റബര്‍നയം; അടിയന്തര നടപടികളാണ് വേണ്ടത്: ഇന്‍ഫാം

റബര്‍നയം; അടിയന്തര നടപടികളാണ് വേണ്ടത്: ഇന്‍ഫാം

കോട്ടയം: റബര്‍നയം പ്രഖ്യാപിച്ചാല്‍ റബറിന്റെ വില കുതിച്ചുയര്‍ന്ന് കര്‍ഷകര്‍ രക്ഷപെടുമെന്നുള്ള പ്രചരണം തെറ്റാണെന്നും ഉല്പാദനച്ചെലവ് കണക്കാക്കി അടിസ്ഥാനവില പ്രഖ്യാപിച്ച് സര്‍ക്കാര്‍ നേരിട്ട് റബര്‍ സംഭരിക്കുന്ന അടിയന്തര നടപടിക്ക് ശ്രമിക്കാതെ തള്ളിക്കളഞ്ഞ റബര്‍നയം പുതുക്കിപ്രഖ്യാപിക്കുവാന്‍ വേണ്ടിയുള്ള ചര്‍ച്ചകളെ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.

റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കുന്നതിനും സംഭരണത്തിനും പ്രത്യേക നയത്തിന്റെ ആവശ്യമില്ല. റബര്‍ ആക്ടില്‍തന്നെ വ്യക്തമായ നിയമങ്ങളുണ്ട്. മുന്‍കാലങ്ങളില്‍ അടിസ്ഥാനവില പ്രഖ്യാപിക്കുകയും സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷനിലൂടെ സര്‍ക്കാരിടപെട്ട് റബര്‍ സംഭരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിലും ഇതേനടപടികള്‍ ആവര്‍ത്തിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വാണിജ്യമന്ത്രാലയം രൂപീകരിക്കുന്ന റബര്‍നയം കര്‍ഷകര്‍ക്കുവേണ്ടിയുള്ളതല്ല. റബര്‍വ്യവസായത്തിനും കച്ചവടത്തിനും വേണ്ടിയാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ അസംസ്‌കൃത റബര്‍ വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന നയംവന്നാല്‍ കര്‍ഷകരെങ്ങനെ രക്ഷപെടും?

2007 സെപ്തംബര്‍ 11ന് ദേശീയ കൃഷിനയം വന്നു. 1992ലും 2015ലും സംസ്ഥാന കൃഷിനയം പ്രഖ്യാപിച്ചു. കൃഷിയോ കര്‍ഷകനോ രക്ഷപെട്ടില്ലെന്നു മാത്രമല്ല, രാജ്യത്തുടനീളം കര്‍ഷക ആത്മഹത്യകള്‍ പെരുകി. ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു. കര്‍ഷകര്‍ തെരുവിലിറങ്ങി. ആഗോള കാര്‍ഷികവിപണിയായി ഇന്ത്യ മാറി. അനിയന്ത്രിത കാര്‍ഷികോല്പന്ന ഇറക്കുമതി കാര്‍ഷികമേഖലയുടെ നടുവൊടിച്ചു. തരിശുഭൂമി കൂടി. പൊതുസമൂഹം കണ്‍മുമ്പില്‍ കാണുന്ന സത്യമിതാണെന്നിരിക്കെ നയത്തിന്റെ പേരില്‍ വീണ്ടും വിഢിവേഷം കെട്ടാന്‍ കര്‍ഷകനെ വിട്ടുകൊടുക്കണോ?

കഴിഞ്ഞ നാലുവര്‍ഷത്തോളമായി അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് കുടപിടിച്ചവര്‍ ആഭ്യന്തര റബര്‍വിപണി തകര്‍ന്നടിഞ്ഞിട്ടും മുഖംതിരിഞ്ഞു നിന്നവര്‍, കഴിഞ്ഞ അഞ്ചു കേന്ദ്രബജറ്റിലും റബറിനെ പാടേ ഉപേക്ഷിച്ചവര്‍, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള റബറുല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞവര്‍, വിലസ്ഥിരതാപദ്ധതി അട്ടിമറിച്ചവര്‍, ഗുണമേന്മയില്ലാത്ത കപ്പ്‌ലംബ് (ചിരട്ടച്ചണ്ടി) ഇറക്കുമതിചെയ്ത് ആഭ്യന്തരവിപണി തകര്‍ക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നവര്‍, 2017 ജൂലൈ 17ന് പാര്‍ലമെന്റില്‍ റബര്‍നയം പാടേ ഉപേക്ഷിച്ചവര്‍. ഇക്കൂട്ടര്‍ വീണ്ടും പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി രംഗത്തുവരുമ്പോള്‍ ലക്ഷ്യംവയ്ക്കുന്നത് വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പാണെന്ന് വ്യക്തമാണ്.

2014 ജൂണ്‍ 16ന് റബര്‍നയരൂപീകരണസമിതി പ്രഖ്യാപിച്ചനാള്‍ മുതല്‍ 2017 ജൂലൈ 17ന് പാര്‍ലമെന്റില്‍ റബര്‍നയം ഉപേക്ഷിച്ചതുവരെ നടത്തിയ നൂറുകണക്കിന് ചര്‍ച്ചകളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര വാണിജ്യമന്ത്രിയുടെ അലമാരിയിലിരിക്കുമ്പോള്‍ വീണ്ടുമൊരു പ്രഹസനചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. റബര്‍ബോര്‍ഡ് ആസ്ഥാനത്തും ഇതേ റിപ്പോര്‍ട്ടുകളുണ്ടാകും.

റബര്‍നയം രൂപീകരിക്കുവാന്‍ ഈ റിപ്പോര്‍ട്ടുകള്‍ പൊടിതട്ടിയെടുത്ത് നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തി കേന്ദ്രസര്‍ക്കാരിനുണ്ടായാല്‍ മതിയാകും. കുറഞ്ഞപക്ഷം സംസ്ഥാന സര്‍ക്കാരിന്റേതുപോലെ ഉത്തജകപദ്ധതി നടപ്പിലാക്കാനെങ്കിലും വാണിജ്യമന്ത്രാലയം ശ്രമിക്കണം. ഇടുക്കി, കുട്ടനാട് പാക്കേജുകളെപ്പോലെ തെരഞ്ഞെടുപ്പിനുമുമ്പ് റബര്‍പാക്കേജ് പ്രഖ്യാപിച്ച് ഒന്നും നടപ്പിലാക്കാതെ തലയൂരാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ അടവുനയം ഇനിയും റബര്‍കര്‍ഷകരുടെയടുക്കല്‍ വിലപ്പോവില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

 

You must be logged in to post a comment Login