രാജപുരം ബൈബിൾ കൺവൻഷന് ഭക്തിനിർഭര തുടക്കം

രാജപുരം ബൈബിൾ കൺവൻഷന് ഭക്തിനിർഭര തുടക്കം

രാജപുരം: ആയിരങ്ങളെ സാക്ഷിയാക്കി 11-ാമത് രാജപുരം ബൈബിൾ കൺവൻഷന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷന്‍റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിര്‍വഹിച്ചു. ഇത്തരം ബൈബിൾ കൺവൻഷനുകൾ നല്ലൊരു നാളേയ്ക്കുള്ള കരുതലാണെന്നും മനുഷ്യതലത്തിൽനിന്നും ദൈവിക തലത്തിലേക്ക് എത്തിപ്പെടുകയെന്നുള്ളതാണ് എല്ലാ കൺവൻഷനുകളുടെയും ലക്ഷ്യമെന്നും വിശ്വാസമെന്നത് ക്രൈസ്തവ കൂട്ടായ്മയുടെ സാക്ഷ്യപത്രമാണെന്നും മാർ പണ്ടാരശേരിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

മാനുഷിക തലത്തിലുള്ള വീഴ്ചകൾ സ്വയം മനസിലാക്കി യോജിപ്പിനൊപ്പം യാത്രചെയ്യുകയെന്നതാണ് ആധുനിക സമൂഹത്തിന്‍റെ ലക്ഷ്യം. വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും സന്ന്യസ്ത ജീവിതത്തിലും ഏറ്റുപറച്ചിലിന്‍റെ മനസുണ്ടാകണമെന്നും ക്രൈസ്തവ കൂട്ടായ്മയുടെ സാക്ഷ്യപത്രമാണിതെന്നും മാർ പണ്ടാരശേരിൽ കൂട്ടിച്ചേർത്തു. മാർ ജോസഫ് പണ്ടാരശേരിലിൻറെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ ഫാ.തോമസ് പൈമ്പിള്ളില്‍, ഫാ.ഫിലിപ്പ് ആനിമൂട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്കുശേഷം നിരവധി വൈദികരുടെ സാന്നിധ്യത്തിൽ മാർ ജോസഫ് പണ്ടാരശേരിൽ തിരിതെളിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘാടക സമിതി ചെയർമാനും രാജപുരം ഫൊറോന വികാരിയുമായി ഫാ.ഷാജി വടക്കേത്തൊട്ടിയുടെ നേതൃത്വത്തിൽ കൺവൻഷൻ വേദിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തി.

21 വരെ നടക്കുന്ന കൺവൻഷനിൽ ഇന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിയിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പില്‍, ഫാ. ജോസഫ് വെള്ളോപ്പള്ളികുഴിയിൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്നുളള ദിവസങ്ങളിൽ കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയുണ്ടായിരിക്കും. ഇടുക്കി അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാലും സംഘവുമാണ് ധ്യാനം നയിക്കുന്നത്.

You must be logged in to post a comment Login