സന്ന്യാസക്കൂട്ടിലെ പെണ്‍പക്ഷികള്‍

സന്ന്യാസക്കൂട്ടിലെ പെണ്‍പക്ഷികള്‍
സന്ന്യസ്തജീവിതത്തെക്കുറിച്ച് ചില ആശങ്കകള്‍ ഈയിടെ പൂര്‍ത്തിയായ സീറോ മലബാര്‍ സിനഡ് രേഖപ്പെടുത്തിയതിനു പിന്നാലെ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഹോളി ഫാമിലി സന്ന്യാസസഭാംഗം സി. റോസ് ആന്‍റോ വാര്‍ത്തകളില്‍ നിറഞ്ഞു. അഞ്ചേക്കറോളം സ്ഥലത്ത് ജൈവകൃഷി ചെയ്ത് മണ്ണ് പൊന്നാക്കിയും തന്‍റെ സമര്‍പ്പിതജീവിതത്തിന്‍റെ ജൂബിലിനിറവില്‍ ശരീരത്തിന്‍റെ ഭാഗം തന്നെ മറ്റൊരാള്‍ക്ക് നല്കിയും (തിലകന്‍ എന്ന വ്യക്തിക്ക് അവര്‍ തന്‍റെ വൃക്ക ദാനം ചെയ്തു) യഥാര്‍ത്ഥക്രൈസ്തവസന്ന്യസത്തിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഇരിങ്ങാലക്കുടയിലെ ആ കന്യാസ്ത്രീക്ക് സാധിച്ചു. സന്ന്യസ്ത-സമര്‍പ്പിതജീവിതം വരിക്കുന്നവരെ വേണമെങ്കില്‍ കത്തോലിക്കാസഭയില്‍ അത്ഭുതം ജീവിക്കുന്നവരെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഭൗതികലോകം അതിന്‍റെ സര്‍വ്വപ്രതാപത്തോടും കൂടി കണ്‍മുന്പില്‍ ഉയര്‍ന്നുനില്‍ക്കുന്പോള്‍ ഇരുണ്ട മുറികളുടെ നിശബ്ദതയെ പുല്‍കുന്നവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
പൗരോഹിത്യവും സന്ന്യാസവും
സന്ന്യാസവും പൗരോഹിത്യവും തമ്മില്‍ വലുതല്ലാത്ത അന്തരമുണ്ട്. താന്‍ അംഗമായിരിക്കുന്ന സഭയുടെ യാമപ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊള്ളാമെന്നും തന്‍റെ മെത്രാനെ സര്‍വ്വാത്മനാ അനുസരിച്ചുകൊള്ളാമെന്നും ബ്രഹ്മചാരിയായി ജീവിച്ചുകൊള്ളാമെന്നും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഒരു വ്യക്തി പൗരോഹിത്യം സ്വീകരിക്കുന്നത്. അങ്ങനെ പൗരോഹിത്യം സ്വീകരിക്കുന്ന ആള്‍ തനിക്ക് മെത്രാന്‍ നല്കുന്ന പ്രദേശത്തെ (ഇടവകയിലെ) ജനങ്ങളുടെ ആത്മീയകാര്യങ്ങളില്‍ ശ്രദ്ധവെച്ചുകൊണ്ട് (അവര്‍ക്ക് കൂദാശകള്‍ പരികര്‍മ്മം ചെയ്തുകൊടുത്തും അവരെ വചനം പഠിപ്പിച്ചും ആവശ്യങ്ങളില്‍ സഹായിച്ചും ഇടവകാകൂട്ടായ്മയെ ബലപ്പെടുത്തിയും) ജീവിക്കുവാന്‍ കടപ്പെട്ടവനാണ്.
എന്നാല്‍ സന്ന്യാസജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു വ്യക്തി താന്‍ അംഗമായിരിക്കുന്ന സമര്‍പ്പിത-സന്ന്യാസസമൂഹത്തിലെ മേലധികാരിക്ക് മുന്പില്‍ വിരക്തി, അനുസരണം, ദാരിദ്ര്യം എന്നിങ്ങനെ മൂന്ന് വ്രതങ്ങള്‍ ആഘോഷപൂര്‍വ്വം കൈക്കൊള്ളുന്നുണ്ട്. ഈ വ്രതങ്ങള്‍ക്കനുസരണം തന്‍റെ ജീവിതം ഈശോമിശിഹായ്ക്കു മുന്പില്‍ ക്രമപ്പെടുത്തിക്കൊള്ളാമെന്നുള്ള ഏറ്റുപറച്ചിലാണ് ഒരു സന്ന്യാസാര്‍ത്ഥിയുടെ വ്രതവാഗ്ദാനത്തില്‍  ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. അങ്ങനെ തന്‍റെ വ്രതബദ്ധജീവിതത്തിലൂടെ ഒരു വ്യക്തി ദൈവത്തിന് സന്പൂര്‍ണ്ണമായി ആത്മാര്‍പ്പണം ചെയ്യുകയും ദൈവികശുശ്രൂഷക്കായി കൂടുതല്‍ ഗാഢമായി തന്നെത്തന്നെ വിട്ടുകൊടുക്കുകയുമാണ് ചെയ്യുന്നത്.
പിന്നീട് ചരിത്രത്തിന്‍റെ ഗതിവിഗതികളില്‍ സന്ന്യാസവും പൗരോഹിത്യവും തമ്മില്‍ ഇഴചേര്‍ന്ന് ഇന്ന് കാണുന്ന സ്ഥിതിവിശേഷം സംജാതമായി. സന്ന്യാസത്തിലുള്ള സമൂഹജീവിതത്തിന്‍റെ ആത്മീയതയില്‍ നിന്ന് ക്രൈസ്തവസമൂഹത്തിന് ശുശ്രൂഷനല്കേണ്ട പൗരോഹിത്യജീവിതത്തിന്‍റെ ആത്മീയതയിലേക്ക് പുരുഷന്മാരുടെ സന്ന്യാസസമൂഹങ്ങള്‍ ഭൂരിഭാഗവും കുടിയേറ്റം നടത്തി. കാലഘട്ടത്തിന്‍റെ ആവശ്യങ്ങളും സന്ന്യാസസമൂഹങ്ങളുടെ ആവശ്യങ്ങളുമെല്ലാം ഇത്തരം രൂപാതന്തരീകരണത്തിന് കാരണമായിട്ടുണ്ട്. അപ്പോഴും സ്ത്രീകളുടെ സമര്‍പ്പിത-സന്ന്യാസസമൂഹങ്ങള്‍ കലര്‍പ്പുകളില്ലാതെ അവയുടെ ഉത്ഭവചൈതന്യത്തില്‍ തന്നെ നിലനില്‍ക്കുകയാണുണ്ടായത്.
സന്ന്യാസത്തിന്‍റെ അന്തസത്ത
സമൂഹമായും ക്രമീകൃതവുമായ ജീവിതം ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ആരംഭിച്ചതെങ്കിലും ആകര്‍ഷണീയമായ ജീവിതശൈലിയായി സന്ന്യാസം തിരുസ്സഭയുടെ ആരംഭം മുതലേ പ്രത്യേകമാംവിധം നിലനിന്നിരുന്നു. യഹൂദരുടെ ആത്മീയജീവിതത്തിലും ഇതിന്‍റെ വേരുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ കഴിയും. പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങള്‍ക്ക് ചെവികൊടുത്ത് ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ച് സുവിശേഷ ഉപേദശങ്ങളുടെ (വിരക്തി, അനുസരണം, ദാരിദ്ര്യം) വെളിച്ചത്തില്‍ ജീവിക്കുവാനാണ് ഒരു വ്യക്തി സന്ന്യാസം സ്വീകരിക്കുന്നത്. ക്രൈസ്തവജീവിതത്തില്‍ സന്ന്യാസത്തിന്‍റെ ആദിമചൈതന്യമനുസരിച്ച് അത്, പരിപൂര്‍ണ്ണമായ ത്യാഗാത്മകതക്കും അലൗകിക ജീവിതത്തിനും വേണ്ടിയുള്ള ആഹ്വാനമായിരുന്നു. . . എല്ലാമുപേക്ഷിച്ച് മലകളിലും മരുഭൂമികളിലും അഭയം തേടുന്നതിനോ നിരന്തരം പരിവ്രാചകരായി കഴിയുന്നതിനോ വേണ്ടി ലോകത്തേയും മനുഷ്യസമൂഹത്തേയും വിട്ട് ഏകാന്തതയിലും നിശബ്ദതയിലും അവര്‍ ജീവിതമാരംഭിച്ചു. ഈജിപ്തിലും സിറിയയിലുമുള്ള മരുഭൂമിയുടെ ഏകാന്തതകളിലാണ് ക്രൈസ്തവസന്ന്യാസത്തിന്‍റെ ജ്വലിക്കുന്ന ശോഭയുള്ള ആരംഭനിമിഷങ്ങളെ നാം കണ്ടെത്തുക.
ഇന്ന് സന്ന്യസ്തജീവിതത്തിന്‍റെ അന്തസത്ത കാലത്തിനനുസരിച്ച് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പുനര്‍നിര്‍വ്വചിച്ച് നല്കിയിട്ടുണ്ട്
1. സന്ന്യാസത്തിലെ ഏറ്റവും അടിസ്ഥാനമായ നിയമം സുവിശേഷങ്ങളിലെ ക്രിസ്തുവിനെ അനുകരിക്കുക എന്നതാണ്.
2. തിരുസ്സഭയുടെ നന്മക്കുവേണ്ടിയാണ് സന്ന്യാസസമൂഹങ്ങള്‍ – സന്ന്യസ്തര്‍ നിലകൊള്ളേണ്ടത്.
3. എല്ലാ സന്ന്യാസസമൂഹങ്ങളും തിരുസ്സഭയുടെ ജീവിതത്തില്‍ പങ്കുചേരണം.
4. മാറുന്ന കാലത്തേയും തിരുസ്സഭയുടെ ആവശ്യങ്ങളേയും കുറിച്ചുള്ള അറിവ് ഓരോ അംഗത്തിലും പരിപോഷിപ്പിക്കപ്പെടണം.
5. സന്ന്യാസികള്‍ സുവിശേഷോപദേശങ്ങള്‍ വഴി ക്രിസ്തുവിനെ അനുകരിക്കുകയും ദൈവത്തോട് ഐക്യപ്പെടുകയും വേണം.
(സന്ന്യാസജീവിതനവീകരത്തെ സംബന്ധിക്കുന്ന ഡിക്രി, നംബര്‍ 2)
സന്ന്യാസത്തിലേക്കുള്ള വിളി
ലോകത്തില്‍ നിത്യമായതേത്, അനിത്യമായതേത് എന്ന തിരിച്ചറിവ് ലഭിക്കാന്‍ ദൈവാത്മാവ് ഇടയായവര്‍ക്ക് ആത്മാവില്‍ ജനിക്കുന്ന അഭിലാഷമാണ് സന്ന്യാസം. മാധ്യമങ്ങളും സന്ന്യാസത്തിന്‍റെ അന്തസത്ത മനസ്സിലാക്കാതെ അതില്‍ പെട്ടുപോയവരും പുറമേ നിന്ന് അതിന്‍റെ അഭംഗികളെ വിമര്‍ശിക്കുന്നവരും മനസ്സിലാക്കാതെ പോകുന്ന സത്യവും ഇതാണ്. സന്ന്യാസം ആര്‍ക്കും ആരിലും അടിച്ചേല്‍പിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അത് ഒരാളില്‍ ദൈവാത്മാവ് നല്കുന്നതും സമയമെടുത്ത് മറുപടി നല്കേണ്ടതുമായ ജീവിതവിളിയാണ്. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള വിളി. ലോകത്തെ അതിന്‍റെ എല്ലാ സൗന്ദര്യത്തോടും കൂടി അംഗീകരിക്കുന്പോള്‍ തന്നെ അതിലും സൗന്ദര്യമുള്ളവന്‍റെ വിളിയില്‍ ആകൃഷ്ടരാകാന്‍ സന്ന്യാസം പ്രലോഭിപ്പിക്കുന്നു. ഭൗതികലോകത്തിന്‍റെ നന്മകളെല്ലാം ഒരു കല്ലേറുദൂരം മാറ്റിവെച്ചിട്ട് അതിന്‍റെ സൃഷ്ടാവിന്‍റെ പാദത്തിലിരിക്കുന്ന മറിയമാകാന്‍ ആ വിളി നിര്‍ബന്ധിക്കുന്നു.
എന്തു പ്രവര്‍ത്തിക്കുന്നു, എന്തു നേടുന്നു എന്നു മറ്റുള്ളവര്‍ നമ്മെ ജാഗരൂകതയോടെ ശ്രദ്ധിക്കുന്ന ഒരു ലോകത്തില്‍ സര്‍വ്വപ്രധാനമായും മറ്റ് സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെ ദൈവത്തോടൊപ്പവും അവനു വേണ്ടിയും നിലകൊള്ളുക എന്നത് വലിയ വെല്ലുവിളിയാണ്. ജീവിതത്തിന്‍റെ ഓരോ ദിവസത്തെയും ദൈവത്തിന് വേണ്ടി മാറ്റിവെച്ച നിശബ്ദതയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളിലൂടെ ലോകത്തിന് ബലികൊടുക്കാന്‍ സാധ്യമാകുന്ന സന്ന്യാസം അര്‍ത്ഥപൂര്‍ണ്ണമാകും. പൗരോഹിത്യത്തിന്‍റെ എല്ലാ തിരക്കുകളിലും സന്ന്യാസത്തിന്‍റെ ഈ ആത്മീയതയെക്കൂടി ശീലിക്കാനായാല്‍ മറ്റുള്ളവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് പാസ്പോര്‍ട്ട് എഴുതുന്ന കൂലിക്കാരനാകാതെ അവരോടൊപ്പം യാത്രചെയ്യുന്ന കൂട്ടുകാരനുമാകാം.
സ്ത്രീ – സന്ന്യാസിനി – ആത്മീയത
ക്രൈസ്തവസന്ന്യാസത്തിന്‍റെ ആരംഭദശകങ്ങളില്‍ സ്ത്രീസാന്നിദ്ധ്യം അത്രകണ്ട് പ്രബലമായിരുന്നില്ല. ലോകത്തോടും അതിന്‍റെ മോഹങ്ങളോടും പടവെട്ടാനും സാത്താനെയും അവന്‍റെ സൈന്യത്തെയും എതിര്‍ത്തു തോല്‍പ്പിക്കാനും പൗരുഷത്തിന്‍റെ പേശീബലത്തിനേ സാധ്യമാകൂ എന്ന ധാരണപോലും ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്നു. വിശുദ്ധിയുടെ ശുഭ്രവലയങ്ങള്‍ സ്ത്രീയെ വലയം ചെയ്യുമെന്ന് വിശ്വസിക്കാന്‍ മടിച്ചവരും ചരിത്രവാചകങ്ങള്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍ സന്ന്യാസം പുരുഷനേക്കാള്‍ അഴകോടെ ചേരുന്നത് സ്ത്രീക്കാണെന്ന് കാലം തെളിയിക്കുന്നു. സ്ത്രീയുടെ നൈസര്‍ഗികഗുണങ്ങളോട് സന്ന്യാസത്തിന്‍റെ ആവശ്യങ്ങള്‍ അടുത്തുനില്‍ക്കുന്നു. സന്ന്യാസം അതിന്‍റെ ആത്മീയതയില്‍ ഗര്‍ഭം ധരിച്ച നന്മകളെ ജീവിതത്തില്‍ പ്രതിഷ്ഠിക്കാന്‍ സ്ത്രീയുടെ ഉപാധികളില്ലാത്ത സ്നേഹത്തിനും പരിധികളില്ലാത്ത സഹനശക്തിക്കും വിശുദ്ധിക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത ആഗ്രത്തിനും സാധിക്കുന്നു. അവളുടെ പുഞ്ചിരിയില്‍ കന്യാമറിയും അവളുടെ പ്രാര്‍ത്ഥനകളില്‍ മിശിഹായുടെ സുവിശേഷവും പുനര്‍ജനിക്കുന്നു.
സ്ത്രൈണ ആത്മീയതയെക്കുറിച്ച് എഴുതിയവരെല്ലാം ആശയങ്ങളെ വഴിതെറ്റിച്ചുകൊണ്ടുപോയപ്പോഴും അവളുടെ സന്ന്യാസമൂഹത്തിന്‍റെ ആവൃതികള്‍ ഭേദിച്ച് രാത്രികളില്‍ ഇറങ്ങിപ്പോയവര്‍ സ്ത്രീ സന്ന്യാസത്തെ അടിമത്തമെന്ന് വിശേഷിപ്പിച്ചപ്പോഴും ലോകത്തിന്‍റെ ആഡംബരങ്ങളെ സ്നേഹിക്കാതെ ക്രിസ്തുവിന്‍റെ സുവിശേഷത്തെ മുറുകെപ്പിടിച്ച് ക്രൂശിതരൂപത്തിനും ദിവ്യകാരുണ്യത്തിനും മുന്പില്‍ നിശബ്ദരായിരുന്ന/ ഇരിക്കുന്ന സന്ന്യസ്തര്‍ ഇന്നും കത്തോലിക്കാസഭയെ അതിന്‍റെ വിശുദ്ധിയില്‍ പരിപാലിക്കുന്നു.
സി. ആന്‍റോ റോസ് ഈ ആത്മീയതയുടെ ഉത്പന്നമാണ്. ലോകമെന്പാടുമുള്ള കത്തോലിക്കാസന്ന്യാസസമൂഹങ്ങളിലെ (ആത്മീയശക്തിയുടെ) ജ്വലിക്കുന്ന സ്ത്രീസാന്നിദ്ധ്യത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതിരിക്കുന്പോഴും സര്‍വ്വലോകത്തിനും വേണ്ടി തന്‍റെ ജീവിതത്തിന്‍റെ ത്യാഗം പ്രവര്‍ത്തനനിരതമാണെന്ന് ദീര്‍ഘനിശ്വാസത്തോടെ തിരിച്ചറിയുന്നവരും സമൂഹത്തില്‍ തങ്ങള്‍ ചെയ്യുന്ന ഓരോ നന്മയും നിത്യവചനത്തിന് മാംസംധരിക്കാന്‍ സമ്മതം നല്കിയ മറിയത്തിന്‍റെ വാഴ്വ് ആവര്‍ത്തിക്കപ്പെടുന്നതാണെന്ന് മനസ്സിലാക്കുന്നവരും കന്യാമഠത്തിന്‍റെ നിശബ്ദതകളില്‍ എന്നുമുണ്ട്.
അവരുടെ ആനന്ദങ്ങളെ ഉള്‍ക്കൊള്ളാനും നിഷ്കളങ്കതകളെ സ്നേഹിക്കാനും സൗന്ദര്യത്തെ ഇഷ്ടപ്പെടാനും മാത്രം ലോകം പ്രാപ്തമായിട്ടില്ല. അതിനാല്‍ ആ വിശുദ്ധിയെ ആദരവോടെ നമുക്ക് ഉള്‍ക്കൊള്ളാം. അമ്മത്രേസ്യയും, സി. ക്ലാരയും, ഷന്താളമ്മയും, ആവിലായിലെ ത്രേസ്യയും, മദര്‍ തെരേസയും അല്‍ഫോന്‍സാമ്മയും മറിയം ത്രേസ്യയും സി. റാണി മരിയയുമെല്ലാം കന്യകമാരിലെ വിശുദ്ധരും വിശുദ്ധരുടെ നീണ്ട നിരയിലെ അമൂല്യരത്നങ്ങളുമാണ്. അവരുടെ നിരയിലേക്ക് ചേരാന്‍ ആത്മാവില്‍ വിളി തിരിച്ചറിയുന്നവര്‍ ഇനിയുമുണ്ടാകട്ടെ. . .
സമാപനം
സ്ത്രീകളുടെ സന്ന്യാസസമൂഹത്തില്‍ ചേരുന്നവരുടെ എണ്ണം കുറഞ്ഞു എന്നത് ഒരു വെല്ലുവിളിയേയല്ല. യഥാര്‍ത്ഥ വെല്ലുവിളി മുന്‍കാലങ്ങളില്‍ ധാരാളം പേര്‍ ആ സന്ന്യാസസമൂഹങ്ങളില്‍ ചേര്‍ന്നിരുന്നു എന്നതാണ്. അവരില്‍ പലരും അതിന്‍റെ അന്തസത്ത കണ്ടെത്തിയവരായിരുന്നില്ല. ജെസ്മി എന്ന സ്ത്രീയും മറ്റും അതിനുദാഹരണമാണ്. നിശബ്ദതയോടും പ്രാര്‍ത്ഥനയോടും വ്രതബദ്ധജീവിതത്തോടും കൂറുപുലര്‍ത്തുന്നതില്‍ പരാജയമായിരുന്നു അവരെന്ന് പിന്നീടുള്ള ജീവിതവും പൊതുനിലപാടുകളും തെളിയിക്കുന്നുണ്ട്.
ഉത്ഥിതനായ മിശിഹായുടെ മുഖശോഭയും പ്രസാദവും അവകാശം കിട്ടിയ സമര്‍പ്പിത-സന്ന്യാസജീവിതത്തിന്‍റെ നന്മകള്‍ക്ക് മുന്പില്‍ പ്രണാമം!
ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍

You must be logged in to post a comment Login