ദൈവസ്‌നേഹം പ്രതിഫലിപ്പിക്കുന്നവരാണ് നഴ്‌സുമാര്‍: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ദൈവസ്‌നേഹം പ്രതിഫലിപ്പിക്കുന്നവരാണ് നഴ്‌സുമാര്‍: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

കൊച്ചി: ‘നഴ്‌സ്’എന്ന വാക്കിന്റെ അര്‍ത്ഥം കരുതുക, സംരക്ഷിക്കുക, വളര്‍ത്തുക എന്നതാണ്. ഈ അര്‍ത്ഥത്തിന് ഉതകുന്നവിധം കരുതലോടെ ദൈവം നല്കിയ അവസരം വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോഴാണ് തന്റെ സവിശേഷദൗത്യം നഴ്‌സിന്റെ ജീവിതത്തില്‍ പൂര്‍ണമാകുന്നതെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ്‌ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് .. കെസിബിസി പ്രൊലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആതുരശുശ്രൂഷസ്ഥാപനങ്ങളിലെ നഴ്‌സുമാരെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രൊ-ലൈഫ് നഴ്‌സസ് രൂപീകരണയോഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ പരിരക്ഷിക്കാന്‍ നഴ്‌സുമാര്‍ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തിന്റെയും മനോഭാവത്തോടെ നടത്തുന്ന ശുശ്രൂഷ ദൈവം മനുഷ്യനെ സ്‌നേഹിക്കുന്ന അനുഭവമാണ്. കുഞ്ഞിന്റെ ജനനത്തെ സംബന്ധിച്ചുള്ള സദ്‌വാര്‍ത്ത മാതാപിതാക്കളെയും, മറ്റു പ്രിയപ്പെട്ടവരെയും, സ്‌നേഹിക്കുന്നവരെയും അറിയിക്കുന്നതിനുള്ള ആദ്യഅവസരം ആശുപത്രിയില്‍ ലഭിക്കുന്നത് നഴ്‌സുമാര്‍ക്കാണ് . മഹനീയ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് അര്‍ഹമായ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പു വരുത്താനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് കേരളത്തിലെ മികച്ച പ്രൊ-ലൈഫ് നഴ്‌സസ് മിനിസ്ട്രിക്കുള്ള ബിഷപ് ബെന്‍സിഗര്‍ മെമ്മോറിയല്‍ സംസ്ഥാന അവാര്‍ഡ് കൊട്ടിയം ഹോളിേക്രാസ് കോളേജ് ഓഫ് നഴ്‌സിംഗിനും, കൊല്ലം ബെന്‍സിഗര്‍ ഓഫ് കോളേജ് നഴ്‌സിംഗിനും അദ്ദേഹം സമ്മാനിച്ചു.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊല്ലം രൂപത പ്രൊലൈഫ് ഡയറക്ടര്‍ റവ. ഡോ. ബൈജു ജൂലിയാന്‍, കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍ വലിയവീട്, ജനറല്‍ സെക്രട്ടറി സാബു ജോസ്, ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഡോറിസ് മൂക്കനാംപറമ്പില്‍, ലൂര്‍ദ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റേച്ചല്‍ കാച്ചപ്പിള്ളി, ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് എസ,് ക്ലിനിക്കല്‍ ഇന്‍സ്ട്രക്റ്റര്‍ സജിനി രാജു, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, പ്രൊലൈഫ് നഴ്‌സസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ്‌ക, പ്രൊ-ലൈഫ് തിരുവനന്തപുരം മേഖല പ്രസിഡന്റ് റോണ റിബെയ്‌റോ ജനറല്‍ സെക്രട്ടറി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

 

 

You must be logged in to post a comment Login