പേരാവൂര്‍: പേരാവൂര്‍ ഇടവകയിലെ ആനയാണ്ടകരി സോണിലെ മേരിലാന്റില്‍ മുണ്ടയ്ക്കല്‍ ജോഷിയുടെ വീട്ടില്‍ നടന്ന ഈശോയുടെയും മാതാവിന്റെയും അത്ഭുതങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒക്ടോബര്‍ 14 ന് വീട്ടില്‍ നടന്ന കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ജപമാല പ്രാര്‍ത്ഥനയിലായിരുന്നു ആദ്യമായി ഈ കുടുംബത്തില്‍ പരിശുദ്ധ മറിയത്തിന്റെ അത്ഭുതം നടന്നത്. ആ അത്ഭുതത്തിന് അന്ന് ആദ്യം സാക്ഷികളായത് പേരാവൂര്‍ ഇടവകയിലെ അള്‍ത്താരശുശ്രൂഷി കൂടിയായ ജോഷിയും ഇളയമകന് എബിനുമായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് ആവര്‍ത്തിക്കപ്പെടുകയും എബിന് പഞ്ചക്ഷതം ലഭിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ 15 ന് ഈ വീട്ടിലെ തന്നെ ക്രിസ്തുരൂപത്തില്‍ നിന്ന് കണ്ണീര് പ്രവഹിച്ചു. മാതാവിന്റെ രൂപത്തിന് സമീപത്തായിരുന്നു ക്രിസ്തുരൂപം വച്ചിരുന്നത്. അതുപോലെ മാതാവിന്റെ രൂപത്തില്‍ നിന്നും രക്തക്കണ്ണീരൊഴുകി. പിറ്റേന്നു ഉച്ചകഴിഞ്ഞ് വീണ്ടും ക്രിസ്തുവിന്റെ രൂപത്തില്‍ നിന്ന് കണ്ണുനീര് ഒഴുകുകയുണ്ടായി.
ഇപ്പോള്‍ മേരിലാന്റിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നടന്ന മരിയന്‍ അത്ഭുതത്തെക്കുറിച്ചും ജോഷിയുടെ രണ്ടാമത്തെ മകന് എബിന് പഞ്ചക്ഷതം ഉണ്ടായതിനെക്കുറിച്ചും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഹൃദയവയലായിരുന്നു.
You must be logged in to post a comment Login