സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം

സംഭരണവും അടിസ്ഥാനവിലയുമില്ലാതെ  റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം

കൊച്ചി: പ്രമുഖ റബര്‍ ഉല്പാദക രാജ്യങ്ങളിലേതുപോലെ ഉല്പാദനച്ചെലവു കണക്കാക്കി റബറിന് അടിസ്ഥാനവില നിശ്ചയിക്കുവാനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട റബര്‍ സംഭരിക്കുവാനും നടപടികളില്ലാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

വരുംദിവസങ്ങളില്‍ റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുവാന്‍ സാധ്യതകളേറെയാണ്. രാജ്യാന്തരവിലപോലും കര്‍ഷകന് ലഭിക്കാതെ ആഭ്യന്തരവിപണിയെ അട്ടിമറിക്കുന്നതില്‍ റബര്‍ബോര്‍ഡിനും പങ്കുണ്ട്. റബര്‍ബോര്‍ഡ് ദിവസവും പ്രഖ്യാപിക്കുന്ന വിപണിവിലയുടെ മാനദണ്ഡം സംശയാസ്പദമാണ്. 1998 സെപ്തംബറില്‍ സര്‍ക്കാര്‍ സ്ഥാപനമായ സ്‌റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ റബര്‍ സംഭരിക്കുകയും തുടര്‍ന്ന് ഇറക്കുമതിയില്‍ തുറമുഖനിയന്ത്രണം ഏര്‍പ്പെടുത്തി 2003-ല്‍ വിലസ്ഥിരത ഉറപ്പാക്കുകയും ചെയ്ത ചരിത്രമുണ്ട്.

2000-ാമാണ്ടിലെ റബര്‍ പ്രതിസന്ധിക്ക് സമാനമായ പ്രതിസന്ധിയാണ് കഴിഞ്ഞ നാല് വര്‍ഷക്കാലമായി റബര്‍മേഖലയും കര്‍ഷകരും നേരിടുന്നത്. കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡിനും വിലത്തകര്‍ച്ചയില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന കര്‍ഷകവിരുദ്ധസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതി ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ഒരു താല്‍ക്കാലിക ആശ്വാസമെന്നതിലുപരി ഒരു സ്ഥിരം പരിഹാരമാര്‍ഗ്ഗമല്ല.

ചെറുകിട കര്‍ഷകരേപ്പോലെ അസംഘടിതരായ ഇതര റബര്‍തോട്ടം ഉടമകളും വന്‍സാമ്പത്തികത്തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
കാര്‍ഷികപ്രതിസന്ധി അതിരൂക്ഷമെന്ന് കേന്ദ്രധനമന്ത്രി കുറ്റസമ്മതം നടത്തുമ്പോഴും ബദല്‍ സംവിധാനത്തിന് തയ്യാറാകാതെ അഞ്ച് വര്‍ഷംകൊണ്ട് ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നിരന്തരം പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. റബര്‍നയം വന്നതുകൊണ്ടും വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാവില്ല. കരട് നയത്തിന് കര്‍ഷകനെ സംരക്ഷിക്കാനുള്ളനിര്‍ദ്ദേശങ്ങളൊന്നുമില്ലാത്തപ്പോള്‍ വരാന്‍പോകുന്ന റബര്‍ നയത്തിന്റെ വിശ്വാസ്യതയേയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ആസിയാന്‍ കരാറിന്റെ തുടര്‍ച്ചയായി 2019 ഡിസംബര്‍ 31 നു മുമ്പായി കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടന നിശ്ചയിക്കുന്ന റബര്‍, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി പ്രധാന കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം പരിപൂര്‍ണ്ണമായി എടുത്തുകളയുവാനുള്ള നീക്കം സജീവമാണ്.

ഇതോടെ അനിയന്ത്രിതമായ രാജ്യാന്തര കാര്‍ഷിക ഇറക്കുമതിക്ക് ആക്കം കൂടുകയും കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നടിയുകയും ചെയ്യും. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും, കാര്‍ഷികസംസ്‌കാരവും കര്‍ഷക ആഭിമുഖ്യവുമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകപ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി സംഘടിച്ച് സംയുക്ത കര്‍ഷക പ്രക്ഷോഭത്തിന് മുന്നോട്ടുവരണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login