പാപ്പ ഇന്ന് ഫാത്തിമായിലേക്ക്

പാപ്പ ഇന്ന് ഫാത്തിമായിലേക്ക്

വത്തിക്കാൻ:പരിശുദ്ധ മറിയം ഫാത്തിമായിലെ ഇടയക്കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാംവാർഷികാഘോഷത്തിൽ പങ്കെടുക്കാനായി ഫ്രാൻസിസ് മാർപാപ്പ  ഇന്ന് വത്തിക്കാനില്‍ നിന്ന്   യാത്ര തിരിക്കും. വൈകുന്നേരം പോർച്ചുഗലിലെ ലെയ്റിയ നഗരത്തിലെ മോണ്ടെ റിയൽ വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മാർപാപ്പയെ പോർച്ചുഗൽ പ്രസിഡന്‍റ് മാർസെലോ റെബെലോ ഡിസൂസയും പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയും ചേർന്ന് സ്വീകരിക്കും. വിമാനത്താവളത്തിലെ ചാപ്പലിൽ പാപ്പ  പ്രാർഥിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററിൽ ഫാത്തിമ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക്.  അവിടെ ചെറിയൊരു ചടങ്ങിനുശേഷം കാർമാർഗം ഫാത്തിമയിലെ തീർഥാടനകേന്ദ്രത്തിലേക്ക് പോകും. തീർഥാടനകേന്ദ്രത്തിൽ മാർപാപ്പ വിശ്വാസികൾക്കൊപ്പം ജപമാലയിലും സന്ധ്യാപ്രാർഥനയിലും പങ്കെടുക്കും.

നാളെ പ്രാദേശികസമയം രാവിലെ പത്തിന് ഫാത്തിമ ബസിലിക്ക അങ്കണത്തിലെ തുറന്ന വേദിയിൽ മാർപാപ്പ ദിവ്യബലിയർപ്പിക്കും. ദിവ്യബലിമധ്യേ പരിശുദ്ധ ദൈവമാതാവിന്‍റെ ദിവ്യദർശനം ലഭിച്ച വാഴ്ത്തപ്പെട്ട ഫ്രാൻസിസ്കോയേയും ജസീന്തയേയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തും.

ഇന്നു രാത്രിയിലും നാളെ രാത്രിയിലും ഫാത്തിമയിലെ തീർഥാടനകേന്ദ്രത്തിൽ ലക്ഷക്കണക്കിനു തീർഥാടകർ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും. മാർപാപ്പയുടെ സന്ദർശനത്തിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സർക്കാർ അറിയിച്ചു.

You must be logged in to post a comment Login