പുല്ലൂരാംപാറയില്‍ നിന്ന് പ്രാര്‍ത്ഥനാവിജയങ്ങളുടെ സ്വര്‍ണ്ണതിളക്കങ്ങള്‍

പുല്ലൂരാംപാറയില്‍ നിന്ന് പ്രാര്‍ത്ഥനാവിജയങ്ങളുടെ സ്വര്‍ണ്ണതിളക്കങ്ങള്‍

കോഴിക്കോട് ;പുല്ലൂരാംപാറ എന്ന ഗ്രാമത്തിന് കേരളത്തിന്റെ കായികഭൂപടത്തില്‍ അവിസ്മരണീയമായ അടയാളങ്ങള്‍ നല്കിക്കൊണ്ടാണ് പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം കൊടിയിറങ്ങിയത്. ഈ ചരിത്രവിജയം ഗ്രാമമൊന്നാകെ ആഘോഷിക്കുമ്പോള്‍ അതിന് പിന്നിലുള്ളത് പ്രാര്‍ത്ഥനയുടെ വിജയമാണെന്ന് പറഞ്ഞ് കുട്ടികളും പരിശീലകരും അധ്യാപകരും വിനയാന്വിതരാകുന്നു .മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പുല്ലുരാംപാറയില്‍ നിന്നുള്ള 36 കുട്ടികള്‍ കായികമാമാങ്കത്തിന് മാറ്റുരച്ചത്.

കഴിഞ്ഞ പതിനാല് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്ക് ഇത്തവണത്തെ  വിജയം ഏറെ അഭിമാനം പകരുന്നതായിരുന്നു. മീറ്റിലെ വേഗറാണിയായി തിരഞ്ഞെടുക്കപ്പെട്ട അപര്‍ണ്ണ റോയി നേടിയെടുത്ത മൂന്ന് സ്വര്‍ണ്ണത്തിന് പുറമെ ലോംങ് ജംബ്, ട്രിംപില്‍ ജംബ്, പോള്‍വാട്ട്, ജാവലിന്‍ത്രോ എന്നിവയില്‍ സ്വര്‍ണ്ണവും 9 വെള്ളിയും രണ്ട് വെങ്കലവും നേടിയെടുത്തുകൊണ്ടാണ് മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഇന്നലെ പാലായില്‍ നിന്ന് കോഴിക്കോട്ടേക്ക് വണ്ടികയറിയത്.

പുല്ലുരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തിന്റെ തൊട്ടുമുമ്പിലുള്ള ഗ്രൗണ്ടില്‍ വച്ചാണ് ദിവസവും ഈ കുട്ടികള്‍ പരിശീലനത്തിലേര്‍പ്പെടുന്നത്. അപ്പോഴെല്ലാം ധ്യാനകേന്ദ്രത്തില്‍ നിന്ന് പ്രാര്‍ത്ഥനയും ദൈവവചനവും വചനപ്രസംഗങ്ങളും  മുഴങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. ഇതു കേട്ടുകൊണ്ട് പരിശീലനത്തിലേര്‍പ്പെടുന്നത് തങ്ങള്‍ക്ക് ആന്തരികമായി വലിയൊരു ശക്തിയും പ്രചോദനവും നല്കുന്നുണ്ടെന്ന് കുട്ടികള്‍ ഒന്നടങ്കം പറയുന്നു.

ദൈവചനത്തിന്‌റെ അന്തരീക്ഷത്തില്‍ പരിശീലനത്തിലേര്‍പ്പെടുന്നതുകൊണ്ട് മനസ്സും ശരീരവും ഒന്നുപോലെ വിശുദ്ധമായി കാത്തുസൂക്ഷിക്കാനും ഇവര്‍ക്ക് കഴിയുന്നു. ഈ വിശുദ്ധി തന്നെയാണ് കുട്ടികളെ വിജയത്തിലെത്തിച്ചതെന്ന് അക്കാദമിയുടെ ചെയര്‍മാന്‍ ബാബുസാര്‍ എന്ന് എല്ലാവരും വിളിക്കുന്ന കുര്യന്‍ ടി.ടി സാക്ഷ്യപ്പെടുത്തുന്നു.

പുല്ലൂരാംപാറയിലെ കുട്ടികള്‍ക്കാണ് പരിശീലനത്തിന് മുന്‍തൂക്കം കൊടുക്കുന്നതെങ്കിലും സമീപഗ്രാമങ്ങളിലെ കുട്ടികളും ഇവിടെ നിന്ന് പരിശീലനം നേടുന്നുണ്ട്. സൗജന്യമായി കുട്ടികള്‍ക്ക് ഇങ്ങനെ പരിശീലനം നല്കാനും അക്കാദമി രൂപീകരിക്കാനും ഇതിന് പിന്നിലുള്ളവര്‍ക്ക് പ്രേരണയായത് മികച്ചരീതിയില്‍ പരിശീലനം നല്കിയാല്‍ മികച്ചവിജയം കായികകേരളത്തിന് നല്കാന്‍ ഗ്രാമത്തിലെയും കുട്ടികള്‍ക്ക് കഴിയുമെന്ന തികഞ്ഞ ബോധ്യമായിരുന്നു. പരിശീലനത്തിന്റെ അഭാവം കൊണ്ട് കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന കായികവിജയം സാധ്യമാകാതെ പോകരുത് എന്ന നിഷ്‌ക്കര്‍ഷിക്കുന്നതുകൊണ്ടാണ് സൗജന്യമായി പരിശീലനം നല്കാന്‍ നൂറിലധികം അംഗങ്ങളുള്ള അക്കാദമി തയ്യാറായത്.

കായികമേഖലയിലെ അതിവിദഗ്ദരും പരിചയസമ്പന്നരുമായ വ്യക്തികളാണ് കുട്ടികള്‍ക്ക് പരിശീലനം നല്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ കാര്യങ്ങളില്‍ ശ്രദ്ധ നല്കിക്കൊണ്ടാണ് ഇവിടെ പരിശീലനം. പ്രാര്‍ത്ഥനയാണ് ഇവിടെ അടിസ്ഥാനഘടകമായി നില്ക്കുന്നത്. കൗണ്‍സലിംങ് സെഷനും നല്കിവരുന്നു.

എത്രമാത്രം ശ്രമിച്ചാലും കഴിവുണ്ടെങ്കിലും ദൈവാനുഗ്രഹമില്ലെങ്കില്‍ മികച്ച വിജയങ്ങളൊന്നും നേടാന്‍ കഴിയില്ല. അതുകൊണ്ട് ഈ വിജയങ്ങളുടെ പേരില്‍ അഹങ്കരിക്കാന്‍ തയ്യാറാകാതെ എല്ലാ വിജയങ്ങളും ദൈവത്തിന് നല്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നട്ടതും നനച്ചതും ഏറെ പേരുണ്ടെങ്കിലും വളര്‍ത്തിയത് ദൈവമാണെന്ന ചിന്തയോടെ ഇനിയും മുന്നോട്ട് പ്രാര്‍തഥനയോടെ പോകാനാണ് മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ആഗ്രഹിക്കുന്നത്.

അക്കാദമിക്കും കുട്ടികള്‍ക്കും ഹൃദയവയലിന്റെ അഭിനന്ദനങ്ങള്‍

You must be logged in to post a comment Login