ജപമാല എന്ന രഹസ്യം

ജപമാല എന്ന രഹസ്യം

ജപമാല ഒരു രഹസ്യമാണ്. അതില്‍ ഭൂമിയിലെ ജീവിതത്തിന്റെ ഭാരങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്.. ആകുലതകളുണ്ട്.. പിന്നെ സ്വര്‍ഗ്ഗത്തിന്റെ സന്തോഷങ്ങളുണ്ട്.. മഹത്വത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളുണ്ട്.

ഒരു മനുഷ്യന്‍ ജീവിതമത്രയും നടന്നുതീര്‍ക്കുന്ന സങ്കടങ്ങളുടെ ദൂരത്തിന്റെയും അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗത്തിന്റെയും അടയാളപ്പെടുത്തല്‍ കൂടിയാണ് ജപമാല. അങ്ങനെയാണ് അത് ഒരേ സമയം ലൗകികവും അലൗകികവുമാകുന്നത്. അങ്ങനെയാണ് അത് ഒരു രഹസ്യമാകുന്നത്.

ക്രമാനുഗതമായ നൈരന്തര്യത്തിലൂടെയാണ് ജപമാലയിലെ ഓരോ രഹസ്യങ്ങളുടെയും വളര്‍ച്ച. ഉദാഹരണമായി സന്തോഷത്തിന്റെ രഹസ്യം നോക്കൂ. ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം താന്‍ ഗര്‍ഭിണണിയാകാന്‍ പോകുന്നുഎന്ന വാര്‍ത്ത അവളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു നിമിഷമാണ്. സ്ത്രീത്വത്തിന്റെ പൂര്‍ണ്ണത അമ്മയോട് ചേര്‍ത്തുവായിക്കപ്പെടുന്നതുകൊണ്ടുകൂടിയാണത്.

പക്ഷേ ഭര്‍ത്തൃമതിയ്ക്കാണ് ഈ നിമിഷം സന്തോഷം നല്കുന്നതെന്നും അറിയണം. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത സന്തോഷം നല്കുമ്പോള്‍ തന്നെ താന്‍ പുരുഷനെ അറിയാത്തവളാണെന്ന ചിന്ത മറിയത്തെ ഭയചകിതയും ആക്കുന്നുണ്ട്. ജീവിതത്തിലെ ഓരോ സന്തോഷങ്ങള്‍ക്കു പിന്നിലും ദു:ഖം മറഞ്ഞിരിപ്പുണ്ടെന്ന വലിയ തിരിച്ചറിവാണ് ഈ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുമ്പോഴെല്ലാം മനസ്സിലേക്ക് കടന്നുവരുന്നത്.

ഒരു വലിയ സന്തോഷത്തിന്റെ രണ്ടു ചുവടുകള്‍ക്കപ്പുറം ഒരു വലിയ സങ്കടത്തിന്റെ ഗര്‍ത്തമുണ്ട്. ഒരു വലിയ സങ്കടത്തിന്റെ ഗര്‍ത്തത്തില്‍ വീണുകിടക്കുമ്പോള്‍ കയറിപ്പോകാനൊരു പ്രകാശത്തിന്റെ ഗോവണി സ്വര്‍ഗ്ഗത്തില്‍ നിന്നെന്നോണം മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിലെ ഏതനുഭവങ്ങളും ഈ രണ്ട് അവസ്ഥകളോട് ബന്ധപ്പെട്ടാണിരിക്കുന്നത്.

ഗബ്രിയേല്‍ മാലാഖ അറിയിച്ച മംഗളവാര്‍ത്തയോട് മറിയം പ്രതികരിച്ച രീതി മറ്റൊരു സാധ്യത കൂടിയാണ് നമുക്ക് മുമ്പില്‍ വെളിവാക്കിത്തന്നത്. ദൈവത്തില്‍ നിന്നുള്ള വെളിപാടുകളോട് യെസ് പറയാന്‍ നാം മടിക്കേണ്ടതില്ല. അത് ദൈവത്തില്‍ നിന്നാണെന്ന ഉറപ്പ് നമുക്കുണ്ടെങ്കില്‍ പ്രത്യേകിച്ചും. ദൈവമാണ് തന്നോട് സംസാരിക്കുന്നതെന്ന് മറിയത്തിന് കൃത്യതയുണ്ടായിരുന്നു. ദൈവം തരുന്ന സഹനങ്ങള്‍ സഹിക്കാന്‍ ദൈവം തന്ന കരുത്തുനല്കുമെന്ന ബോധ്യവും അവള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണവള്‍ ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞത്.
ഇങ്ങനെ പറയാന്‍ കഴിണമെങ്കില്‍ നമ്മുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണം. ദൈവത്തോടൊത്തായിരിക്കണം.

ദൈവത്തോടൊത്ത് അല്ലാത്തതുകൊണ്ടാണ് ദൈവം നമ്മോട് എന്തു സംസാരിക്കുന്നു എന്നറിയാന്‍ വേണ്ടി മാത്രമായി നാം അരുളപ്പാടുകള്‍ ലഭിക്കുന്നുണ്ടെന്ന് കരുതുന്നവരുടെ പുറകെ പോകുന്നത്. പക്ഷേ എന്തുചെയ്യാം ഇന്ന് ദൈവത്തിന്റെ പേരില്‍ തങ്ങളുടെ വ്യക്തിതാല്പര്യങ്ങളും ഇഷ്ടങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുന്നവരുടെ എണ്ണം നമ്മുടെ ഇടയില്‍ പെരുകിവരുകയാണ്.

ജനനത്തിന്റെ പവിത്രതയും മാതൃത്വത്തിന്റെ മഹനീയതയും വ്യക്തമാക്കിക്കൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യമായ സന്തോഷം ആരംഭിക്കുന്നത് എന്നതുതന്നെ സവിശേഷമായ ധ്യാനത്തിന് വിധേയമാക്കേണ്ടതാണ്. അത് അമ്മയുടെ- പരിശുദ്ധ മറിയം മാത്രമല്ല- സ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നു. എല്ലാ കുഞ്ഞുങ്ങളും ദൈവത്തില്‍ നിന്ന് ജനിക്കുന്നുവെന്ന ബോധ്യം മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തുന്നു.

എല്ലാ കുഞ്ഞുങ്ങള്‍ക്കും മാന്യതയോടെ,സുരക്ഷിതത്വത്തോടെ പിറന്നുവീഴാനുള്ള അവകാശമുണ്ട്. സ്ത്രീക്കും അങ്ങനെതന്നെ പ്രസവിക്കാനുള്ള സാഹചര്യം ക്രമീകരിക്കേണ്ടതുണ്ട്. പക്ഷേ മറിയത്തിന് സംഭവിച്ചത് എന്തെന്ന് നമുക്കറിയാം. നവീകരണരംഗത്തുള്ളവര്‍ പറയുന്ന ആന്തരികമുറിവും മനശ്ശാസ്ത്രജ്ഞര്‍ പറയുന്ന ഗര്‍ഭഗൃഹത്തില്‍വച്ചേല്ക്കുന്ന സംഘര്‍ഷങ്ങളും അനുഭവിച്ചുപിറന്നുവീഴുന്ന ഒരു കുഞ്ഞിന്റെ വ്യക്തിത്വം എത്രമേല്‍ വികലമായിപ്പോകാനുള്ള സാധ്യതയുണ്ട്!

പക്ഷേ ഈശോയുടെ വ്യക്തിത്വത്തിന്റെ പ്രകാശം തിരുഹൃദയത്തില്‍ നിന്ന് പുറപ്പെട്ട് ഇന്ന് ലോകമെങ്ങും പ്രസരിച്ചുനില്ക്കുകയാണല്ലോ. എങ്ങനെ സാധിച്ചുവത്? മറിയം എന്ന അമ്മ ദൈവത്തിന്റെപ്രത്യേക കരുതലാല്‍ പുറത്തുള്ള ഒരു സംഘര്‍ഷത്തെയും അകത്തേയ്ക്ക് സ്വീകരിച്ചില്ല. അത് ഒരേസമയം മറിയത്തെയും ഈശോയെയും സൗഖ്യപ്പെടുത്തുകയും ചെയ്തു.
ഒരു അമ്മയെ സംബന്ധിച്ച് ജീവിതത്തിലുണ്ടാകാവുന്ന ഏറ്റവുംവലിയ കുറ്റബോധം തന്റെ അവിവേകത്താല്‍ കുഞ്ഞിനെ നഷ്ടപ്പെടുന്നതാണ്.

പെരുനാള്‍ മുറ്റത്തുവച്ച് എത്രയോ അമ്മമാര്‍ക്ക് തങ്ങളുടെ മക്കളെ ഇതിനകം നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ വേദനകള്‍ എന്നെങ്കിലും അവസാനിക്കുമോ? അതുപോലെ തന്നെ മറിയത്തിനും ഈശോയെ നഷ്ടപ്പെട്ടു. പക്ഷേ ദൈവത്തിന് വേണ്ടി നഷ്ടപ്പെടുത്തിയവനെ ദൈവത്തിന്റെ സന്നിധിയില്‍ വച്ചുതന്നെ കണ്ടെത്തുവാന്‍ ദൈവത്തിന്റെ മകളും പരിശുദ്ധാത്മാവിന്റെ മണവാട്ടിയും ദൈവപുത്രന്റെ അമ്മയുമായ മറിയത്തിന് കഴിഞ്ഞു. അപ്പോള്‍ പരമമായ ശാന്തതയും സൗമ്യതയും ആ മാതൃഹൃദയത്തില്‍ നിറഞ്ഞിരിക്കണം. കാരണം മകനെ മറ്റെവിടെയുമല്ലല്ലോ ആ അമ്മ കണ്ടെത്തിയത്?

സന്തോഷവും സങ്കടവും മാറിമാറിവരുന്ന സന്തോഷത്തിന്റെ ആ മഹാരഹസ്യങ്ങളില്‍ നിന്ന് ദു:ഖത്തിന്റെ രഹസ്യത്തിലെത്തുമ്പോള്‍ വ്യാകുലസമുദ്രത്തിന്റെ തിരകള്‍ നമ്മെ വന്നുമൂടുന്നതായി നാം അറിയുന്നു. താന്‍ ജീവിച്ചിരിക്കെ താന്‍ വളര്‍ത്തിവലുതാക്കിയ മക്കള്‍ തന്റെ കണ്‍മുമ്പില്‍ വച്ച് മരണമടയുന്നതിന് സാക്ഷിയാകേണ്ടിവരുന്ന ഒരമ്മ സഹിക്കാവുന്ന തീവ്രവേദന എത്രയധികമായിരിക്കും? ആ വേദന ഒരു പക്ഷേ അതിലൂടെ കടന്നുപോയ ഒരാള്‍ക്ക് മാത്രം മനസ്സിലാവുമായിരിക്കും. അത്തരമൊരു വേദനയില്‍ മുഴുകി നില്ക്കുന്ന അമ്മയെ നാം ഈ രഹസ്യത്തില്‍ കണ്ടുമുട്ടുന്നു.മക്കള്‍ മരിച്ചുപോയ അമ്മമാര്‍ക്കെല്ലാം പരിശുദ്ധ മറിയം ആശ്വാസമായി മാറാന്‍ ദൈവം ക്രമീകരിച്ച ഒരു വഴിയായിരിക്കാം ഇത്.

നമ്മുടെ ചുറ്റുപാടുകളില്‍ വേദനയിലും സങ്കടങ്ങളിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടുന്നവരെല്ലാം എന്തുകൊണ്ടാണ് ജപമാലയെ മുറുകെപിടിക്കുന്നത്? അത് സഹിക്കാനുള്ള ശക്തി അവര്‍ക്ക് നല്കുന്നുണ്ട്..ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി നല്കുന്നുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്തുനല്കുന്നുണ്ട്. ഇനിയും നിങ്ങള്‍ ഇതുവരെയും നിങ്ങള്‍ ജപമാലയെ സ്‌നേഹിച്ചുതുടങ്ങിയിട്ടില്ലെങ്കില്‍ അതിന് ഒരു ഉത്തരമുണ്ട്. സഹിക്കാനാവാത്തവിധത്തിലുള്ള ഒരു വേദനയിലൂടെയും നിങ്ങള്‍ കടന്നുപോയിട്ടില്ല.. താങ്ങാനാവാത്തവിധത്തിലുള്ള ഒരു ഭാരവും നിങ്ങളുടെ ചുമലിലില്ല..താണ്ടാനാവാത്തവിധത്തിലുള്ള ഒരു വൈതരണികളും നിങ്ങളുടെ മുമ്പിലില്ല.. നിങ്ങള്‍ നിങ്ങളെ തന്നെ ആശ്രയിക്കുന്നു. അതുകൊണ്ട് മറിയത്തെ നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നു. മറിയത്തിന്റെ സ്‌നേഹത്തെ നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നു.

മറ്റൊന്ന് നിങ്ങള്‍ക്ക് സ്വന്തം അമ്മയില്‍ നിന്ന് സ്‌നേഹംലഭിച്ചിട്ടില്ല.. പെറ്റമ്മയെ സ്‌നേഹിക്കാനും നിങ്ങള്‍ക്ക് കഴിയുന്നില്ല. അമ്മയെ സ്‌നേഹിക്കാത്തവര്‍ക്ക് മറിയത്തെയും സ്‌നേഹിക്കാനാവില്ല. സ്വന്തം അമ്മയോട് മനസ്സില്‍ പകവച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക് സകലനന്മസ്വരൂപിണിയായ പരിശുദ്ധ മറിയത്തെക്കുറിച്ച് സ്‌നേഹത്തോടെ ഓര്‍മ്മിക്കാനാവില്ല. അവളുടെ മാധ്യസ്ഥം തേടാനും കഴിയില്ല. എന്നാല്‍ ചെറുപ്രായത്തിലേ അമ്മമാര്‍ മരിച്ചുപോയവ്ര്‍ക്ക് നമ്മുടെ കൊച്ചുത്രേസ്യാ പുണ്യവതി ഉള്‍പ്പടെ എത്രയോ വിശുദ്ധര്‍ക്ക് സ്വന്തം അമ്മയായി മറിയത്തെ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നു.

പെന്തക്കോസ്ത് വിശ്വാസികള്‍ ആരോപിക്കുന്നതുപോലെ ജപമാല പ്രാര്‍ത്ഥനയിലൂടെ നാം മറിയത്തെ ആരാധിക്കുകയല്ല ചെയ്യുന്നത്. അമ്മയെ വണങ്ങുക മാത്രമാണ് ചെയ്യുന്നത്. അതിന് കാരണമായതാവട്ടെ അവള്‍ ഈശോയ്ക്ക് ജന്മം നല്കിയെന്നതും. ഒരു നല്ല വ്യക്തിയെ കാണുമ്പോള്‍, അയാളുടെ വ്യക്തിത്വം നമ്മെ ആകര്‍ഷിക്കുമ്പോള്‍ നാം സ്വഭാവികമായും അയാള്‍ വളര്‍ന്നുവന്ന കുടുംബസാഹചര്യത്തെയും മാതാപിതാക്കളെയും പ്രത്യേകിച്ച് അമ്മയെയും ഓര്‍മ്മിക്കും.

യുഗപ്രഭാവനായ ക്രിസ്തുവിനെ ആരാധിക്കുമ്പോള്‍ ആദരവോടെ ഓര്‍മ്മയിലേക്ക് കടന്നുവരുന്ന സ്‌നേഹമാകുന്നു മറിയം. ഭൂമിയിലെ സാധാരണക്കാരനായ ഒരു മകന്റെ പോലും വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരമ്മയുടെ സ്‌നേഹവും നന്മയും കരുണയുംതണലായി മാറുന്നുവെങ്കില്‍, അതെത്രയും പ്രശംസിക്കേണ്ടതുണ്ടെങ്കില്‍ മറിയത്തെ നാം എത്രയധികമായാണ് പുകഴ്‌ത്തേണ്ടത്? മറിയത്തിന്റെ സ്‌നേഹോര്‍മ്മയിലൂടെ ക്രിസ്തുവിന്റെ രാജ്യത്തിലേക്കുള്ള യാത്രയാണ് ഓരോ ജപമാലയും. മറിയം ക്രിസ്തുവിലേക്കുള്ള വഴികാട്ടിയാണെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്?
ആത്മീയമായും ഭൗതികമായും നമ്മെ രക്ഷിക്കാന്‍ കഴിവുള്ളവള്‍ തന്നെയാണ് മറിയം.കടുത്ത മരിയഭക്തരുടെ ഭൗതികജീവിതം തന്നെ നോക്കൂ..അവരെല്ലാം ആ നിലയില്‍ അനുഗ്രഹിക്കപ്പെട്ടവര്‍ തന്നെയാണ്. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു എന്ന തിരുവചനം മറിയത്തോടൂ കൂടിയും ചേര്‍ത്തു വായിക്കേണ്ടതാണ്. ക്രിസ്തു മറിയത്തിന് നല്കിയ അംഗീകാരമായിരുന്നില്ലേ ആത്മശരീരങ്ങളോടെയുള്ള സംവഹനവും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായുള്ള കിരീടധാരണവും?

ഇനിയും നിങ്ങള്‍ ജപമാല കൈയിലെടുക്കാന്‍ വൈകരുത്.. ഒരു പക്ഷേ തുടര്‍ച്ചയായി അത് പ്രാര്‍ത്ഥക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലായിരിക്കും. അതിനുള്ള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അത് ലഭിക്കുംവരെ നിങ്ങളുടെ കഴുത്തില്‍, പോക്കറ്റില്‍, ഓഫീസ് ബാഗില്‍, ഇരിപ്പിടത്തിന് സമീപം വെറുതെ ഒരു കൊന്ത ആദരവോടെ, മറിയസ്മരണയോടെ സൂക്ഷിക്കുക. അതിന്റെ പിന്നിലെ ആത്മാര്‍ത്ഥയുടെ പേരിലെങ്കിലും നിത്യവും പ്രാര്‍ത്ഥിച്ചില്ലെങ്കിലും മറിയം നിങ്ങളുടെ കാര്യത്തില്‍ ജാഗ്രതയുള്ളവളായി മാറും. തീര്‍ച്ച.

അമ്മയെന്നാല്‍ അഭയമെന്നാണ് പറയാറ്. ഒരു കുഞ്ഞിന് ഏറ്റവും സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ കഴിയുന്നത് അതിന്റെ അമ്മയുടെ അടുത്താണ്. കുഞ്ഞിന്റെ ദേഹത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു മാലിന്യവും അവനോടുള്ള സ്‌നേഹത്തില്‍ നിന്ന് അമ്മയെ അകറ്റുന്നില്ല. അതുപോലെയാണ് പരിശുദ്ധ അമ്മയും. നമ്മുടെ ആത്മാവിലുള്ള കറകള്‍ പോലും അവള്‍ക്ക് നമ്മെ സ്‌നേഹിക്കാതിരിക്കാനുള്ള കാരണമാകുന്നില്ല.

നമ്മുടെ ആവശ്യങ്ങളില്‍ കണ്ടറിഞ്ഞ് ചെയ്യാനും മകനോട് അക്കാര്യം നിവര്‍ത്തിച്ചുകൊടുക്കാന്‍ ആവശ്യപ്പെടാനും അവളെ പോലെ മറ്റാരാണ് നമുക്ക് സ്വന്തമായുള്ളത്? മറ്റാര്‍ക്കാണ് നമ്മുടെ കാര്യത്തില്‍ ഇത്രയും കരുതലുള്ളത്? അതുകൊണ്ട് മറിയത്തെ സ്‌നേഹിക്കുക.. സ്‌നേഹിച്ചുകൊണ്ടേയിരിക്കുക.. അവള്‍ നമ്മുടെ സ്വന്തം അമ്മയല്ലേ?

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login