യഥാര്‍ത്ഥ സമാധാനം വരുന്നത് കുരിശിലൂടെ: പാപ്പ

യഥാര്‍ത്ഥ സമാധാനം വരുന്നത് കുരിശിലൂടെ: പാപ്പ

വത്തിക്കാന്‍: ദൈവത്തിന് മാത്രമേ ദുരിതങ്ങള്‍ക്കിടയിലും നമുക്ക് യഥാര്‍ത്ഥ സമാധാനം നല്കാന്‍ കഴിയൂ എന്നും യഥാര്‍ത്ഥ സമാധാനം വരുന്നത് കുരിശിലൂടെയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്തയില്‍ ദിവ്യബലിക്കിടെ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

കുരിശില്ലാതെയുള്ള സമാധാനം ക്രിസ്തു നല്കുന്ന സമാധാനമല്ല. ലോകം നമുക്ക് നല്കുന്ന സമാധാനം സങ്കടങ്ങളോ പീഡനങ്ങളോ ഇല്ലാത്ത സമാധാനമാണ്. ലോകം വാഗ്ദാനം ചെയ്യുന്നത് കൃത്രിമമമായ സമാധാനമാണ്. അത് പ്രശാന്തതയെ കുറയ്ക്കുന്നു. ഇത്തരത്തിലുള്ള സമാധാനം ഒരുവന്റെ താല്പര്യത്തെയും അവന്റെ മാത്രം സുരക്ഷയെയുമാണ് കേന്ദ്രീകരിക്കുന്നത്. ഇത് ആത്യന്തികമായി നിഷ്ഫലമാണ്.

എന്തുകൊണ്ടെന്നാല്‍ ദുരിതങ്ങള്‍ വേദനയിലും രോഗങ്ങളിലും മരണത്തിലുമുണ്ട്. ക്രിസ്തു നല്കുന്ന സമാധാനം ഒരു സമ്മാനമാണ്. അത് പരിശുദ്ധാത്മാവിന്റെ സമ്മാനമാണ്. സങ്കടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അപ്പുറം നില്ക്കുന്ന സമാധാനമാണിത്. ഞാന്‍ നിങ്ങള്‍ക്ക് സമാധാനം നല്കുന്നു, എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നു എന്നാണ് ക്രിസ്തു അന്ത്യഅത്താഴ വേളയില്‍ പറഞ്ഞിരിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വെറും മാനുഷിക ശ്രമം കൊണ്ട് ഈ സമാധാനം നേടിയെടുക്കാനാവില്ല. ദൈവത്തിന്റെ സമാധാനം യഥാര്‍ത്ഥ സമാധാനമാണ്. അത് യഥാര്‍ത്ഥ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. അതൊരിക്കലും ജീവിതത്തെ നിഷേധിക്കുന്നില്ല. അത് ജീവിതമാണ്. അവിടെ സഹനങ്ങളുണ്ട്, രോഗികളുണ്ട്. യുദ്ധങ്ങളുണ്ട്..ചീത്തയായ അനേകം കാര്യങ്ങളുണ്ട്.

പക്ഷേ സമാധാനം അവിടെയുണ്ട്. കുരിശില്ലാതെയുള്ള സമാധാനം ക്രിസ്തു നല്കുന്ന സമാധാനമല്ല. കുരിശില്ലാതെയുള്ള സമാധാനം ചിലപ്പോള്‍ വാങ്ങാന്‍ കഴിഞ്ഞേക്കും.എന്നാല്‍ അത് സ്ഥിരമായിരിക്കില്ല..അതിന് അന്ത്യമുണ്ട്.

പരിശുദ്ധാത്മാവാണ് എനിക്ക് യഥാര്‍ത്ഥ സമാധാനം നല്കുന്നതെന്ന ബോധ്യം നല്കണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്.

You must be logged in to post a comment Login