കേരളസഭ ദൈവവിളികളാല്‍ സമൃദ്ധം. നവ വൈദികാഭിഷേകങ്ങള്‍ റിക്കാര്‍ഡ് നിരക്കിലേക്ക്…

കേരളസഭ ദൈവവിളികളാല്‍ സമൃദ്ധം.  നവ വൈദികാഭിഷേകങ്ങള്‍ റിക്കാര്‍ഡ് നിരക്കിലേക്ക്…

ദൈവവിളികള്‍ കുറയുന്നു എന്ന് പരക്കെ കേള്‍ക്കപ്പെടുമ്പോഴും ദൈവവിളികളുടെ കാര്യത്തില്‍ കേരളസഭ ഒട്ടും പിന്നിലല്ല എന്നതാണ് സത്യം. അതിനുള്ള തെളിവാണ് ഈ ദിവസങ്ങളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ വൈദികാഭിഷേകങ്ങളുടെ എണ്ണം.

കേരളത്തിലെ മൂന്ന് പ്രധാന സഭകളില്‍ നിന്നും നിരവധി ഡീക്കന്മാര്‍ ഈ ദിവസങ്ങളില്‍ വൈദികരായി അഭിഷേകം ചെയ്യപ്പെടാന്‍ പോകുന്നു. സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ എണ്ണം ഇരുനൂറിന് മേലെയാണ്. എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് 21 പേരാണ് നവവൈദികരായി മാറുന്നത്.ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്ന് 17, തലശ്ശേരി 10, തൃശൂര്‍ 6, ഇരിങ്ങാലക്കുട 8 എന്നിങ്ങനെ പോകുന്നു ഈ എണ്ണം.

അപൂര്‍ണ്ണമെങ്കിലും ഒരു ലിസ്റ്റ് പ്രകാരം സിഎംഐ സഭയ്ക്ക് 47 ഉം എംസിബിഎസ് സഭയ്ക്ക് 18 ഉം വിന്‍സെന്‍ഷ്യന് 14 ഉം വൈദികരെ ഈ ദിവസങ്ങളില്‍ ലഭിക്കും. വേറെയും എത്രയോ സഭകളും അവിടെ നിന്നുള്ള വൈദികരും ഉണ്ട് എന്നതും മറക്കരുത്.

ലത്തീന്‍സഭയുടെ കേരളത്തിലെ 12 രൂപതകളില്‍ നിന്നും ഇതുപോലെ തന്നെ വൈദികാഭിഷേകങ്ങള്‍ നടക്കാനിരിക്കുന്നു. സീറോ മലങ്കരസഭയ്ക്ക് 54 തിരുപ്പട്ടങ്ങള്‍ ഈ വര്‍ഷം ഉണ്ടെന്നാണ് ഒരു കണക്ക്. ഇവയൊന്നും കൃത്യമായ കണക്കുകളല്ല എങ്കില്‍ പോലും ഇതിനെക്കാള്‍ എണ്ണം കൂടാനേ സാധ്യതയുള്ളൂ എന്ന കാര്യത്തില്‍ നമുക്ക് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം.

ഈ വൈദികര്‍ക്കെല്ലാം നമുക്ക് പ്രാര്‍ത്ഥനകള്‍ നേരാം..നിത്യപുരോഹിതനായ ഈശോയുടെ കരങ്ങളിലേക്ക് ഇവരെയെല്ലാം സമര്‍പ്പിക്കുകയും ചെയ്യാം.

സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്ന വിശുദ്ധരായ വൈദികരായി ഇവര്‍ മാറട്ടെ. ഹൃദയവയലിന്റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും.

You must be logged in to post a comment Login