പിയാത്തയ്ക്ക് പുതിയ മുഖം, ലൈറ്റ് ആന്‍റ് സൗണ്ട് ഷോ 20 മുതല്‍ 23 വരെ

പിയാത്തയ്ക്ക് പുതിയ മുഖം, ലൈറ്റ് ആന്‍റ് സൗണ്ട് ഷോ 20 മുതല്‍  23 വരെ

കൊച്ചി: മൈക്കല്‍ ആഞ്ചലോയുടെ ശ്രേഷ്ഠമായ പിയാത്തക്ക് ദൃശ്യ-സംഗീത-നൃത്ത കലകളിലൂടെ പുതിയ സന്ദേശം നല്‍കി ഫാ. ഷെയ്‌സ് പൊരുന്നക്കോട് അവതരിപ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ 20 മുതല്‍ 23 വരെ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. തീര്‍ഥാടന കേന്ദ്രമായ ചേര്‍ത്തല തങ്കി സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ സഹവികാരിയായ ഫാ. ഷെയ്‌സ് പൊരുന്നക്കോട് രചനയും സംവിധാനം നിര്‍വഹിച്ച് അവതരിപ്പിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പിയാത്ത ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രോഗ്രാം ഏഴു സ്റ്റേജുകളിലായാണ് അവതരിപ്പിക്കുന്നത്.

ദൈവശാസ്ത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ഏഴിന് പ്രാധാന്യമുള്ളതുകൊണ്ടാണ് വിശ്വാസ സൗന്ദര്യ സംഗമമായ ഇത് ഏഴ് സ്റ്റേജുകളിലായി അവതരിപ്പിക്കുന്നതെന്ന് തങ്കി സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടില്‍, ഫാ. ഷെയ്‌സ് പൊരുന്നക്കോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റിവേഴ്‌സ് ക്രോണോളജിയിലൂടെയാണ് ഇതില്‍ കഥ പറയുന്നത്. നാടകം ആരംഭിക്കുന്നതും അവസാനിക്കുന്നതും യേശുവിനെ മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്‍റെ രംഗത്തിലാണ്. കൂടാതെ യേശുവിന്‍റെ പീഡാനുഭവ ചരിത്രത്തില്‍ മുഴുനീളെ പുരുഷ അതിപ്രസരമായിരുന്നു.

എന്നാല്‍ സ്ത്രീ വീക്ഷണത്തിലൂടെയാണ് പുതിയ ഈ കലാരൂപമെന്നു ഫാ. ഷെയ്‌സ് പൊരുന്നക്കോട്ട് പറഞ്ഞു. ഗായകരായ മഞ്ജരി, ജ്യോത്സ്ന, ദലീമ, ദുര്‍ഗ എന്നിവരുടെ ഗാനങ്ങളും കലാമണ്ഡലം നര്‍ത്തകരുടെ ചുവടുകളും പിയത്തയില്‍ ശ്രദ്ധയമാണെന്നു അദ്ദേഹം പറഞ്ഞു.

ഏഴു സ്റ്റേജുകളില്‍ 120 ഓളം കലാകാരന്മാർ അണിനിരക്കും. 20ന് വൈകുന്നേരം 6.30ന് എറണാകുളം എസ്എച്ച് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് കുറിയേടത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6.30നും രാത്രി 8.30നും രണ്ടു ഷോകളാണുള്ളത്. പ്രവേശന പാസ് കൗണ്ടറില്‍ നിന്നു ലഭിക്കും.

500 രൂപയാണ് ടിക്കറ്റ് നിരക്ക്. 

You must be logged in to post a comment Login