എന്തിനാണ് നാം ജപമാല ചൊല്ലുന്നത്?

എന്തിനാണ് നാം ജപമാല ചൊല്ലുന്നത്?

ഫാത്തിമായിലോ ലൂര്‍ദ്ദിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഒക്കെ മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

മറ്റേതെങ്കിലും ഭക്ത്യാഭ്യാസങ്ങള്‍ അനുഷ്ഠിക്കാനോ ആവര്‍ത്തിക്കാനോ മാതാവ് ആവശ്യപ്പെടുന്നതേയില്ല. എല്ലാതരത്തിലുള്ള പ്രാര്‍ത്ഥനകളും നല്ലതും സഭ അംഗീകരിച്ചതും വിശുദ്ധര്‍ അനുവര്‍ത്തിച്ചുവരുന്നവ ആയിരുന്നിട്ടും ജപമാല പ്രാര്‍ത്ഥനയ്ക്ക് മാത്രം മാതാവ് കൂടുതലായി പ്രാധാന്യം കൊടുക്കുന്നത് എന്തുകൊണ്ടായിരിക്കും?

ലൂര്‍ദിലെയും ഫാത്തിമായിലെയും വിഷനറിമാരുടെ കാര്യം തന്നെയെടുക്കാം. ആ കുട്ടികള്‍ക്കൊന്നിനും കൃത്യമായി എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. മറ്റ് പ്രാര്‍ത്ഥനകളൊന്നും അവര്‍ക്കറിയില്ലായിരുന്നു. അത്തരക്കാരോടാണ് മാതാവ് ആവശ്യപ്പെട്ടത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന്.

എങ്ങനെ നന്നായി പ്രാര്‍ത്ഥിക്കണമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുത്ത ആദ്യത്തെ പാഠശാലയായി ജപമാല പ്രാര്‍ത്ഥന അവര്‍ക്ക് മാറുകയായിരുന്നു. ഓരോ മണികളില്‍നിന്ന് അടുത്തമണികളിലേക്കുള്ള അവരുടെ പ്രാര്‍ത്ഥനാദൂരം ധ്യാനത്തിലേക്ക് അവരെ നയിക്കുക തന്നെയായിരുന്നു.

പ്രത്യേകമായ യാതൊരു ടെക്‌നിക്കുകളും കൂടാതെ സങ്കീര്‍ണ്ണമായ പ്രാക്ടീസ് ഒന്നും ഇല്ലാതെ ഏതൊരാള്‍ക്കും സ്വയമേ നയിക്കാവുന്നതും ചൊല്ലാവുന്നതുമായ ഏക പ്രാര്‍ത്ഥനയാണ് ജപമാല.
എന്നുകരുതി അത് നിസ്സാരക്കാരായവര്‍ക്ക് വേണ്ടി മാത്രമുള്ള പ്രാര്‍ത്ഥനയാണെന്ന് കരുതുകയുമരുത്. സഭയിലെ തന്നെ വലിയ ധീഷണാശാലികളുടെ പോലും ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥനയും ജപമാലയായിരുന്നു.

എത്ര വലിയ മഹാന്മാരുമായിക്കൊള്ളട്ടെ അവരൊക്കെ ദൈവത്തിന്റെ മുമ്പിലേക്ക്കടന്നുവരുന്നത് കുട്ടികളെ പോലെയാണ്. അവരുടെ പ്രാര്‍ത്ഥനഎല്ലായ്‌പ്പോഴും ലളിതവും ആത്മാര്‍ത്ഥാഭരിതവുമാണ്.

ഒരു ഗിറ്റാര്‍ വായനയോട് നമുക്ക് ജപമാല പ്രാര്‍ത്ഥനയെ ഉപമിക്കാവുന്നതാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, ത്രീത്വ സ്തുതി എന്നിവ ക്രിസ്തീയതയിലെ അടിസ്ഥാന പ്രാര്‍ത്ഥനകളാണ്. തിരുവചനത്തില്‍ തന്നെ അവയുടെ റൂട്ടുണ്ട്. ജപമാലയിലെ രഹസ്യങ്ങള്‍ ഗിറ്റാറിന്റെ കോര്‍ഡുകളെ പോലെയാണ്.

ജപമാലയിലെ ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനയിലൂടെ നാം ക്രിസ്തുവിന്റെയും മേരിയുടെയും ജീവിതത്തെയാണ് ധ്യാനിക്കുന്നത്. അവിടെ ക്രിസ്തുവിന്റെ മനുഷ്യാവതാരവും അവിടുത്തെ ക്രൂശുമരണവും കുര്‍ബാന സ്ഥാപനവും എല്ലാം നമ്മുടെ ധ്യാന വിഷയമാകുന്നു.

ചുരുക്കത്തില്‍ വളരെ ലളിതവും എന്നാല്‍ ഏറ്റവും ഭക്തിസാന്ദ്രവും ക്രിസ്തുവിന്റെ ജീവിതത്തെ തന്നെ ധ്യാനവിഷയമാക്കുന്നതുമായ ഏറ്റവും ശക്തിയേറിയ പ്രാര്‍ത്ഥനയാണ് ജപമാല എന്നതിനാലാണ് പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലെല്ലാം മാതാവ് ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്.

You must be logged in to post a comment Login