പരിശുദ്ധ അമ്മ എന്‍റെ സ്വന്തം അമ്മ

പരിശുദ്ധ അമ്മ  എന്‍റെ സ്വന്തം അമ്മ

എന്റെ ജീവിതം ആരംഭിച്ചതു തന്നെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയില്‍ നിന്നാണ്. ചെറുപ്പത്തിലേ അമ്മ മരിച്ച എനിക്ക് പരിശുദ്ധ അമ്മ സ്വന്തം അമ്മയായി. വളരെ അസാധാരണവും അതിശയകരവുമായ ബന്ധമാണ് എനിക്ക് പരിശുദ്ധ അമ്മയോടുള്ളത്… ഇത് അഭിനേത്രിയും നിര്‍മ്മാതാവുമായ റോമാ ഡൗണിയുടെ വാക്കുകള്‍.  ഐറീഷ് കത്തോലിക്കയായ റോമ, ടച്ചഡ് ബൈ ആന്‍ ഏയ്ഞ്ചല്‍, ദ ബൈബിള്‍, സണ്‍ ഓഫ് ഗോഡ് തുടങ്ങിയവയിലെ അഭിനേതാവും നിര്‍മ്മാതാവുമാണ്.

പ്രാര്‍ത്ഥനയ്ക്ക് ഒരിക്കലും മുടക്കം വരുത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന റോമ തുടരുന്നു.

ഞാന്‍ ക്രിസ്തുവിനെ എന്റെ ജീവിതം മുഴുവനും കൊണ്ട് സ്‌നേഹിക്കുന്നു. അമ്മ മരിക്കുമ്പോള്‍ എനിക്ക് പത്തുവയസായിരുന്നു പ്രായം. ഇരുപതാം വയസില്‍ പപ്പയും മരണമടഞ്ഞു. അപ്പോഴെല്ലാം എന്നെ പ്രാര്‍ത്ഥനയാണ് രക്ഷപ്പെടുത്തിയത്. ജീവിതത്തിലെ ഒറ്റപ്പെട്ടുപോയ നിമിഷങ്ങളില്‍, പ്രതിസന്ധികളുടെ നിമിഷങ്ങളില്‍ എല്ലാം പ്രാര്‍ത്ഥന എന്നെ രക്ഷിച്ചു. ക്രിസ്തുവിന്റെ കഥ എല്ലാവരും അറിയണമെന്നും എല്ലാവരും അവനുമായി സ്‌നേഹത്തിലാകണമെന്നുമുള്ള എന്റെ ആഗ്രഹത്തില്‍ നിന്നാണ് ബൈബിളും സണ്‍ ഓഫ് ഗോഡുമൊക്കെ പിറവിയെടുത്തത്.

ഭര്‍ത്താവ് മാര്‍ക്ക് ബര്‍ണ്ണറ്റുമായി ചേര്‍ന്ന് നിര്‍മ്മിച്ച പരമ്പര ദ ബൈബിള്‍ യുഎസില്‍ മാത്രം നൂറ് മില്യന്‍ ആളുകളാണ് കണ്ടത്. ഹോളിവുഡിലെ ഏറ്റവും ശക്തയായ നൂറ് സ്ത്രീകളില്‍ ഒരാളായും 2013 ല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിലൊരാളായും 2014 ല്‍ വുമന്‍ ഇന്‍ എന്റര്‍ടെയ്ന്‍മെന്റ് പവറായും റോമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സണ്‍ ഓഫ് ഗോഡില്‍ മേരിയായിട്ടായിരുന്നു റോമ അഭിനയിച്ചത്.

You must be logged in to post a comment Login