ഞങ്ങൾ പ്രാര്‍ത്ഥിക്കാം

ഞങ്ങൾ പ്രാര്‍ത്ഥിക്കാം

ഞങ്ങൾ പ്രാർത്ഥിക്കുന്നു ലൊറെയ്ൻ,
നിന്നെപ്പോലുള്ള മക്കൾക്കായി…

‘ഹൃദയവയൽ’ മാധ്യമ ശുശ്രൂഷ ആരംഭിച്ച വേള. സോഷ്യൽ മീഡിയയിലൂടെ അനേകരിൽ എത്തിച്ചേർന്നു ഹൃദയവയലിന്റെ സന്ദേശം. വായനക്കാർക്ക് അവരുടെ പ്രാർത്ഥനാവിഷയങ്ങൾ അറിയിക്കാൻ ഒരു ലിങ്ക് അന്നേ നൽകിയിരുന്നു. എല്ലാ ദിവസവും രാത്രി ഒരുമണിക്കൂർ ഈ നിയോഗങ്ങൾ ദൈവസന്നിധിയിൽ അർപ്പിക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടും. ഇതിനായി ഒരു ടെലി കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുള്ള ഹൃദയവയൽ പ്രവർത്തകർ ആ സമയം ടെലിഫോൺ ലൈനിൽ ഒരുമിച്ചെത്തും.

ഇങ്ങനെയൊരു പ്രാർത്ഥനക്കിടയിൽ തികച്ചും അസാധാരണമായ ഒരു പ്രാർത്ഥനാവിഷയം കണ്ണിലുടക്കി. എറണാകുളത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ലൊറെയ്ൻ എന്ന പേരിൽ ഒരു പെൺകുട്ടി. പ്ലസ് ടു പരീക്ഷ മികച്ച മാർക്കോടെ നേടിയ അവൾക്ക് പ്രൊഫഷണൽ കോഴ്‌സിനു ചേരണം. ഫീസ് അടക്കാനുള്ള അവസാനദിവസം നാളെയാണ്. ആ സാധാരണ കുടുംബത്തിന് അപ്പോൾ അപ്രാപ്യമായ ഒരു തുകയാണ് ഫീസ്. പലവഴികളിൽ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. അതിനിടയിൽ ഇടവകയിലെ കൊച്ചച്ചനാണ് പറഞ്ഞത് ‘ഹൃദയവയൽ’ ടീമിനോട് പ്രാർത്ഥനാസഹായം തേടാൻ.

അവളുടെ ഇമെയിൽ ഞങ്ങൾ വായിച്ചു; പ്രാർത്ഥിച്ചു. പെട്ടെന്ന് ഒരു ഉൾപ്രേരണ. ഈ കുട്ടിയെ എന്തുകൊണ്ട് നേരിട്ടു സഹായിച്ചുകൂടാ? പിറ്റേന്ന് രാവിലെ അവളുടെ അക്കൗണ്ടിൽ പണം എത്തി. ഒരിക്കൽ ഹൃദയവയൽ ഓഫീസിൽ നന്ദിപറയാൻ അവൾ വന്നു; ഒപ്പം അവളുടെ പിതാവും ചേച്ചിയും.
അവൾ ഒന്നേ ചോദിച്ചുള്ളൂ: “അങ്കിൾ, ഞാനൊരു തട്ടിപ്പുകാരി അല്ലെന്ന് എങ്ങിനെയാണ് മനസിലായത്?”
“കുഞ്ഞേ, ഞങ്ങൾ നൽകുന്നത് യേശുവിനാണ്. നിന്റെ ഈമെയിലിൽ ഞങ്ങൾ കണ്ടതും യേശുവിനെയാണ്.” അവളുടെ കൺകോണുകൾ നിറയുന്നത് കണ്ടു.

ഏറ്റവും ശക്തമായ ആയുധമാണ് പ്രാർത്ഥന; തകർക്കാനാവാത്ത സംരക്ഷണത്തിന്റെ കോട്ടയും അതുതന്നെ. പ്രാർത്ഥനയുടെ ശക്തി അടുത്തറിഞ്ഞവരാണ് ഞങ്ങൾ.

നിങ്ങളുടെ ഹൃദയനൊന്പരങ്ങൾ എന്തുതന്നെയായാലും ഞങ്ങൾക്കെഴുതുക. അത് ഞങ്ങളെ അറിയിക്കാനുള്ള ഇടമാണ് ഇത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിങ്ങൾക്ക് കുറിപ്പുകൾ അയക്കാം. നിങ്ങളുടെ വിലാസവും ഫോൺ നന്പറും ചേർക്കാൻ മറക്കരുത്.

You must be logged in to post a comment Login