകൊണ്ടുതന്നെ നേരിടുമ്പോള്‍ നമ്മളും അതേ തിന്മയില്‍ത്തന്നെയാണെന്നോര്‍ക്കണം. ഒപ്പം അശാന്തിയുടെ കനലുകള്‍ നിലയ്ക്കാതെ കത്തിപ്പടരാന്‍ തുടങ്ങുന്നു. നന്മകൊണ്ടുമാത്രമേ ആ കനല്‍ കെടുത്താനാകൂ. നമ്മുടെ വീട്ടകങ്ങളില്‍ പലപ്പോഴും രൂപപ്പെടുന്ന കലമ്പലുകള്‍ ഓര്‍ത്തുനോക്കൂ. ഒരാള്‍ കോപിക്കുന്നു. അതിനി ജ്വലിപ്പിക്കണോ അണയ്ക്ക ണോ എന്നു തീരുമാനിക്കേണ്ടത് ബാക്കിയുള്ളവരാണ്. വേരൊരാള്‍ അതേറ്റുപിടിക്കുന്നതോടെ കാര്യങ്ങള്‍ എവിടെവരെയെത്തുമെന്ന് ഊഹിക്കാനാവുമോ? സംയമനമാണ് കോപാഗ്നിയെ കെടുത്തുന്ന ജലമെന്ന് ആര്‍ക്കാണറിയാത്തത്.

മറ്റുള്ളവര്‍ എന്നോട് എങ്ങനെ പെരുമാറി എന്നതല്ല, ഞാനെങ്ങനെ അവരോട് പെരുമാറി എന്ന തോതുവച്ചാണ് എന്റെ ജീവിതം വിലയിരുത്തപ്പെടുന്നത്.
അസാധാരണമായ സ്‌നേഹം അഭ്യസിക്കുക. അതാണ് സമാധാനത്തിലേക്കുള്ള ഒറ്റയടിപ്പാത. അതിലൂടെ നടക്കുന്നവരാണ് ഈ ഭൂമിയെ ഇത്രയെങ്കിലും തകരാതെ കാക്കുന്നത്. അഷ്ഠഭാഗ്യങ്ങളില്‍ ഒന്ന് അവര്‍ ക്കുള്ള വാഴ്ത്താണ്. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യ വാന്മാര്‍. അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.

സ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിക്കുന്ന, പകരത്തിനുപകരം എന്ന മട്ടിലുള്ള നമ്മുടെ ആവറേജ് ജീവിതം കണ്ട് ക്രിസ്തു എന്തായിരിക്കും പറയുക? ദുര്‍ബലര്‍ക്കുള്ളതല്ല സുവിശേഷ ജീവിതം. തിരിച്ചടിക്കാന്‍ ആ കുഞ്ഞിക്കൈകള്‍പോലും ഉയരുന്നതു കാണുന്നില്ലേ? എന്നാലതു വേണ്ടെന്നു വയ്ക്കാന്‍ കുറച്ചുകൂടി ആത്മീയ ബലം വേണം. അതിലേക്ക് ഇനി എത്ര ദൂരം സഞ്ചരിക്കണം…!

സിസ്റ്റര്‍ ശോഭ സിഎസ്എന്‍

You must be logged in to post a comment Login