റബര്‍ നിയമം റദ്ദാക്കുന്നതിന്റെ പിന്നില്‍ രാജ്യാന്തര കരാറുകളും നികുതിരഹിത ഇറക്കുമതിയും

റബര്‍ നിയമം റദ്ദാക്കുന്നതിന്റെ പിന്നില്‍ രാജ്യാന്തര കരാറുകളും  നികുതിരഹിത ഇറക്കുമതിയും

കോട്ടയം: വിലത്തകര്‍ച്ചയുള്‍പ്പെടെ റബര്‍മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ കര്‍ഷകന് അല്പമെങ്കിലും സംരക്ഷണ കവചമൊരുക്കിയിരുന്ന റബര്‍ ആക്ട് റദ്ദ് ചെയ്യാനുള്ള നീക്കം ഇരുട്ടടിയും റബറിന്റെ ഭാവി ഇരുളടഞ്ഞതുമാക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
തുടര്‍ച്ചയായ വിലത്തകര്‍ച്ച, അനിയന്ത്രിത ഇറക്കുമതി, ഫീല്‍ഡ് റീജിയണല്‍ ഓഫീസുകളുടെ പൂട്ടലും ലയനവും, റബര്‍ നയമില്ലെന്നുള്ള പ്രഖ്യാപനം, ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡുമില്ലാത്ത റബര്‍ബോര്‍ഡ്, റബര്‍ ആക്ട് റദ്ദാക്കാനുള്ള നടപടികള്‍ ഇവയെല്ലാം ചേര്‍ത്തുവായിക്കേണ്ടതാണ്.

രാജ്യാന്തര വ്യാപാരക്കരാറുകളും ചൈനയും ആസിയാന്‍ രാജ്യങ്ങളുമുള്‍പ്പെടെ 16 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഒറ്റക്കമ്പോളവും സൃഷ്ടിച്ച് രാജ്യാന്തര റബര്‍വിപണിക്കായി ആഭ്യന്തര കമ്പോളം തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബര്‍ ആക്ട് റദ്ദുചെയ്യാനുള്ള നീക്കം. 1948-ല്‍ ഗാട്ട് കരാറില്‍ ഏര്‍പ്പെടുന്നതിന്റെ മുന്നോടിയായിട്ടാണ്1947-ല്‍ റബര്‍ ആക്ട് രൂപംകൊണ്ടത്. 1994-ല്‍ ലോകവ്യാപാരസംഘടനയില്‍ ഇന്ത്യ അംഗത്വമെടുത്തപ്പോഴും രാജ്യാന്തര വ്യാപാരത്തിന് ഗാട്ട്കരാറും നിലനിര്‍ത്തിയിരുന്നു. 2009-ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ട ഇന്ത്യ-ആസിയാന്‍ വ്യാപാരക്കരാറിന്റെയും 2014 നവംബറില്‍ ഒപ്പിട്ട ഇന്ത്യ ആസിയാന്‍ നിക്ഷേപ സേവന കരാറുകളുടെയും തുടര്‍ച്ചയായി വ്യാപാര നിക്ഷേപങ്ങള്‍ക്കായി ഇന്ത്യയുടെ കാര്‍ഷിക വ്യവസായ മേഖലയെ തുറന്നുകൊടുത്തിരിക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലായ്മ ചെയ്യേണ്ടിവരും. ഇതിന്റെ തുടക്കമാണ് റബര്‍ ആക്ട് റദ്ദുചെയ്യാനുള്ള നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റബറിന് തറവിലയും പരമാവധി വിലയും നിശ്ചയിക്കാനും ഇറക്കുമതി കയറ്റുമതി നിയന്ത്രിക്കാനുമുള്‍പ്പെടെ റബര്‍ആക്ടില്‍ സൂചിപ്പിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമ്പോള്‍ കാലാന്തരത്തില്‍ വിദേശകമ്പനികള്‍ ഇന്ത്യയിലെ റബറിന്റെ വില നിശ്ചയിക്കുന്ന സ്ഥിതിവിശേഷമുണ്ടാകും. രാജ്യാന്തരവിപണിയില്‍ വില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണി പലപ്പോഴായി 30-40 രൂപ ഇടിഞ്ഞുനില്‍ക്കുന്നത് വിദേശ റബര്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വ്യവസായ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണവും അവസരവുമുണ്ടാക്കും.

അതിനാലാണ് കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകന് ന്യായവില ലഭ്യമാക്കുവാനോ രാജ്യാന്തരവിലയ്ക്കനുസരിച്ച് ആഭ്യന്തരവില ഉയര്‍ത്തുവാനോ ശ്രമിക്കാത്തതെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

2014 ജൂണ്‍ 16ന് ദേശീയ റബര്‍നയമുണ്ടാക്കാന്‍ സമിതിയെ നിശ്ചയിക്കുകയും റബര്‍നയം ഉടന്‍ വരാന്‍പോകുന്നുവെന്ന് ലോകസഭയില്‍ നിരവധി തവണ പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്രവാണിജ്യമന്ത്രി റബറിന് നയമില്ലെന്ന് പറഞ്ഞ് ചുവടുമാറിയിരിക്കുന്നത് വരാന്‍പോകുന്ന റീജിയണല്‍ കോപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എന്ന വന്‍ രാജ്യാന്തരവ്യാപാരക്കരാറിന്റെ മുന്നൊരുക്കമാണ്.

2017 ജൂലൈ 10 മുതല്‍ ഇന്ത്യയില്‍ ചേരുന്ന 16 അംഗ ആര്‍സിഇപി രാജ്യങ്ങളുടെ 19-ാം റൗണ്ട് ഉന്നതതല സമ്മേളനത്തിലൂടെ ആര്‍സിഇപി കരാര്‍ അന്തിമഘട്ടത്തിലെത്തുമ്പോള്‍ തീറെഴുതപ്പെടുന്നത് റബറുള്‍പ്പെടെ കാര്‍ഷികരംഗം മാത്രമല്ല, ക്ഷീരോല്പാദനമേഖല കൂടിയാണെന്നും ഇതിനെതിരെ കര്‍ഷക രാഷ്ട്രീയ സംയുക്ത നീക്കങ്ങളുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login