ഈ മക്കളുടെ അമ്മ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണ്

ഈ മക്കളുടെ അമ്മ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണ്

എട്ടുമക്കളെ ഭൂമിയുടെ തീരങ്ങളില്‍ വച്ച് വേര്‍പിരിഞ്ഞുപോകേണ്ടിവന്നപ്പോള്‍ ഈ അമ്മ നെഞ്ചുപൊടിഞ്ഞു കരഞ്ഞിരുന്നോ? അറിയില്ല. എല്ലാം ദൈവഹിതത്തിന് കീഴ് വഴങ്ങി ജീവിച്ചവളായിരുന്നതുകൊണ്ട് കണ്ണുനിറഞ്ഞ് ദൈവഹിതത്തോട് ആമ്മേന്‍ പറഞ്ഞ് കടന്നുപോകാന്‍ ഒരുപക്ഷേ ഇവള്‍ക്ക് കഴിഞ്ഞിരുന്നിരിക്കണം. ബ്രെസ്റ്റ് കാന്‍സര്‍ രോഗബാധിതയായി ജീവിച്ച ചിറ്റിലപ്പിള്ളി ജോജുവിന്റെ ഭാര്യ സപ്‌ന ട്രേസിയുടെ മരണം ക്രിസ്മസ് രാത്രിയിലായിരുന്നുവെന്നത് ആ ജീവിതത്തിന് ഭൂമിയില്‍വച്ചുകിട്ടാവുന്നതില്‍ ഏറ്റവും നല്ല ദൈവികാംഗീകാരമായിരുന്നു.

43 വയസ് ഒരാള്‍ക്ക് ഭൂമിയെ വിട്ടുപോകാവുന്ന ഏറ്റവും നല്ല പ്രായമൊന്നുമല്ല. അതും ചിറകുമുളച്ചിട്ടില്ലാത്ത എട്ടുമക്കളുടെ അമ്മയ്ക്ക്. എന്നാല്‍ ദൈവത്തിന്റെ പദ്ധതി അതായിരുന്നു. സപ്‌നയെയും അവളുടെ ജീവിതത്തെയും അടുത്തറിയാവുന്നവര്‍ ഈ മരണത്തെക്കുറിച്ച് പറയുന്നത് ഒരു മാലാഖ ഈ ഭൂമിയെ വിട്ടുപോയി എന്നാണ്. സ്വര്‍ഗ്ഗത്തിലേക്ക് ഒരു വിശുദ്ധ പേരു ചേര്‍ക്കപ്പെട്ടു എന്നാണ്. കാരണം അങ്ങനെയൊരു ജീവിതമായിരുന്നു ഡല്‍ഹിയില്‍ സ്റ്റാഫ് നേഴ്‌സായിരുന്ന സപ്‌നയുടേത്.

ജീവനോട് ആദരവുള്ള, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതില്‍ ഒരിക്കലും പുറകോട്ടുപോയിട്ടില്ലാത്തവളായിരുന്നു സപ്‌ന. അതുകൊണ്ടാണ് എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്ത് കാന്‍സര്‍ രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും കുഞ്ഞിനെ നശിപ്പിച്ച് സപ്‌നയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടേഴ്‌സ് പറഞ്ഞപ്പോഴും മറ്റുമക്കളെ പോലും കണക്കിലെടുക്കാതെ  അവള്‍ നോ പറഞ്ഞത്. കാരണം തനിക്ക് ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളതുപോലെ തന്നെ ജനിച്ചുവീണിട്ടില്ലാത്ത തന്റെ കുഞ്ഞിനും ജീവിച്ചിരിക്കാനുള്ള അവകാശമുണ്ടെന്ന് സപ്‌ന വിശ്വസിച്ചു. അതുകൊണ്ട് കുഞ്ഞിന് ദോഷം വരുത്തുന്ന യാതൊരു ചികിത്സയും താന്‍ ചെയ്യില്ലെന്ന് സപ്‌ന തീരുമാനിച്ചു.

കൂടുതല്‍ കുഞ്ഞുങ്ങള്‍ ദൈവാനുഗ്രഹമാണെന്ന് പറഞ്ഞിട്ട് എട്ടുമക്കളുടെ അമ്മയ്ക്ക് ഇങ്ങനെയൊരു രോഗം വന്നത് എന്തുകൊണ്ട് എന്ന് ദൈവത്തെ ചോദ്യം ചെയ്ത് രോഗത്തിന്റെ അസ്വസ്ഥതവര്‍ദ്ധിപ്പിച്ചവരും സപ്‌നയുടെയും ജോജുവിന്റെയും ജീവിതത്തിലുമുണ്ടായി. വിവാഹജീവിതത്തിന്റെ 14 വര്‍ഷങ്ങള്‍ക്കിടയില്‍ എട്ടു മക്കളുടെ അമ്മയാവുക എന്നത് നമ്മുടെ സാധാ സമൂഹത്തിന് സങ്കല്പിക്കാന്‍ പോലും കഴിയില്ലല്ലോ. മൂന്നാമത് ഗര്‍ഭിണിയായപ്പോള്‍ മുതല്‍ സമൂഹത്തില്‍ നിന്ന് കേട്ട നിന്ദനങ്ങള്‍ രോഗത്തിന്റെ തീവ്രതയില്‍ മൂര്‍ച്ഛിച്ചുവെന്നത് ഒരു ക്രൂരത തന്നെ.

പക്ഷേ അതിലൊന്നും സപ്‌നയോ ഭര്‍ത്താവോ മനസ്സ് മടുത്തില്ല.ദൈവം അറിയാതെ തങ്ങള്‍ക്കൊന്നും സംഭവിക്കില്ല എന്നുതന്നെയായിരുന്നു അവരുടെ വിശ്വാസം. മാസം തികയാതെയാണ് സപ്‌ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചത്. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്കിയത്. കൊതിതീരെ ലാളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മകളെയും കൈകളിലെടുത്ത് സ്‌നേഹിച്ച കൊഞ്ചിച്ചതിന് ശേഷമാണ് ഇക്കഴിഞ്ഞ ക്രിസ്മസ് രാത്രിയില്‍ സപ്‌ന ഈ ലോകത്തെ വിട്ടുപോയത്.

ഗര്‍ഭസ്ഥശിശുവിന്റെ ജീവന് വേണ്ടി സ്വന്തം ജീവന്‍ ഹോമിച്ച ത്യാഗപൂര്‍ണ്ണമായ ഈ ജീവിതം വരുംകാലങ്ങളില്‍ സഭയുടെ സവിശേഷശ്രദ്ധയ്ക്ക് പാത്രമാകുമെന്ന് വിശ്വസിക്കുന്നവരും ധാരാളം. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്‌നയുടെ ശവസംസ്‌കാരശുശ്രൂഷകള്‍ നടക്കുന്നത്. സപ്‌നയുടെ വേര്‍പാടില്‍ ഒറ്റപ്പെട്ടുപോയ ആ കുടുംബത്തിന് ശക്തി ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. സപ്‌നയുടെ ആത്മാവിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.

You must be logged in to post a comment Login