നിങ്ങള്‍ ഞങ്ങളുടെ ദൈവമാണ്…

നിങ്ങള്‍ ഞങ്ങളുടെ ദൈവമാണ്…

ഏറെ നാളുകള്‍ക്ക ശേഷം ഞാന്‍ വീണ്ടും കഴിഞ്ഞ ദിവസം ആന്‍ഡ്രൂസച്ചനെ ഓര്‍ത്തുപോയി. ഞങ്ങളുടെ ആദ്യ ഇടവകയായ പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ കൊച്ചച്ചനായിരുന്നു അദ്ദേഹം. ഇരുപത്തിയെട്ടോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കണം അത്.

അന്ന് ശനിയാഴ്ചകളില്‍ മാതാവിന്റെ നൊവേനയ്ക്ക് പങ്കെടുക്കാന്‍ അമ്മയ്‌ക്കൊപ്പം പോകുന്നതായിരുന്നു ഇടവകദേവാലയവുമായുണ്ടായിരുന്ന ഏക ബന്ധം. അടുത്തായിരുന്നതിനാല്‍ ഞായറാഴ്ചകളില്‍ സെന്റ് വിന്‍സെന്റ് ആശ്രമദേവാലയത്തിലായിരുന്നു കുര്‍ബാനയും വേദപഠനവും.

അക്കാലങ്ങളിലെന്നോ വീടു സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു ആന്ഡ്രൂസച്ചനുമായുള്ള അടുപ്പം. എന്തോ അതുവരെയുണ്ടായിരുന്ന, പരിചയിച്ചിരുന്ന അച്ചന്മാരില്‍ നിന്നെല്ലാം തുലോം വ്യത്യസ്തനായിരുന്നു ആന്‍ഡ്രൂസച്ചന്‍. അദ്ദേഹം എന്നോട് പതിവില്‍ കവിഞ്ഞ അടുപ്പം കാണിച്ചു. സ്‌നേഹം കാണിച്ചു. പള്ളിയുമായി അടുത്തുനില്ക്കണമെന്ന് പറഞ്ഞു. ഇടയ്ക്കിടെ ഇടവകപ്പള്ളിയിലേക്ക് വരണമെന്നും പറഞ്ഞു. പാവം ഞാന്‍.

അനാരോഗ്യവും അപകര്‍ഷതയും ഇല്ലായ്മകളും ഒക്കെ ചേര്‍ന്ന് വല്ലാണ്ട് ഞെരുക്കിക്കളഞ്ഞിരുന്ന അക്കാലത്ത് അച്ചന്‍ നല്കിയ സ്‌നേഹം എന്നെ സംബന്ധിച്ച് പുതുമയായിരുന്നു. കഴിവുള്ളവരെ സ്‌നേഹിക്കുകയും അവരെ മാത്രം ചേര്‍ത്തുനിര്‍ത്തുകയും ചെയ്തിരുന്ന അച്ചന്മാരെയേ ഞാന്‍ അതുവരെ പരിചയിച്ചിട്ടുണ്ടായിരുന്നുള്ളൂ.

പക്ഷേ യാതൊരു കഴിവുമില്ലാത്ത, അസാധാരണമായി യാതൊന്നുമില്ലാത്ത എന്നെ അദ്ദേഹം സവിശേഷമായി പരിഗണിച്ചുവെന്നത് അന്ന് വല്ലാത്ത ആത്മവിശ്വാസം ഉള്ളില്‍ ജനിപ്പിച്ചിരുന്നു. ഞാനില്ലാതെ നൊവേനയ്ക്ക് ചെല്ലുമ്പോള്‍ അമ്മയെ കാണുമ്പോള്‍ അച്ചന്‍ എന്നെ തിരക്കുകയും അവനോട് വരാന്‍ പറയണമെന്ന് പറഞ്ഞുവിടുകയും ചെയ്തു. അതനുസരിച്ച് ഏതോ ഒരു കുര്‍ബാന കഴിഞ്ഞപ്പോള്‍ അച്ചനെ കാണാന്‍ പോയതും ഓര്‍മ്മിക്കുന്നു ഞാന്‍. അച്ചന്‍ അന്ന് തിരുവസ്ത്രം അഴിച്ചുവച്ച് വാതില്ക്കല്‍ നിന്നിരുന്ന എന്റെ അടുക്കലേക്ക് വന്നതും.

പിന്നെയെന്നോ അറിഞ്ഞു അച്ചന്‍ സ്ഥലം മാറിപോയെന്ന്.. വീട്ടുപേര് അറിയില്ലാത്തതുകൊണ്ട് അച്ചനെക്കുറിച്ചുള്ള അന്വേഷണം എവിടെയോ മുറിഞ്ഞുപോയി. അച്ചന്റെ പേരിലുള്ള ചിലരൊക്കെ സെമിനാരികളുടെയും മറ്റും തലപ്പത്ത് എത്തിയിരിക്കുന്നതായി അടുത്തയിടെ ചില പത്രവാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാന്‍ സംശയിച്ചുപോയി അത് എന്റെ ആന്‍ഡ്രൂസച്ചനായിരിക്കുമോ..

അച്ചന്റെ പേരിനപ്പുറം ആ മുഖംപോലും ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ ഇല്ലാത്തതുകൊണ്ട് ഇനിയെന്നെങ്കിലും എനിക്ക് അച്ചനെ കണ്ടെത്തുവാന്‍ കഴിയുമോ എന്നും അറിയില്ല.

ഒരു അച്ചനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പായിട്ടല്ല ഇത്രയുമെഴുതിയത്. മറിച്ച് ഒരു വൈദികന്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചില ചിന്തകള്‍ പങ്കുവയ്ക്കാനിരുന്നപ്പോള്‍ ആന്‍ഡ്രൂസച്ചനെ ഓര്‍ത്തുപോയതാണ്.

നന്നായി പാട്ടുകുര്‍ബാന അര്‍പ്പിക്കുകയും നന്നായി പ്രസംഗിക്കുകയും നല്ല രീതിയില്‍ സംഘടനപ്രവര്‍ത്തനവുമുള്ള വൈദികരെ വിശ്വാസികള്‍ ഇഷ്ടപ്പെടുന്നതുപോലെ തന്നെയാണ് നല്ല ചുറുചുറുക്കും കഴിവും സാമര്‍ത്ഥവ്യുമുള്ള ചെറുപ്പക്കാരെയേ വൈദികര്‍ക്കും ഇഷ്ടമാകാറുള്ളൂ. ഇടവകകളിലെ യാതൊരുകഴിവുമില്ലാത്ത, ചുറുചുറുക്കില്ലാത്ത എത്ര ചെറുപ്പക്കാരെ നമ്മുടെ വൈദികര്‍ സ്വീകരിക്കുന്നുണ്ട്.. പണവും അധികാരവും സൗന്ദര്യവുമെല്ലാം കണക്കിലെടുത്ത് വൈദികര്‍ ഇത്തരക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ കൂട്ടം തെറ്റിപ്പോയ ഒരാടിന്റെ പിന്നാലെ പോകുന്ന നല്ല ഇടയന്റെ ജീവിതത്തിന് വിരുദ്ധസാക്ഷ്യമാണല്ലോ നല്കുന്നതെന്ന സങ്കടം എന്നുമുണ്ടായിട്ടുണ്ട്.

ഇത് ഏതെങ്കിലും വൈദികര്‍ക്ക് നേരെയുള്ള കൈചൂണ്ടലൊന്നുമല്ല. അങ്ങനെ ചൂണ്ടാന്‍ മാത്രം വിശേഷപ്പെട്ട ജീവിതവുമല്ല എന്റേത്. പക്ഷേ ക്രിസ്തു ആഗ്രഹിക്കുന്ന വിധത്തില്‍ നിന്ന് നമ്മുടെ വൈദികരൊക്കെ മാറിനടക്കുന്നുണ്ട് എന്നത് വല്ലാത്ത വേദനയുണ്ടാക്കുന്ന കാലഘട്ടമാണിത്.

ദൈവവിളിയെ സവിശേഷമായ വിളിയായിതന്നെയാണ് ഞാന്‍ കാണുന്നത്. അതങ്ങനെ തന്നെയാണ് താനും. ദൈവം വിളിക്കാതെയും ദൈവം അഭിഷേകം ചെയ്യാതെയും ആര്‍ക്കും അവനവരായിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. അത് വൈവാഹികജീവിതമാകട്ടെ, സന്യസ്ത ജീവിതമാകട്ടെ, പൗരോഹിത്യജീവിതമാകട്ടെ എന്തുമായിക്കൊള്ളട്ടെ അവിടെയെല്ലാം ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളുണ്ട്.

വിളിക്ക് അനുസരിച്ചുള്ള ജീവിതം നയിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരും വിധിക്കപ്പെട്ടിരിക്കുന്നവരുമാണ് ഈ വിളികേള്‍ക്കുന്നവരെല്ലാം. അപ്പോള്‍ ഞങ്ങളും മനുഷ്യരാണ്, ഞങ്ങളും ബലഹീനരാണ് എന്ന മട്ടിലുള്ള ന്യായവാദങ്ങള്‍ ഒരു അവസ്ഥയിലും തീര്‍ത്തും സ്വീകാര്യമല്ല.

എട്ടൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഇടവകദേവാലയത്തില്‍ വച്ച് വിവാഹിതനാകുമ്പോള്‍ ദൈവത്തിനും ബന്ധുക്കള്‍ക്കും മുമ്പാകെ ഞാന്‍ എന്റെ ഭാര്യക്ക് ഒരു വാക്ക് കൊടുത്തിരുന്നു. ഇന്നുമുതല്‍ മരണം വരെ..ആരോഗ്യത്തിലും അനാരോഗ്യത്തിലും….

ഇത് ഞാന്‍ നല്കിയ വാക്കാണ്. പക്ഷേ എന്റെ ബലഹീനതകളും വൈകല്യങ്ങളും പരിമിതികളും കുറവുകളും ഈ വാക്ക് പാലിക്കുന്ന കാര്യത്തില്‍ എനിക്ക് ഇടര്‍ച്ച വരുത്തിയിട്ടുണ്ടാവാം. ഇന്നലെയോ ഇന്നോ ഞാന്‍ വാക്ക് തെറ്റിച്ചിട്ടുണ്ടാകാം.. നാളെയും അത് സംഭവിച്ചുകൂടായ്കയുമില്ല.

പക്ഷേ അങ്ങനെ സംഭവിക്കുമ്പോള്‍ പോലും അതിന് എനിക്ക് ന്യായീകരണം കിട്ടുന്നില്ല. കാരണം ഞാന്‍ ഉടമ്പടി ലംഘിച്ചിരിക്കുകയാണ്.ഞാന്‍ പാപപ്രവണതയുള്ളവനാണെന്നോ പാപത്തിലേക്ക് ചായ് വുള്ളവനാണന്നോ ഉള്ള സ്വയം ന്യായീകരണങ്ങള്‍ കൊണ്ട് എനിക്ക് എന്റെ ഭാര്യയെയോ മറ്റുള്ളവരെയോ നേരിടാനാവില്ല. അത് എന്റെ തെറ്റാണ്.എന്റെ മാത്രം തെറ്റ്. കാരണം മറ്റാരും പറഞ്ഞിട്ടില്ല ഞാന്‍ വിവാഹിതനായത്. അത് എന്‍റെ തിരഞ്ഞെടുപ്പായിരുന്നു. ആ വിളിക്ക് താന്‍ ഉത്തരം നല്കുന്പോള്‍ അത് ഏല്പിക്കുന്ന എല്ലാ കടമകളോടും ഞാന്‍ നീതി പുലര്‍ത്തണം..വിശ്വസ്തത പുലര്‍ത്തണം. അതെന്നില്‍ നിന്നുമുള്ള ആവശ്യപ്പെടലാണ്. അവിടെ മറ്റൊരു രീതിയിലുള്ള ഒഴികഴിവുകള്‍ക്ക് സ്ഥാനമില്ല.

അതുപോലെയല്ലേ വൈദികനും? അദ്ദേഹം സ്വയം തിരഞ്ഞെടുത്തിരിക്കുന്ന അവസ്ഥയാണത്. ആരും നിര്‍ബന്ധിച്ചതല്ല. അപ്പോള്‍ സ്വയം തിരഞ്ഞെടുത്ത ആ അവസ്ഥയോട് അതുമുതല്‍ മരണം വരെ വിശ്വസ്തത പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.
സംശയമെന്ത്?

വൈദികന്റെ ഇടര്‍ച്ചകളെ പൊതു ലോകം പര്‍വതീകരിക്കുന്നതിന് ഒന്നേയുള്ളൂ കാരണം. അവര്‍ വൈദികരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.. കൂടുതല്‍ നന്മ.. കൂടുതല്‍ വെളിച്ചം.

ദൈവത്തിന്റെ പ്രതിപുരുഷന്മാരായിതന്നെയാണ് നിങ്ങളെ ഞങ്ങള്‍ കാണുന്നത്. അല്ലെങ്കില്‍ എന്തു ധൈര്യത്തിലാണ് നിങ്ങളുടെ അടുക്കല്‍ വന്ന് ഞങ്ങള്‍ ഞങ്ങളുടെ പാപങ്ങളെല്ലാം ഏറ്റുപറയുന്നത്.. നിങ്ങളുടെ ആശീര്‍വാദത്തിനായി ശിരസ് കുനിക്കുന്നത്..നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചോദിക്കുന്നത്.. തീര്‍ച്ചായയും നിങ്ങള്‍ വളരെ ഉയര്‍ന്നുനില്ക്കുന്നവരാണ്.ഞങ്ങളെക്കാള്‍ വിശുദ്ധരായി മാറേണ്ടവരാണ്..ഞങ്ങളെക്കാള്‍ വിശുദ്ധരാണ്.

മനുഷ്യര്‍ക്കിടയില്‍ തെറ്റുകള്‍ സംഭവിക്കാം..മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെടാം.പക്ഷേ ദൈവത്തിന് തെറ്റുപറ്റാറില്ലെന്ന് നമുക്കറിയാം..ദൈവത്തിലുള്ള വിശ്വാസം നമുക്ക് നഷ്ടമാകാന്‍ പാടില്ലെന്നും നമുക്കറിയാം. വൈദികര്‍ക്ക് ഇടര്‍ച്ചയുണ്ടാകുമ്പോള്‍ സാധാരണ ജനം കരുതുന്നത് ദൈവത്തിന്റെ വഴി പിഴച്ചുപോയെന്നാണ്..ദൈവത്തെയും വിശ്വസിക്കരുതെന്നാണ്.

യൂറോപ്പിലെല്ലാം ദൈവവിശ്വാസം നഷ്ടമാകാന്‍ കാരണം ലൗകികതയ്ക്ക് കീഴ്‌പ്പെട്ടുജീവിച്ച വൈദികരായിരുന്നുവെന്ന ചരിത്രം നാം വിസ്മരിക്കരുത്.. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോഴും വിശുദ്ധ കുമ്പസാരം നല്കുമ്പോഴും മാത്രമല്ല നിങ്ങള്‍ വിശുദ്ധരാകേണ്ടത്.. അതിന്‌ശേഷവും തിരുവസ്ത്രങ്ങള്‍ അഴിച്ചുവച്ച് ജീവിക്കുമ്പോഴും വിശുദ്ധിയുടെ സുഗന്ധം നിങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടുപോകരുത്.

.നിങ്ങള്‍ക്ക് വഴിപിഴച്ചാല്‍ ഞങ്ങളുടെ ചുവടുകളെ ആരു തിരുത്തിത്തരും? നിങ്ങള്‍ പാപം ചെയ്താല്‍ ഞങ്ങളുടെ പാപങ്ങള്‍ക്ക് ആരു മോചനം നല്കും? നിങ്ങള്‍ ഞങ്ങളുടെ ദൈവമാണ്.. കാണപ്പെടാത്ത ദൈവത്തിലേക്കുള്ള കാണപ്പെടുന്ന വഴികാട്ടികള്‍..പാട്ടുകുര്‍ബാന മനോഹരമായി അര്‍പ്പിക്കുന്നതിലോ നല്ല പ്രസംഗം കാഴ്ചവയ്ക്കുന്നതിലോ അല്ല നിങ്ങളുടെ ദൈവവിളി അടങ്ങിയിരിക്കുന്നത്.. ആഴ്‌സിലെ വിശുദ്ധ ജോണ്‍ മരിയ വിയാന്നിയും വൈദികനാകാന്‍ മാത്രം യോഗ്യതയില്ലാത്തതിനാല്‍ വൈദികാനാകാതെ ജീവിച്ച അസ്സീസിയിലെ ഫ്രാന്‍സിസും പുലയര്‍ക്ക് വേണ്ടി ജീവിച്ച പെലേരടച്ചനായ രാമപുരത്തെ കുഞ്ഞച്ചനും പോലെയുള്ള നിരവധി ഉദാഹരണങ്ങളുണ്ട് നമുക്കിടയില്‍. അതാണ് ദൈവവിളി.അവരുടേതും ദൈവവിളിയാണ്.

ഞങ്ങള്‍ക്ക് വേണ്ടത് ഡോക്ടറേറ്റുകള്‍ നേടി മനസ്സ് മരവിച്ചുപോയ വൈദികരെയല്ല.. ഏതു നിമിഷവും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന വിധത്തിലുള്ള സാധാരണത്തം കൈമുതലായുള്ള വിശുദ്ധരായി ജീവിക്കാന്‍ ആഗ്രഹി്ക്കുന്ന വൈദികരെയാണ്. ഇടറിപോയവനെയും മുടന്തുള്ളവനെയും ചേര്‍ത്തുനിര്‍ത്താന്‍ സന്നദ്ധതയുള്ളവരെയാണ്.

മുപ്പതോ മുപ്പത്തിരണ്ടോ വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ആന്‍്ര്രഡുസച്ചനെ ഓര്‍മ്മിക്കുന്നുവെങ്കില്‍ മുടന്തനായ ഈ ആട്ടിന്‍കുട്ടിയെ ഒരിക്കലെങ്കിലും അദ്ദേഹം തോളിലെടുത്തതുകൊണ്ടാണ്. അതുപോലെയുള്ള ചുരുക്കം ചില വൈദികരെയും എനിക്കറിയാം..

എന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പലവിധത്തിലും എന്നെ സഹായിച്ചവര്‍..ഏതു പാതിരാത്രിയിലും എനിക്ക് മുട്ടിവിളിക്കാന്‍ സ്വാതന്ത്ര്യം ഉള്ളവര്‍…എന്നെ ആത്മാവിനോട് ചേര്‍്ത്തുപിടിച്ചിരിക്കുന്നവര്‍.. അങ്ങനെയുള്ള എല്ലാ വൈദികരുടെയും കാല്‍ക്കല്‍ തൊട്ടുവണങ്ങിക്കൊണ്ട്…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login