റബര്‍ വിപണി ; സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം: ഇന്‍ഫാം

റബര്‍ വിപണി ;  സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം: ഇന്‍ഫാം

വിലയിടിവുമൂലം റബര്‍ വിപണി വീണ്ടും തകര്‍ച്ച നേരിടുമ്പോള്‍ മുഖം തിരിഞ്ഞുനില്‍ക്കാതെ കര്‍ഷകരക്ഷയ്ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ചെറുകിട റബര്‍ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കിയ വിലസ്ഥിരതാപദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

മെയ് ഒന്നിന് 140 രൂപയുണ്ടായിരുന്ന ആര്‍എസ്എസ് നാല് റബറിന്റെ മെയ് ആറിലെ വ്യാപാരിവില 130 രൂപയായി താണു. ഈ നില തുടര്‍ന്ന് വൈകാതെ റബര്‍വില 100 രൂപയിലെത്താനുള്ള സാഹചര്യമാണുള്ളത്. പ്രകൃതിദത്ത റബറിന്റെ രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തരവിപണിയ്ക്കും ആഘാതമായിരിക്കുന്നത്.

ഇതിനു പ്രധാനകാരണം ക്രൂഡ് ഓയിലിന്റെ വിലത്തകര്‍ച്ചയാണ്. രാജ്യാന്തരമാര്‍ക്കറ്റില്‍ കഴിഞ്ഞ അഞ്ചുമാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയായ ബാരലിന് 45.52 യുഎസ് ഡോളറാണ് മെയ് നാലിനു രേഖപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ച പ്രകൃതിദത്ത റബറിന്റെ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 2017 ജനുവരിയിലെ പുതുവര്‍ഷ ആഘോഷ പ്രഖ്യാപനത്തെത്തുടര്‍ന്ന് സജീവമായിരുന്ന ചൈനയുടെ ചരക്കുവാങ്ങലും ഇപ്പോള്‍ മന്ദീഭവിച്ചു.

പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് നിലച്ചുപോയ തായ്‌ലണ്ടിലെ റബര്‍ ഉല്പാദന പ്രൊവിന്‍സുകളില്‍ ടാപ്പിംഗ് പുനരാരംഭിച്ച് ഉല്പാദനം വര്‍ദ്ധിച്ചിരിക്കുന്നതും രാജ്യാന്തര വിലയിടിവിന് ആക്കംകൂട്ടുന്നു. ഇതിന്റെ പ്രതിഫലനമായി ഇന്ത്യയിലെയും കേരളത്തിലെയും റബര്‍ വിപണിയില്‍ തകര്‍ച്ച തുടരാന്‍ സാധ്യതകളേറെയാണ്.

റബര്‍ ഉല്പാദനം കുറഞ്ഞ് ഷീറ്റ്‌വരവ് നിലച്ചിരിക്കുമ്പോള്‍ റബറിന് ഏറ്റവും ഉയര്‍ന്ന വില ലഭിക്കേണ്ട ഏപ്രില്‍, മെയ് മാസങ്ങളില്‍ വിലത്തകര്‍ച്ച നേരിട്ടിരിക്കുന്നത് കര്‍ഷകരില്‍ ആശങ്കയുണര്‍ത്തുന്നു. ഉല്പാദനവര്‍ദ്ധനവ് ഉയര്‍ത്തിക്കാട്ടി റബര്‍ബോര്‍ഡ് നടത്തുന്ന കുപ്രചരണങ്ങള്‍ ആഭ്യന്തരവിപണി വിലയിടിക്കുവാന്‍ വ്യവസായികള്‍ പ്രേരണയേകുന്നുവെന്ന ആക്ഷേപം നിലനില്ക്കുന്നു. റബര്‍ നയം വന്നാല്‍ കര്‍ഷകര്‍ രക്ഷപെടുമെന്ന് പ്രചരിപ്പിക്കുന്നവര്‍ കരട് റബര്‍ നയം പഠിക്കാത്തവരാണ്.

കുറഞ്ഞ വിലയില്‍ അസംസ്‌കൃത റബര്‍ ലഭ്യമാക്കി റബര്‍ വ്യവസായത്തെ സംരക്ഷിക്കുന്ന റബര്‍ നയം കര്‍ഷകന് ഉപകരിക്കില്ല. റബറിന്റെ ഉല്പാദനച്ചെലവ് കണക്കാക്കുവാനോ അടിസ്ഥാനവില നിശ്ചയിക്കുവാനോ റബര്‍ സംഭരണത്തിനോ അനിയന്ത്രിതമായ ഇറക്കുമതിക്ക് കടിഞ്ഞാണിടാനോ ശ്രമിക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകവിരുദ്ധനിലപാട് തുടരുമ്പോള്‍ വരാന്‍ പോകുന്നത് റബര്‍മേഖലയില്‍ വീണ്ടും വന്‍ പ്രതിസന്ധിയാണെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ചെറുകിട കര്‍ഷകര്‍ക്ക് താല്ക്കാലികാശ്വാസം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതി സജീവമാക്കണം. വിലത്തകര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി പാര്‍ലമെന്റ് വിഷയം സജീവമാക്കണമെന്നും കാര്‍ഷികസംസ്‌കാരവും കര്‍ഷക ആഭിമുഖ്യവുമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകപ്രസ്ഥാനങ്ങളും സംഘടിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കു തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login