റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഡ്ഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല-ഇന്‍ഫാം

റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഡ്ഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല-ഇന്‍ഫാം

കൊച്ചി: റബര്‍നയം പുതുക്കി പ്രഖ്യാപിക്കുവാന്‍ വാണിജ്യമന്ത്രിയുടെ ഉറപ്പുകിട്ടിയെന്ന പ്രസ്താവനയുമായി വീണ്ടും കര്‍ഷകരുമായി പ്രഹസന ചര്‍ച്ചയ്ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ക്കുമുമ്പില്‍ ഇനിയും വിഢിവേഷം കെട്ടാന്‍ റബര്‍കര്‍ഷകരെ കിട്ടില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

45 മാസമായി അധികാരത്തിലിരുന്നിട്ട് റബര്‍മേഖലയിലെ പ്രശ്‌നങ്ങളില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നവര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് കര്‍ഷകസംരക്ഷകരായി വീണ്ടും അവതരിച്ചിരിക്കുന്നതിന്റെ പിന്നാമ്പുറം തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കര്‍ഷകനുണ്ട്. 2017 ജൂലൈ 17ന് കേന്ദ്രവാണിജ്യമന്ത്രി ലോകസഭയില്‍ റബറിന് നയമില്ലെന്നു പറഞ്ഞ് 2014 ജൂണ്‍ 16 മുതല്‍ മൂന്നുവര്‍ഷക്കാലം വിവിധ തലങ്ങളില്‍ നടത്തിയ റബര്‍നയചര്‍ച്ചകളുടെ എല്ലാ രേഖകളും ഉപേക്ഷിച്ചത് കര്‍ഷകര്‍ക്കറിയാം.

റബര്‍മേഖലയിലെ പ്രശ്‌നങ്ങളും റബര്‍നയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതല്‍ റബര്‍ബോര്‍ഡ് ചെയര്‍മാന്‍വരെ വിളിച്ചുചേര്‍ത്ത നൂറുകണക്കിന് ചര്‍ച്ചകള്‍ ഫലമുളവാക്കിയില്ല. സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷകസംഘടനകളും റബര്‍ കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ചയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനുമായി ഇന്‍ഫാം പലതവണ കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ പറഞ്ഞ് വിശദാംശങ്ങള്‍ കൈമാറി.

വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവകുപ്പുമന്ത്രിക്കും കേരളം സന്ദര്‍ശിച്ചിട്ടുള്ള കേന്ദ്രമന്ത്രിമാര്‍ക്കും റബര്‍ പ്രശ്‌നങ്ങളും റബര്‍നയനിര്‍ദ്ദേശങ്ങളും കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും നിരവധി തവണ പങ്കുവച്ചതാണ്. 2015 ഡിസംബര്‍ 24ന് ഡോ.ചന്ദന്‍മിത്ര ചെയര്‍മാനായ 41 അംഗ കേന്ദ്രവ്യാപാര മന്ത്രാലയം പാര്‍ലമെന്റ് സ്ഥിരസമിതി സര്‍ക്കാരിന് റബര്‍നയ പഠനറിപ്പോര്‍ട്ട് കൈമാറി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിന്റെ എംപിമാര്‍ നിരവധി പ്രാവശ്യം റബര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ വീണ്ടും റബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശശുദ്ധി കര്‍ഷകര്‍ക്ക് വിശ്വസനീയമല്ല.

2017 നവംബര്‍ 11ന് റബര്‍ ഗവേഷണകേന്ദ്രത്തില്‍ കേന്ദ്രമന്ത്രി കര്‍ഷകരുമായി ചര്‍ച്ചനടത്തി. കൃത്യം മൂന്നുമാസം കഴിഞ്ഞ് 2018 ഫെബ്രുവരി 11ന് വീണ്ടും ചര്‍ച്ച. കഴിഞ്ഞ ഏഴുവര്‍ഷമായി തുടരുന്ന റബര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കാത്തവരുടെ ഇത്തരം പ്രഹസനചര്‍ച്ചകളില്‍ പങ്കുചേരണമോയെന്ന് കര്‍ഷകപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പുനര്‍വിചിന്തനം നടത്തണം. കേന്ദ്രവാണിജ്യമന്ത്രിയുടെ ഉറപ്പുകളല്ല, സര്‍ക്കാരിന്റെ ഉത്തരവുകളും തുടര്‍നടപടികളുമാണ് കര്‍ഷകര്‍ക്കു വേണ്ടത്. റബര്‍നയം കര്‍ഷകരെ രക്ഷിക്കാന്‍വേണ്ടിയാണെന്നു നടത്തുന്ന പ്രചരണത്തിന് അടിസ്ഥാനമില്ല. ഇതറിയണമെങ്കില്‍ 2014 ജൂണ്‍ 16ന് വാണിജ്യമന്ത്രാലയമിറക്കിയ റബര്‍നയഉത്തരവ് കര്‍ഷകര്‍ വായിച്ചറിയണം. ഒന്‍പത് നിര്‍ദ്ദേശങ്ങളില്‍ ഒന്നുമാത്രമാണ് റബര്‍കൃഷിയെ പരാമര്‍ശിക്കുന്നത്.

ഉല്പാദനച്ചെലവ് കണക്കാക്കി 50 ശതമാനം ലാഭവിഹിതവും കൂട്ടിച്ചേര്‍ത്ത് കര്‍ഷകന്റെ ഉല്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുമെന്ന തെരഞ്ഞെടുപ്പുപ്രകടപത്രികയിലെ വാഗ്ദാനം എന്‍ഡിഎ നടപ്പാക്കിയിട്ടില്ലെന്നുമാത്രമല്ല ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു കര്‍ഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിയിട്ടിരിക്കുന്നുവെന്ന സത്യം കേന്ദ്രസര്‍ക്കാര്‍ മറക്കരുത്. റബര്‍ സംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ന്യായവില നിശ്ചയിക്കുന്നില്ല. റബര്‍കൃഷിക്ക് പ്രോത്സാഹനപദ്ധതികളുമില്ല. അടിസ്ഥാന റബര്‍ ഇറക്കുമതി വിലയിലും തീരുമാനമില്ല.

വ്യവസായികളെ സംരക്ഷിക്കുവാന്‍ അനിയന്ത്രിത ഇറക്കുമതിക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടിയും സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തുന്നവര്‍ റബര്‍കര്‍ഷകരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റബര്‍ബോര്‍ഡ് ഓഫീസുകള്‍ പലതും പൂട്ടി. റബറധിഷ്ഠിത കര്‍ഷകസംരംഭങ്ങള്‍ക്ക് പ്രോത്സാഹനമില്ല. റബറുല്പാദകസംഘങ്ങളും വന്‍സാമ്പത്തിക പ്രതിസന്ധിയിലാണ്. 2017 ജൂലൈ 17ന് റബര്‍നയം പാടേ ഉപേക്ഷിച്ചുവെന്ന് ലോകസഭയില്‍ വാണിജ്യമന്ത്രി പ്രഖ്യാപിച്ചു. ഇനിയും റബര്‍നയം സംബന്ധിച്ച് കര്‍ഷകരുമായി പ്രഹസന ചര്‍ച്ചയല്ല, വൈകിയവേളയിലെങ്കിലും നടപടികളാണ് വേണ്ടതെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login