ഇന്ന് ജപമാല രാജ്ഞിയുടെ തിരുനാള്‍

ഇന്ന് ജപമാല രാജ്ഞിയുടെ തിരുനാള്‍

ജപമാലയ്ക്ക് മുമ്പില്‍ ഏതു കോട്ടകളാണ് തകരാത്തത്? ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ട് ഏതുകാര്യമാണ് നടക്കാതെ പോയിട്ടുള്ളത്? വിശ്വാസപൂര്‍വ്വവും ഭക്തിപൂര്‍വ്വവുമായ ജപമാല സമര്‍പ്പണങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹാത്മകജീവിതത്തിലും നിരവധി അത്ഭുതങ്ങള്‍ നടപ്പിലാക്കുമെന്നതിന് ചരിത്രം സാക്ഷി.

അത്തരത്തിലൊരു സംഭവമാണ് ഇന്ന് ജപമാല തിരുനാള്‍ ആഘോഷിക്കുന്നതിന്റെ പിന്നിലുള്ളതും.1570 ല്‍ തുര്‍ക്കികളുമായുള്ള ലെപ്പാന്റോ യുദ്ധത്തില്‍ വിജയകാരണമായിട്ടുള്ളത് ഒന്നേയുണ്ടായിരുന്നുള്ളൂ. നിരന്തരമായ ജപമാല പ്രാര്‍ത്ഥന. ആ വിജയത്തിന്റെ നന്ദിസൂചകമായിട്ടാണ് വിശുദ്ധ പിയൂസ് അഞ്ചാമന്‍ പാപ്പ ഒക്ടോബര്‍ ഏഴ് ജപമാല രാജ്ഞിയുടെ തിരുനാളായി പ്രഖ്യാപിച്ചത്.

ക്രിസ്ത്യാനികളുടെ സഹായമായ മറിയം എന്ന സ്തുതി കാലക്രമേണ രൂപപ്പെടാന്‍ ഇടയായതിന് പിന്നിലുള്ളതും ഈ വിജയവും ഇതേതുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായിരുന്നു. പരിശുദ്ധ ജപമാലയുടെ രാജ്ഞീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് പഠിപ്പിച്ചത് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു.

ജീവിതദു:ഖത്തിന്റെ ഏകാന്തനിമിഷങ്ങളിലും പ്രലോഭനങ്ങളുടെ ഇരുണ്ടയാമങ്ങളിലും തിരസ്‌ക്കരണങ്ങളുടെ മധ്യാഹ്നങ്ങളിലും നമുക്ക് ആശ്രയമായിട്ടുള്ളത് മറിയം എന്ന നാമവും ജപമാല എന്ന ശരണവുമാണല്ലോ. ആയതിനാല്‍ കൂടുതല്‍ ഭക്തിയോടും വിശ്വാസത്തോടും കൂടി നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.

പരിശുദ്ധ ജപമാല രാജ്ഞീ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…

You must be logged in to post a comment Login