കാലിഫോര്‍ണിയായിലെ കത്തോലിക്കാ സ്‌കൂളില്‍ നിന്ന് വിശുദ്ധ രൂപങ്ങള്‍ എടുത്തുമാറ്റി

കാലിഫോര്‍ണിയായിലെ കത്തോലിക്കാ സ്‌കൂളില്‍ നിന്ന് വിശുദ്ധ രൂപങ്ങള്‍ എടുത്തുമാറ്റി

കാലിഫോര്‍ണിയ: സാന്‍ ഡൊമിനിക്കോ സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന വിശുദ്ധ രൂപങ്ങള്‍ അധികാരികള്‍ എടുത്തുമാറ്റി. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധ വഴിതെറ്റിപ്പോകുന്നു എന്ന കാരണം പറഞ്ഞാണ് വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. വിശുദ്ധ ഡൊമിനിക്ക്, വിശുദ്ധ ഫ്രാന്‍സിസ് എന്നീ രൂപങ്ങള്‍ക്ക് പുറമെ കന്യാമാതാവ് ഉണ്ണീശോയെ എടുത്തുപിടിച്ച് നില്ക്കുന്ന രൂപവും മാറ്റിയിട്ടുണ്ട്. സ്‌കൂളിന്റെ വാര്‍ഷികച്ചടങ്ങില്‍ കുട്ടികള്‍ ഈ മാതൃരൂപത്തെ നേരത്തെ കിരീടം അണിയിച്ചിട്ടുള്ളതായിരുന്നു.

സ്‌കൂളിന്റെ ഈ നടപടിയെ നിരവധി മാതാപിതാക്കള്‍ വിമര്‍ശിച്ചു. 167 വര്‍ഷം പഴക്കമുള്ള ഡൊമിനിക്കന്‍ സ്‌കൂള്‍ പാരമ്പര്യത്തെയും വിശ്വാസത്തെയും കളഞ്ഞുകുളിച്ചതോര്‍ത്ത് ലജ്ജ തോന്നുന്നു എന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

എന്നാല്‍ തങ്ങളുടെ നടപടിയില്‍ ഉറച്ചുനില്ക്കുകയാണ് സ്‌കൂള്‍ അധികാരികള്‍. കാന്പസിലൂടെ നടന്നുപോകുന്പോള്‍ ഏതൊരാളുടെയും ആദ്യത്തെ ശ്രദ്ധ തിരിയുന്നത് ഈ രൂപങ്ങളുടെ നേര്‍ക്കാണെന്നും അത്  കുട്ടികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധ തിരിയാന്‍ കാരണമാകുന്നുവെന്നുമാണ് അവരുടെ വിശദീകരണം.

162 രൂപങ്ങളാണ് ഇപ്രകാരം എടുത്തുമാറ്റിയിരിക്കുന്നത്. അകത്തോലിക്കരായ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പരിഷ്‌ക്കരണം. കാലിഫോര്‍ണിയായിലെ ഏറ്റവും പഴക്കമുള്ള സ്‌കൂളാണിത്. സാന്‍ഫ്രാന്‍സിസ്‌ക്കോ അതിരൂപതയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സാണ് സ്‌കൂള്‍ നടത്തുന്നത്.

You must be logged in to post a comment Login