പേരാവൂരില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു, എട്ടാം ക്ലാസുകാരന് പഞ്ചക്ഷതം

പേരാവൂരില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു, എട്ടാം ക്ലാസുകാരന് പഞ്ചക്ഷതം

പേരാവൂര്‍: മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് ഇതാ കണ്ണൂര്‍ ജില്ലയിലെ പേരാവൂരും ശ്രദ്ധേയമാകുന്നു. ഇവിടെ മുണ്ടക്കല്‍ ജോഷിയുടെ രണ്ടാമത്തെ മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എബിനാണ് മാതാവ് പ്രത്യക്ഷപ്പെട്ടതും പഞ്ചക്ഷതങ്ങള്‍ ലഭിച്ചതും.

കഴിഞ്ഞ മാസം ഒക്ടോബറിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. പതിവുപോലെ ജപമാല മാസത്തില്‍ കുടുംബകൂട്ടായ്മകള്‍ തോറും പ്രത്യേക ജപമാല പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. വാര്‍ഡ് ക്രമം അനുസരിച്ച് ജോഷിയുടെ വീട്ടിലും ജപമാല പ്രാര്‍ത്ഥന നടന്നു. അന്നേദിവസമാണ് മാതാവിന്റെ രൂപത്തില്‍ നിന്ന് ദ്രാവകം ഒഴുകിയിറങ്ങുന്നതായി എബിന്‍ കണ്ടത്.

മഞ്ഞ നിറമായിരുന്നു ദ്രാവകത്തിന്. എബിന്‍ ജപമാല ചൊല്ലിക്കൊണ്ടിരുന്ന സമയത്തായിരുന്നു അത് കണ്ടത്. അതിന് ജോഷിയും സാക്ഷിയായിരുന്നു. അടുത്ത ദിവസം മാതാവിന്റെ കണ്ണുകളില്‍ നിന്ന് രക്തം ഒഴുകിയിറങ്ങാന്‍ തുടങ്ങി. എബിനാണ് ഇത് ആദ്യം കണ്ടത്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇത് സംഭവിച്ചുകൊണ്ടിരുന്നു.

എന്തിനേറെ വീട്ടിലെ മാതാവിന്റെ കലണ്ടറില്‍ നിന്നുവരെ രക്തവും കണ്ണീരും ഒഴുകിക്കൊണ്ടിരുന്നു. അതോടെയാണ് ഈ സംഭവം പുറത്തേക്ക് അറിഞ്ഞത്. ആര്‍ക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കൃത്യമായി വിവരിക്കാന്‍ കഴിയുന്നില്ല. എന്തായാലും പള്ളിയില്‍ നിന്ന് അച്ചന്‍ മാതാവിന്റെ ഈ രൂപം എടുത്തുകൊണ്ടുപോയി. പകരം പുതിയരൂപം വച്ചു. അപ്പോഴും മാതാവിന്റെ രൂപത്തില്‍ നിന്ന് രക്തവും കണ്ണീരും ഒഴുകിയിറങ്ങി.

തുടര്‍ന്ന് കുട്ടിക്ക് മാതാവിന്റെ ദര്‍ശനങ്ങള്‍ കിട്ടിത്തുടങ്ങി. മാതാവ് തന്നോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതായി എബിന്‍ പറഞ്ഞു.

ചെറുപ്പം മുതല്‍ക്കേ എബിന്‍ മറ്റുകുട്ടികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു. സമാനപ്രായത്തിലുള്ള മറ്റുകുട്ടികളുടെ ചാപല്യങ്ങളൊന്നും എബിനുണ്ടായിരുന്നില്ല എന്നാണ് എബിന്റെ ബന്ധുവും അധ്യാപകനുമായ റീഗോ ഹൃദയവയലിനോട് പറഞ്ഞത്.

രണ്ടുദിവസം മുമ്പാണ് എബിന്റെ ജീവിതത്തില്‍ ആ അത്ഭുതം സംഭവിച്ചത്. അവന് ശരീരത്തില്‍ അത്യധികമായ വേദനയുണ്ടായി. സഹിക്കാനാവാത്ത വേദന. ഒപ്പം തലവേദനയും. ആ സമയം മാതാവ് എബിനോട് പറഞ്ഞത് ഇതായിരുന്നു,

വേഗം വീട്ടിലേക്ക് പോവുക.

സ്‌കൂളിലായിരുന്ന എബിന്‍ വീട്ടിലേക്ക് പോയി. അപ്പോള്‍ മാതാവ് എബിനോട് പറഞ്ഞുവത്രെ എന്റെ പുത്രന് കിട്ടിയ മുറിവുകള്‍ നിനക്ക് ഇപ്പോള്‍ ലഭിക്കാന്‍ പോവുകയാണ്.

ഉടന്‍ തന്നെ എബിന്റെ പിഞ്ചു ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടു.കുട്ടി അസഹനീയമായ വേദന അനുഭവിച്ചു കരഞ്ഞു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പഞ്ചക്ഷതങ്ങള്‍ അപ്രത്യക്ഷമായി.

പേരാവൂര്‍ പള്ളിയിലെ അള്‍ത്താരശുശ്രൂഷിയാണ് എബിന്റെ പിതാവ് ജോഷി. അമ്മ ലവ്‌ലി വീട്ടമ്മയാണ്. എബിന്റെ മൂത്ത സഹോദരന്‍ സിബിന്‍ സെമിനാരി വിദ്യാര്‍ത്ഥിയാണ്.

( കുട്ടിയുടെ സ്വകാര്യത പരിഗണിച്ച് കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഫോട്ടോ കൊടുക്കാത്തത്. ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോ എബിന്റെ വീട്ടിലെ മാതാവിന്റെ ചിത്രമാണ്)

You must be logged in to post a comment Login