റബര്‍ കോമ്പൗണ്ട് വേസ്റ്റിന്റെ ഇറക്കുമതി ആഭ്യന്തരവിപണിക്ക് വെല്ലുവിളി: ഇന്‍ഫാം

റബര്‍ കോമ്പൗണ്ട് വേസ്റ്റിന്റെ ഇറക്കുമതി ആഭ്യന്തരവിപണിക്ക് വെല്ലുവിളി: ഇന്‍ഫാം

കോട്ടയം: കേന്ദ്രസര്‍ക്കാരിലെ ഉന്നതരുടെ ഒത്താശയോടെ റബര്‍ കോമ്പൗണ്ട് വേസ്റ്റിന്റെ അനിയന്ത്രിതമായുള്ള ഇറക്കുമതി റബറിന്റെ ആഭ്യന്തരവിപണിയിലെ വിലത്തകര്‍ച്ചയ്ക്ക് വീണ്ടും ഇടനല്‍കുമെന്നും വിവിധ കരാറുകളിലൂടെ രാജ്യാന്തരവിപണിയായി ഇന്നലകളില്‍ ഇന്ത്യയെ തുറന്നുകൊടുത്തതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായി കര്‍ഷകര്‍ നേരിടേണ്ടി വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.

പ്രകൃതിദത്ത റബറിന്റെ പ്രധാന ആഭ്യന്തരവിപണി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ചെറുകിട റബര്‍വ്യവസായ മേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാലിപ്പോള്‍ ഉത്തരേന്ത്യന്‍ വ്യവസായികള്‍ കേരളത്തിലെ റബര്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്നതിന്റെ പിന്നില്‍ വന്‍തോതിലുള്ള റബര്‍ കോമ്പൗണ്ട് വേസ്റ്റിന്റെ ഇറക്കുമതിയാണെന്ന് സൂചനയുണ്ട്. വിദേശ റബര്‍ കമ്പനികള്‍ ഗുണമേന്മ പരിശോധനയ്ക്കുശേഷം പുറന്തള്ളുന്ന റബര്‍ കോമ്പൗണ്ട് വേസ്റ്റ് ഇന്ത്യയിലേയ്ക്ക് റബര്‍ കോമ്പൗണ്ട് എന്ന പേരില്‍തന്നെ ഇറക്കുമതി ചെയ്യുന്നതായി സംശയിക്കപ്പെടുന്നു. ഇറക്കുമതി രസീതിലുള്ള വിലകളിലെ വ്യത്യാസത്തില്‍നിന്നും റബര്‍ കോമ്പൗണ്ട് വേസ്റ്റും റബര്‍ വേസ്റ്റും തിരിച്ചറിയാം.

പ്രകൃതിദത്ത റബര്‍, കാര്‍ബണ്‍ ബ്ലാക്കുള്‍പ്പെടെ വിവിധ കെമിക്കലുകളുമായി ചേര്‍ത്ത് ഉണ്ടാക്കുന്ന റബര്‍ കോമ്പൗണ്ട് വിവിധ റബറുല്പന്നങ്ങളുടെ നിര്‍മ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്നു. റബര്‍ കോമ്പൗണ്ടിന് 10 ശതമാനം മാത്രമാണ് ഇറക്കുമതിച്ചുങ്കം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ അസംസ്‌കൃത റബറും റബര്‍ കോമ്പൗണ്ടും ഇന്ത്യയിലെ റബറുല്പന്ന നിര്‍മ്മാതാക്കള്‍ക്കും വ്യവസായികള്‍ക്കും എത്തിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യവസായ വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍ തകര്‍ന്നടിയുന്നത് റബറിന്റെ ആഭ്യന്തര വിപണിയും കര്‍ഷകരും റബര്‍ വ്യാപാരികളുമാണ്. ഇങ്ങനെയുള്ള റബര്‍നയത്തിനുവേണ്ടിയാണ് യാതൊരു പഠനങ്ങളുമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും വാദിക്കുന്നത് എന്നുള്ളതോര്‍ക്കണം.

വ്യവസായികളെ സംരക്ഷിക്കുവാന്‍ ഗുണനിലവാരമില്ലാത്ത റബര്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുന്നത് എതിര്‍ക്കപ്പെടണം. ഗുണമേന്മ പരിശോധനയില്‍ തീരുമാനങ്ങളില്ലാത്തതുകൊണ്ട് റബര്‍ ചണ്ടിയുടെ ഇറക്കുമതിയില്ലെന്ന് വാണിജ്യമന്ത്രി ലോകസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിട്ടും ഏപ്രില്‍ 5ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഡല്‍ഹിയില്‍ ഗുണമേന്മാ രൂപീകരണത്തിനായി യോഗം ചേരുന്നത് കര്‍ഷകദ്രോഹമാണ്. റബര്‍ കോമ്പൗണ്ട് വേസ്റ്റും, റബര്‍ചണ്ടിയും അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കര്‍ഷകരും, വ്യാപാരികളും, കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടിച്ചുനീങ്ങണമെന്നും ഏപ്രില്‍ 5 കര്‍ഷക കരിദിനമായി പ്രതിഷേധിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login