പ്രോലൈഫ് അവാർഡ് ഹോളിക്രോസ്, ബെൻസിഗർ നഴ്‌സിംഗ് കോളേജുകൾക്ക്

പ്രോലൈഫ് അവാർഡ് ഹോളിക്രോസ്, ബെൻസിഗർ നഴ്‌സിംഗ് കോളേജുകൾക്ക്

കൊല്ലം: നഴ്‌സിംഗ് മേഖലയിലെ പ്രവർത്തന മികവിനായി കെ സി ബി സി (കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ) പ്രോലൈഫ് സമിതി ഏർപ്പെടുത്തിയ ബിഷപ്പ് ബെൻസിഗർ മെമ്മോറിയൽ പ്രോലൈഫ് സംസ്ഥാന അവാർഡ് കൊട്ടിയം ഹോളിക്രോസ് കോളേജ് ഓഫ് നഴ്‌സിങ്ങിനും ബിഷപ്പ് ബെൻസിഗർ കോളേജ് ഓഫ് നഴ്‌സിങ്ങിനും സംയുക്തമായി നൽകും.

10001രൂപയും മെമന്‍റോയുമാണ് ഓരോ നഴ്‌സിംഗ് കോളേജിനും ലഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുപ്പതിന് ഹോളിക്രോസ് നഴ്‌സിംഗ് കോളേജിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രോലൈഫ് നഴ്‌സസ് സംസ്ഥാനതല രൂപീകരണ യോഗത്തിൽ വെച്ച് കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് അവാർഡ് സമ്മാനിക്കും.

ആതുരസേവന രംഗത്തേക്ക് സ്വിറ്റ്‌സർലാന്‍റില്‍ നിന്ന് ഹോളിക്രോസ് സിസ്റ്റേഴ്‌സിനെ കേരളത്തിൽ ആദ്യമായിത്തന്നെ കൊല്ലത്തു കൊണ്ടുവന്നു ജില്ലാ ആശുപത്രയിൽ ഉൾപ്പെടെ സേവനം ചെയ്യിപ്പിച്ചത് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ആണ്. ഇതിന്‍റെ ഓർമ്മക്കായാണ് ബിഷപ്പ് ബെൻസിഗറിന്‍റെ പേരിൽ അവാർഡ് നൽകുന്നത്.

2005 മുതൽ ഈ രണ്ടു നഴ്‌സിംഗ് കോളേജുകളിലെയും പ്രോലൈഫ് നഴ്‌സസ് മിനിസ്ട്രി രൂപതാ പ്രോലൈഫ് സമിതിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമാണ്.
ജീവന്‍റെ മേഖലയിൽ നിരവധി ദിവസം നീണ്ടു നിൽക്കുന്ന എക്‌സിബിഷനുകൾ, സെമിനാറുകൾ, ധ്യാനങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിട്ടുണ്ട്.

ജീവന്‍റെ മേഖലയിലെ അധാർമിക നിയമ നിര്‍മാണങ്ങൾക്കെതിരെ കൊല്ലം രൂപത പ്രോലൈഫ് സമിതി നടത്തിയ സമരങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും കെസിബിസി പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിൽ എംടിപി ആക്റ്റിനെതിരെ നടത്തിയ സമരപ്രഖ്യാപന കൺവൻഷനിലും ഫാദർ ടോം ഉഴുന്നാലിന്‍റെ മോചനത്തിനായുള്ള തെരുവോര യോഗങ്ങളിലും ശക്തമായ നേതൃത്വം ഈ രണ്ടു നഴ്‌സിംഗ് കോളേജിലെയും പ്രോലൈഫ് നഴ്‌സസ് നൽകിയിട്ടുണ്ട്.

 

You must be logged in to post a comment Login