‘പാവങ്ങളുടെ ദിനം’ സംസ്ഥാനതല ആഘോഷം ഇന്ന്

‘പാവങ്ങളുടെ ദിനം’ സംസ്ഥാനതല ആഘോഷം ഇന്ന്

കൊച്ചി: ‘പാവങ്ങളുടെ ദിനം’ സംസ്ഥാനതല ആഘോഷം കൂവപ്പടി ബത്‌ലെഹം അഭയഭവനില്‍വച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് നടക്കുന്ന സമ്മേളനം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി അദ്ധ്യക്ഷത വഹിക്കും.

ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ നേതൃത്വം നല്കും. കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ബത്‌ലഹേം അഭയഭവന്‍ രക്ഷാധികാരി ജോര്‍ജ്ജ് പുത്തന്‍പുര, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വട്ടോളി CST, ഫാ. റോബര്‍ട്ട് കാളാരാന്‍, മുന്‍ ലോട്ടറി വികസന ചെയര്‍മാന്‍ ബാബു ജോസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍  ജാന്‍സി ജോര്‍ജ്ജ്, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്‍, വാര്‍ഡ് മെമ്പര്‍ സുധ രാജു, സി.എസ്.സി കോണ്‍വന്റ് തോട്ടുവ മദര്‍ ജിസ എന്നിവര്‍ പങ്കെടുക്കും. നാന്നൂറോളം അഗതികള്‍ ഒരുമിച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

നവ സുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് കത്തോലിക്കാസഭയില്‍ ആഗോളതലത്തില്‍ നവംബര്‍ 19 ദരിദ്രര്‍ക്കായുള്ള ലോകദിനാചരണത്തിന് ആഹ്വാനം ചെയ്തത്. കാരുണ്യവര്‍ഷത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചതാണ് ഈ ദിനാചരണം. കേരളത്തില്‍ കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന, മേഖലാ, രൂപതാ, ഇടവകതലങ്ങളില്‍ വിവിധ കര്‍മ്മപദ്ധതികളും, പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

പാവങ്ങളെ അവഗണിക്കുകയും ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പ്രവൃത്തികള്‍ക്കെതിരെ പ്രതികരിക്കുവാനും, പാവങ്ങളുമായി സമയം ചെലവഴിക്കുവാനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും ഈ ദിനം പ്രയോജനപ്പെടുത്തും. പാവങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന പരിപാടികള്‍ നടത്തും. പാവങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് അവരോടൊത്ത് ബലിയര്‍പ്പണം നടത്തും. നാടോടികള്‍, കോളനിനിവാസികള്‍, വിധവകള്‍ എന്നിവരുമൊത്ത് പ്രത്യേക കൂട്ടായ്മ ഒരുക്കും. അഗതിമന്ദിരങ്ങള്‍ പുന:രധിവാസകേന്ദ്രങ്ങള്‍ മുതലായവ സന്ദര്‍ശിക്കുകയും സഹായം എത്തിക്കുകയും പരിസരശുചീകരണങ്ങള്‍ നടത്തുകയും ചെയ്യും.

You must be logged in to post a comment Login