ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യസ്വഭാവം കൈവെടിയണം: ഇന്‍ഫാം

ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യസ്വഭാവം കൈവെടിയണം: ഇന്‍ഫാം

കൊച്ചി: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ ജീവനോപാധിയായ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍സിഇപി) രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കരാര്‍ ഉടമ്പടിയുടെ ഇതിനോടകം നടന്ന 17-ാം റൗണ്ട് ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്നത് അപലപനീയമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
ഇന്ത്യയും ചൈനയുമുള്‍പ്പെടെ 16 രാജ്യങ്ങളുടെ നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ ഇറക്കുമതിയാണ് കരാറിന്റെ മുഖ്യലക്ഷ്യം.  വ്യാപാര സേവന നിക്ഷേപമേഖലകളും കരാറിന്റെ ഭാഗമായിട്ടുണ്ട്.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 253 പ്രകാരം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരമുള്‍പ്പെടെയുള്ള കരാറുകളിലേര്‍പ്പെടുന്നതിന് പാര്‍ലമെന്റിന് അധികാരമുണ്ട്.  എന്നാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തില്‍ കാര്‍ഷികമേഖലയെ ബാധിക്കുന്ന രാജ്യാന്തരകരാറുകളായതുകൊണ്ടും കൃഷി സംസ്ഥാന വിഷയമായതുകൊണ്ടും സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യേണ്ടതും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്.  ഇതിന് തുനിയാതെ കേന്ദ്രസര്‍ക്കാര്‍  കരാര്‍ വിശദാംശങ്ങള്‍ അതീവ രഹസ്യമാക്കിവെച്ചിരിക്കുന്നതില്‍ ദുരൂഹതകളുണ്ട്.
ആര്‍സിഇപി കരാറിന്റെ 2017 ജൂലൈയില്‍ നടക്കുന്ന അവസാനഘട്ടചര്‍ച്ചകള്‍ക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.  ഹൈദരാബാദിലാണ് ഉന്നതതലചര്‍ച്ച.  കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ ആഗോളകാര്‍ഷിക വിപണിക്കായി തുറന്നുകൊടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ഷികമേഖല രാജ്യാന്തര കോര്‍പ്പറേറ്റുകളുടെ കൈകളിലേയ്ക്ക് മാറുകയും ചെറുകിടകര്‍ഷകര്‍ വന്‍ജീവിതപ്രതിസന്ധിയിലാകുകയും ചെയ്യും. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഹൈദരാബാദില്‍ ജൂലൈയില്‍ ആര്‍സിഇപി കരാറിനെതിരെ കര്‍ഷകപ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login