സിനിമ കണ്ടാല്‍ ഇങ്ങനെയുമുണ്ട് ഗുണം, കുഞ്ഞു സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ ചേട്ടന് പ്രേരണയായത് സിനിമയിലെ രംഗം

സിനിമ കണ്ടാല്‍ ഇങ്ങനെയുമുണ്ട് ഗുണം, കുഞ്ഞു സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ ചേട്ടന് പ്രേരണയായത് സിനിമയിലെ രംഗം

സിനിമ യുവജനങ്ങളെ വഴിതെറ്റിക്കുന്നുവെന്നാണ് കൂടുതലായും ആക്ഷേപങ്ങള്‍. കുറ്റകൃത്യങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും അവര്‍ വഴിതിരിയാന്‍ പ്രേരണയാകുന്നതിന് പിന്നിലുള്ളതും സിനിമയാണെന്നാണ് വ്യാഖ്യാനങ്ങള്‍. ചില കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ പിന്നിലെ പ്രചോദനം സിനിമകളായിരുന്നുവെന്ന് പ്രതികള്‍ പിന്നീട് തുറന്നു സമ്മതിച്ചിട്ടുമുണ്ട്.

എന്നാല്‍ സിനിമയുടെ സ്വാധീനം മൂലം മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചതായ സംഭവങ്ങള്‍ അപൂര്‍വ്വമാണ്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ മിഷിഗണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരു പത്തുവയസുകാരനും അവന്റെ അനിയന്‍ രണ്ടു വയസുകാരനുമാണ് ഈ സംഭവത്തിലെ കഥാപാത്രങ്ങള്‍. സ്വിമ്മിംങ് പൂളില്‍ മുങ്ങിത്താണുപോയ കുഞ്ഞനിയനെ നോക്കി അന്തം വിട്ടുനില്ക്കാനേ ആദ്യം ചേട്ടനായുള്ളൂ. അടുത്ത നിമിഷം ചേട്ടന്റെ മനസ്സിലേക്ക് കണ്ടസിനിമയിലെ ഒരു രംഗം കടന്നുവന്നു. അത് മറ്റൊന്നുമല്ല ഡ്വെയിന്‍ ജോണ്‍സണ്‍ അഭിനയിച്ച സാന്‍ ആന്ദ്രാസ് എന്ന സിനിമയിലെ ഒരു രംഗമായിരുന്നു. ശ്വാസം നിലച്ചുപോയ മകളെ രക്ഷിക്കാന്‍ സിപിആര്‍ നല്കുന്നതായിരുന്നു പ്രസ്തുത രംഗം.

ആ ചിത്രത്തിന്റെ ഓര്‍മ്മയില്‍ ചേട്ടന്‍ അനുജന് സിപി ആര്‍ നല്കി. അനിയന്‍ ഡിലാന്റെ നെഞ്ചിലമര്‍ത്തി അവനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ജേക്കബ് ആവതും ശ്രമിച്ചു. അതിനിടയില്‍ മുത്തശ്ശിയെ വിവരം അറിയിക്കുകയും ചെയ്തു. അതോടെ ആംബുലന്‍സ് എത്തി. പക്ഷേ ആംബുലന്‍സ് എത്തുന്നതിന് മുമ്പേ സിപി ആറിന്റെ സഹായത്തോടെ ഡിലാന്‍ ശ്വസിച്ചുതുടങ്ങിയിരുന്നു.

അനുജനെ ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്ന ഈ മിടുക്കനെ കാണാന്‍ സാക്ഷാല്‍ ദി റോക്ക് തന്നെ എത്തിയെന്നതാണ് അവസാനത്തെ വിശേഷം. ഏതു കലാരൂപത്തിലും നന്മയുണ്ട്. അതിനെ കാണേണ്ടതായ വിധത്തില്‍ കാണണമെന്ന് മാത്രം.

You must be logged in to post a comment Login