ഉഷയെന്തേ ഇങ്ങനെ?

ഉഷയെന്തേ ഇങ്ങനെ?

ഒന്നുമില്ലായ്മയില്‍ നിന്നും ഓടിക്കയറി വന്ന പയ്യോളി എക്‌സ്പ്രസ് പിടി ഉഷ ചെറുപ്പം മുതല്‍ക്കേ വലിയൊരു പ്രചോദനമായിരുന്നു. കായികമായ യാതൊരു അടുപ്പവും പശ്ചാത്തലവും ഇല്ലാതിരുന്ന അനേകം സാധാരണക്കാര്‍ പോലും  ഉഷയുടെ വിജയങ്ങളില്‍ അഭിമാനിക്കുകയും  കൈയടിച്ച് സന്തോഷിക്കുകയും ചെയ്തിരുന്നു. കാരണം ഒരു പാവം പെണ്‍കുട്ടി പൊരുതിയെടുത്ത വിജയത്തിന് അത്രമേല്‍ മധുരമുണ്ടായിരുന്നു.

നിറത്തിന്റെയും ജാതിയുടെയും എല്ലാം പേരില്‍ വിവേചനങ്ങള്‍ ഏതു വിജയങ്ങളുടെ മേലും കരിപടര്‍ത്തുമ്പോഴും അതിലൊന്നും വീഴാതെ ഉഷ കുതിച്ചുമുന്നേറുക തന്നെയായിരുന്നു. പക്ഷേ അടുത്തകാലത്ത് ഉഷയെക്കുറിച്ച് കേള്‍ക്കുന്നതൊന്നും അത്ര നല്ലവാര്‍ത്തകളല്ല. അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവരെ പോലും അകറ്റിക്കളയുന്ന വിധത്തിലുള്ള പെരുന്തച്ചന്‍ കോംപ്ലക്‌സിന്റെയും അസൂയയുടെയും ധനമോഹത്തിന്റെയും വാര്‍ത്തകള്‍ ആയിരുന്നു അവയെല്ലാം.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളത്തിന്റെ അഭിമാനമായ പിയു ചിത്രയെ ഒഴിവാക്കാന്‍ കരുക്കള്‍ നിരത്തിയതു മുതല്‍ തുടങ്ങി ഉഷയുടെ മേലുള്ള കരി നിഴല്‍. ഇപ്പോഴിതാ മറ്റൊരു ആരോപണം കൂടി.

നഗരത്തില്‍ വീടില്ലെന്ന് സര്‍ക്കാരിന് നിവേദനം നല്കി കോഴിക്കോട് ഗവ. എന്‍ജിനീയറിംങ് കോളജിന്റെ വെസ്റ്റ് ഹില്ലിലെ പത്തുസെന്റ് ഭൂമി കൈക്കലാക്കാന്‍ ഉഷ ശ്രമി്ക്കുന്നു എന്നതാണത്. എന്നാല്‍ മാവൂര്‍ റോഡിലെ കെ എസ് ആര്‍ടിസി ബസ് സ്റ്റാന്‍ സമുച്ചയത്തോട് ചേര്‍ന്ന് ബസ്സ് സ്റ്റാന്‍ഡിനും നാഷനല്‍ ഹോസ്പിറ്റലിനും ഇടയില്‍ വീടു വയ്ക്കാന്‍ അനുയോജ്യമായ 15 കോടി വില വരുന്ന സ്ഥലം ഉഷയ്ക്കുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. മികച്ച കായികതാരങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള ഭൂമി സര്‍ക്കാര്‍ സൗജന്യമായി നല്കാറുണ്ട്. ഉഷയ്ക്ക് നഗരത്തില്‍ ഭൂമിയില്ലെന്ന് കരുതിയാണ് സര്‍ക്കാര്‍ സ്ഥലം നല്കാന്‍ നിശ്ചയിച്ചത്. 15 കോടി വില വരുന്ന സ്ഥലം ഉണ്ടായിട്ടും അത് മറച്ചുവച്ച് സര്‍ക്കാരിന്റെ സൗജന്യമായി സ്ഥലം വാങ്ങാന്‍ ഉഷയെ പ്രേരിപ്പിക്കുന്നതെന്താവും?

അത് പണത്തോടും സ്ഥലത്തോടും ഉള്ള ആര്‍ത്തി തന്നെയാണ്. ഈ ലോകത്ത് മാന്യതയോടും സന്തോഷത്തോടും കൂടി ജീവിക്കാനുള്ള അവകാശം ഒരാള്‍ക്കുപോലും നിഷേധിക്കാനാവില്ല. എന്നാല്‍ അത്യാര്‍ത്തിയും ദുരയും മൂത്ത് എല്ലാം തനിക്ക് വേണമെന്ന് ഒരാള്‍ ആഗ്രഹിച്ചുതുടങ്ങുമ്പോള്‍ അത് അയാളുടെ നാശത്തിലേ അവസാനിക്കൂ. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട വിജയമോ അംഗീകാരമോ നേട്ടമോ അര്‍ഹതയില്ലാതെ തട്ടിയെടുക്കുന്നവര്‍ക്കെല്ലാം സംഭവിക്കുന്നതും ഇതുതന്നെയാണ്.

ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടമാക്കിയാല്‍ അതുകൊണ്ടെന്തുപ്രയോജനം? ധനമോഹമാണ് സകല തിന്മകളുടെയും അടിസ്ഥാനം എന്നും മറക്കരുത്.

മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും എല്ലാം വേണ്ടെന്ന് വയ്ക്കാനും അവര്‍ക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കാനും ഏതൊരാളെയും പ്രേരിപ്പിക്കുന്നതും സമ്പത്തിനോടുള്ള അമിതമായ ദാഹം തന്നെ. ധനത്തിന് വേണ്ടി പിന്നാലെ പായുന്നവരെല്ലാം ടോള്‍സ്‌റ്റോയിയുടെ ആറടി മണ്ണ് വായിക്കുന്നത് നല്ലതായിരിക്കും.

ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ത്തിയ ദൈവത്തെ മറന്നുള്ള പരാക്രമങ്ങള്‍ നമ്മുടെ ആത്മീയ മേഖലയിലും വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന ജ്വലിക്കുന്ന അഭിഷേകത്തില്‍ നിന്നും വ്യതിചലിച്ച് പണസമ്പാദനത്തിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന പല ശുശ്രൂഷകളും നമുക്ക് ചുറ്റിനുമുണ്ടെന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമാണ്.

You must be logged in to post a comment Login