അവസാനം അത് സംഭവിച്ചു..

അവസാനം അത് സംഭവിച്ചു..

വത്തിക്കാന്‍: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത് യാഥാര്‍ത്ഥ്യമായി. ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കണ്ടുമുട്ടി. ഇന്ന് പ്രാദേശികസമയം രാവിലെ 8.30 ന് ആയിരുന്നു ആ ചരിത്രമുഹൂര്‍ത്തം. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ബുധനാഴ്ച തോറുമുള്ള പൊതുദര്‍ശന വേളയ്ക്ക് മുമ്പ്.

സ്വിസ് ഗാര്‍ഡുകള്‍ അഭിവാദ്യം ചെയ്ത് ട്രം പിനെ സ്വീകരിച്ചപ്പോള്‍ കാറില്‍ നിന്ന് വെളിയിലേക്കിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ കര്‍ദിനാള്‍ ജോര്‍ജ് ഗ്രാന്‍സെവിനും ഇതര വത്തിക്കാന്‍ പ്രമുഖരും കാത്തുനിന്നിരുന്നു. അപ്പസ്‌തോലിക് പാലസിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍ പേപ്പല്‍ ലൈബ്രററിയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ അതിഥിയെ കാത്തിരിപ്പുണ്ടായിരുന്നു. പാപ്പ സ്വാഗതം നേര്‍ന്നു.

ഒരുപാട് നന്ദി.. ഇതെനിക്ക് വലിയ ആദരവ് പോലെയാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.പുഞ്ചിരിയോടെ ഇരുവരും കസേരകളിലിരുന്നു. തനിക്ക് ഇംഗ്ലീഷില്‍ നല്ലതുപോലെ സംസാരിക്കാനറിയില്ലെന്ന് പാപ്പ പറഞ്ഞു. അതുകൊണ്ട് ദ്വിഭാഷിയെ ആവശ്യമുണ്ടെന്നും. പക്ഷേ വെരി ഹാപ്പി റ്റൂ മീറ്റ് എന്ന് പറയാനും മറന്നില്ല പാപ്പ.

പിന്നീട് ക്യാമറകള്‍ അവര്‍ക്ക് നേരെ കണ്ണടച്ചു. ഇരുവരുടെയും സംഭാഷണം 30 മിനിറ്റ് നീണ്ടു. ദ്വിഭാഷി മോണ്‍. മാര്‍ക്ക് മൈല്‍സ് മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. ഔദ്യോഗികമായ ആ കണ്ടുമുട്ടലിന് ശേഷം ഇരുവരും സമ്മാനങ്ങള്‍ പരസ്പരം കൈമാറി.

പന്ത്രണ്ട് പേരടങ്ങുന്നതായിരുന്നു ട്രംപിന്റെ സംഘം. ഭാര്യ, മകള്‍, മരുമകന്‍ എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു. ലൗദാത്തോസി, അമോറിസ് ലെറ്റീഷ്യ, ഇവാഞ്ചലി ഗാഡിയം എന്നിവയ്ക്ക് പുറമെ 2017 ലെ ലോകസമാധാന സന്ദേശത്തിന്റെ കോപ്പിയും പാപ്പ ട്രംപിന് നല്കി. മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് ജൂനിയറിന്റെ ഒരു സെറ്റ് ബുക്കുകളാണ് ട്രംപ് പാപ്പയ്ക്ക് സമ്മാനിച്ചത്.

ട്രംപിന്റെ സംഘത്തിലുണ്ടായിരുന്നവര്‍ പാപ്പയില്‍ നിന്ന് മെഡലും കൊന്തയും സ്വീകരിച്ചു.

You must be logged in to post a comment Login