തിരുവനന്തപുരം: കാലം ചെയ്ത ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 23-മത് അനുസ്മരണത്തോടനുബന്ധിച്ച് ശാന്തിയാത്രനടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകുന്നേരം നാലിന് നാലാഞ്ചിറ സെന്റ് തോമസ് വലിയ പള്ളിയിൽനിന്ന് ആരംഭിച്ച ശാന്തിയാത്രയ്ക്ക് അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, കൂരിയ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവർ നേതൃത്വം നൽകി. അഞ്ചരയോടെ ശാന്തിയാത്ര പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ കബറിങ്കൽ എത്തിച്ചേർന്നു. തുടർന്ന് സന്ധ്യാ പ്രാർഥനയും കബറിങ്കൽ ധൂപ പ്രാർഥനയും നടന്നു.
ഇന്നു രാവിലെ 6.30ന് സമൂഹബലിയും അനുസ്മരണ പ്രാർഥനയും തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. 42 വർഷക്കാലം തിരുവനന്തപുരം ആർച്ച് ബിഷപ്പും മലങ്കര കത്തോലിക്കാ സഭയുടെ തലവനുമായിരുന്ന ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് 1994 ലാണ് കാലം ചെയ്തത്.
You must be logged in to post a comment Login