മുറി തെറ്റി ദിവ്യകാരുണ്യം നല്കാനായി ആശുപത്രിയിലെത്തിയ വൈദികന്‍ സാക്ഷ്യം വഹിച്ചത് ഒരു അത്ഭുതത്തിന്..

മുറി തെറ്റി ദിവ്യകാരുണ്യം നല്കാനായി ആശുപത്രിയിലെത്തിയ വൈദികന്‍ സാക്ഷ്യം വഹിച്ചത് ഒരു അത്ഭുതത്തിന്..

ലോസ് ആഞ്ചല്‍സ്: പുതുവര്‍ഷം ആരംഭിക്കുന്നതിന്റെ തലേരാത്രിയായിരുന്നു അത്. പഴയ വര്‍ഷം അവസാനിക്കാനും പുതിയ വര്‍ഷം ആരംഭിക്കാനും ഏതാനും മണിക്കൂറുകള്‍ മാത്രം. അപ്പോഴാണ് സിമി വാലിയിലെ സെന്റ് റോസ് ഓഫ് ലിമയിലെ വികാരിയായ ഫാ. ജോര്‍ജിയോ ഹിഡാല്‍ഗോയ്ക്ക് ആശുപത്രിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നത്.

ഒരു സ്ത്രീക്ക് വിശുദ്ധ കുര്‍ബാന കൊടുക്കണം എന്നതായിരുന്നു അത്. ന്യൂഇയര്‍ ആയതുകൊണ്ട് സ്വഭാവികമായും തോന്നിയ ഒരാഗ്രഹം മാത്രമായിരുന്നു അത്. സിമി വാലി ഹോസ്പിറ്റലിലെ രോഗികളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അച്ചനായിരുന്നു. അച്ചന്‍ വേഗം തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

അവിടെയായിരുന്നു ദൈവത്തിന്റെ ഇടപെടല്‍. ആര്‍ക്കാണോ ദിവ്യകാരുണ്യം നല്കാനായി ആശുപത്രിക്കാര്‍ വിളിച്ചുവരുത്തിയത് ആ മുറിയിലേക്കല്ല മറ്റൊരു മുറിയിലേക്കായിരുന്നു അച്ചന്‍ കടന്നു ചെന്നത്. അച്ചന്‍ ആ മുറിയിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഒരു സ്ത്രീ മരിക്കാറായി കിടക്കുകയായിരുന്നു. സമീപത്ത് ഒരു ബന്ധുവുമുണ്ടായിരുന്നു.

രോഗിക്ക് അസുഖം കൂടുതലാണെന്ന് ബന്ധു അച്ചനോട് പറഞ്ഞു. അച്ചന്‍ അവരുടെ അടുക്കലെത്തി ചോദിച്ചു. കുമ്പസാരിക്കാനോ ദിവ്യകാരുണ്യം സ്വീകരിക്കാനോ ആഗ്രഹമുണ്ടോ? ഉവ്വെന്ന് ആ സ്ത്രീ പറഞ്ഞു. അച്ചന്‍ അവരെ കുമ്പസാരിപ്പിച്ചു, വിശുദ്ധ കുര്‍ബാനയും രോഗീലേപനവും നല്കി. അധികം വൈകാതെ ആ സ്ത്രീ മരിച്ചു.

പിന്നീട് നേഴ്‌സിനോട് സംസാരിച്ചപ്പോഴാണ് അച്ചന്‍ മനസ്സിലാക്കിയത് താന്‍ തെറ്റായ മുറിയിലേക്കാണ് കടന്നുചെന്നതെന്ന്.

പക്ഷേ എന്റെ അബദ്ധം ദൈവം അനുഗ്രഹമായി മാറ്റി.. എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട അബദ്ധമായിരുന്നു അത്. അത് മനോഹരമായ നിമിഷമായിരുന്നു. അച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

കൂദാശകള്‍ സ്വീകരിച്ച് നന്മരണം പ്രാപിച്ച ആ സ്ത്രീയുടെ മുഖം പ്രസന്നവും ശാന്തവുമായിരുന്നുവെന്നും അച്ചന്‍ ഓര്‍മ്മിക്കുന്നു. ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനാണ്. തിരുപ്പിറവിയുടെ ദൃശ്യം കാണാന്‍നാം പള്ളികളിലേക്ക് മാത്രമല്ല പോകേണ്ടത്. എവിടെയും നാം ജീവിക്കുന്ന ഏതു പരിസരങ്ങളിലും തിരുപ്പിറവി നടന്നുകൊണ്ടിരിക്കുകയാണ്. അച്ചന്‍ കുറിക്കുന്നു.

You must be logged in to post a comment Login