വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുള്ള സമയം ചാറ്റിംങിനുള്ളതല്ല, ധ്യാനിക്കാനുള്ളതാണ്: പാപ്പ

വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുള്ള സമയം ചാറ്റിംങിനുള്ളതല്ല, ധ്യാനിക്കാനുള്ളതാണ്: പാപ്പ

വത്തിക്കാന്‍: വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് പൊതുവെ കണ്ടുവരുന്ന പ്രവണതയെക്കുറിച്ചായിരുന്നു ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിച്ചത്. കുര്‍ബാനയ്ക്ക് മുമ്പ് ചുറ്റിനുമിരിക്കുന്നവരോട് കുശലാന്വേഷണം നടത്തുന്നത് വ്യാപകമാണ്. എന്നാല്‍ ഈ സമയം നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കാനുള്ളതാണെന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി. ദൈവവുമായി കണ്ടുമുട്ടുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണിത്.

വിശുദ്ധ കുര്‍ബാനയ്ക്ക് നാം പോകുമ്പോഴെല്ലാം പരമാവധി അഞ്ച് മിനിറ്റെങ്കിലും നേരത്തെ എത്തിച്ചേരണം. ഈ സമയം അടുത്തിരിക്കുന്നവരോട് കുശലം തിരക്കാന്‍ വേണ്ടി നീക്കിവയ്ക്കരുത്. മറിച്ച് പ്രാര്‍ത്ഥിക്കാനായി ഉപയോഗിക്കുക.

വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുള്ള നിശ്ശബ്ദമായ പ്രാര്‍ത്ഥനയും അതിനു വേണ്ടിയുള്ള സമയവും വളരെ പ്രധാനപ്പെട്ടതാണ്. പ്രാര്‍ത്ഥനയെന്നത് ആദ്യമായും ആത്യന്തികമായും സംഭാഷണമാണ്.. ദൈവവുമായിട്ടുള്ള വ്യക്തിപരമായ ബന്ധമാണ്. ഏതൊരു സംഭാഷണത്തിനു മുമ്പും നിശ്ശബ്ദത ആവശ്യമായിരിക്കുന്നതുപോലെ ദൈവവുമായുള്ള സംഭാഷണത്തിന് മുമ്പും നിശ്ശബ്ദത അത്യാവശ്യമാണ്.

പ്രാര്‍ത്ഥന ഒരിക്കലും ബുദ്ധിമുട്ടുള്ള സംഗതിയല്ലെന്നും പാപ്പ പറഞ്ഞു പ്രാര്‍ത്ഥനയില്‍ ആദ്യം നാം ദൈവത്തെ പിതാവേ എന്ന് വിളിക്കുക. ശിശുസഹജമായ പ്രത്യാശയും ശരണവും നാം അതില്‍ പ്രകടിപ്പിക്കുക. പലപ്പോഴും മറ്റ് പല കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നതുകൊണ്ടാണ് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടാതെ പോകുന്നത്. ഈ തിരക്കുകള്‍ക്കിടയില്‍ നമ്മുക്ക് അത്യാവശ്യമായിട്ടുള്ളത് എന്തെന്ന് നാം മനസ്സിലാക്കാതെ പോകുന്നു.

നമ്മുടെ എല്ലാ ബലഹീനതകളോടും കൂടി ക്രിസ്തു നമ്മെ വിളിക്കുന്നു. ഓരോ ദിവ്യബലിയും അവിടുത്തോടുകൂടി ആയിരിക്കാനുള്ള ദൈവത്തിന്റെ ക്ഷണമാണ്. വലിയൊരു കൃപയാണിത്.പാപ്പ പറഞ്ഞു.

You must be logged in to post a comment Login