പ്രാര്‍ത്ഥന തുണയായി; സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്കുള്ള യാത്രക്കാര്‍ മണ്ണിടിച്ചിലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രാര്‍ത്ഥന തുണയായി; സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്കുള്ള  യാത്രക്കാര്‍ മണ്ണിടിച്ചിലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട്: കനത്ത മഴ പാലക്കാടിന്റെ മുഖഛായ മാറ്റിയെഴുതി പെയ്തു തീര്‍ന്നപ്പോള്‍ നാശനഷ്ടങ്ങളുടെ കണക്കില്‍പെടാതെ മണ്ണിടിച്ചിലിന്റെ മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എണ്‍പതിലേറെ യാത്രക്കാര്‍. പാലായില്‍ നിന്ന് സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക് ധ്യാനത്തിനായി പുറപ്പെട്ടവരായിരുന്നു ഇവര്‍.

പാലായില്‍ നിന്ന് രാത്രി പുറപ്പെടുന്ന ബസ് രാവിലെയാണ് ആനക്കട്ടിയിലെത്തുന്നത്. രാത്രിയും കൂട്ടിന് വന്ന തണുപ്പും മൂലം എല്ലാവരും ബസില്‍ ഉറക്കത്തിലായിരുന്നു. കണ്ടക്ടര്‍ ഡോജിയും ഡ്രൈവര്‍ ലൂക്കോസും ഉള്‍പ്പടെയുള്ള എണ്‍പത് യാത്രക്കാരില്‍ 60 പേര്‍ സ്ത്രീകളായിരുന്നു. മൂന്നു കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

ജാഗ്രതയോടെ ചുരത്തിലൂടെ വണ്ടിയോടിക്കുകയായിരുന്നു ലൂക്കോസ്. പുറത്ത് അപ്പോഴെല്ലാം ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ബസ് പത്താം മൈലിലെ വളവിനോട് അടുത്തപ്പോഴാണ് അപ്രതീക്ഷിതമായിട്ടെന്തോ സംഭവിക്കാന്‍ പോവുകയാണെന്ന നടുക്കം ലൂക്കോസിന് മനസ്സിലായത്. തൊട്ടടുത്ത നിമിഷം മുന്നിലെ ചില്ലിലൂടെ ഒരു കറുത്ത നദിയൊഴുകുന്നത് ഞെട്ടലോടെ അയാള്‍ കണ്ടു.

പിന്നെ അടുത്ത നിമിഷത്തില്‍ മുന്നിലേക്ക് വലിയൊരു മരം മറിഞ്ഞുവീണു. മണ്ണും പാറയും മരങ്ങളും റോഡിലേക്ക് വഴിതെറ്റിയെന്നോണം ഇറങ്ങിവന്നപ്പോള്‍ ബസിനുള്ളില്‍ നിന്ന് കൂട്ടക്കരച്ചിലുകളുയര്‍ന്നു. മലയിടിച്ചിലില്‍ ജീവിതം അവസാനിക്കുകയാണെന്ന് എല്ലാവരും ഭയപ്പെട്ടു. നഷ്ടപ്പെടാന്‍ പോകുന്ന ജീവന്റെ അവസാനവിനാഴികയില്‍ എല്ലാവര്‍ക്കും ചെയ്യാനുണ്ടായിരുന്നത് ഒന്നേയുണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥന..

മഴയെക്കാള്‍ ശക്തമായി അവരുടെ പ്രാര്‍ത്ഥനകള്‍ പെയ്തു. അതിനിടയില്‍ അഗ്നിശമന സേനയുടെയും പോലീസിന്റെയും സഹായം ചോദിച്ചുകൊണ്ടുള്ള ഫോണ്‍വിളികളും നടക്കുന്നുണ്ടായിരുന്നു. സുരക്ഷിതമായ സ്ഥലത്തേക്ക് യാത്രക്കാരെ മാറ്റിനിര്‍ത്താന്‍ ബസ് ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അപ്പോഴേയ്ക്കും സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ വിവരമറിഞ്ഞു. ചുരത്തില്‍ മണ്ണിടിച്ചിലില്‍ പെട്ട് ബസ് യാത്രക്കാര്‍. അവരില്‍ ഏറെയും ധ്യാനകേന്ദ്രത്തിലേക്കുള്ളവരാണെന്നും അവര്‍ക്കറിയാമായിരുന്നു.സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സെഹിയോന്‍ ശുശ്രൂഷകരും പങ്കാളികളായി.

പിന്നീട് എല്ലാവരെയും സുരക്ഷിതമായി വാഹനത്തില്‍ ധ്യാനകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. മരണത്തിന്റെ മണ്ണിടിച്ചിലില്‍ നിന്ന് ദൈവം തങ്ങളെ രക്ഷിച്ചതിന്റെ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കണമെന്നറിയാതെ കരയുകയാണ് യാത്രക്കാര്‍.

You must be logged in to post a comment Login