എന്തുകൊണ്ടാണ് സഭ ഇപ്പോഴും സാത്താനോടുള്ള പോരാട്ടം തുടരുന്നത്?

എന്തുകൊണ്ടാണ് സഭ ഇപ്പോഴും സാത്താനോടുള്ള പോരാട്ടം തുടരുന്നത്?

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ആറാം അധ്യായത്തിലാണ് ക്രിസ്തു തന്റെ ശിഷ്യന്മാരെ രണ്ടുപേര്‍ വീതം സുവിശേഷപ്രഘോഷണത്തിനായി അയ്ക്കുന്നത്. അപ്പോള്‍ അവര്‍ക്കുള്ള ദൗത്യവും ക്രിസ്തു നല്കുന്നുണ്ട്. പിശാചുക്കളെ ബഹിഷ്‌ക്കരിക്കാനുള്ള ഉത്തരവാദിത്തം അതില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സാത്താനോടുള്ള യുദ്ധം സഭയുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്.

പതനം സംഭവിച്ച മാലാഖയാണ് സാത്താന്‍. വളരെ കൗശലക്കാരനും അതോടൊപ്പം വളരെ സ്മാര്‍ട്ടുമാണ് സാത്താന്‍. കൂടുതലായും നിത്യജീവിതത്തില്‍ സാത്താന്റെ ഇടപെടല്‍ പരോക്ഷമായ രീതിയിലോ പ്രച്ഛന്നമായ രൂപത്തിലോ ആയിരിക്കും. അത് പ്രലോഭനം,സ്വാധീനം, നിര്‍ദ്ദേശം എന്നിങ്ങനെ പല രൂപത്തിലും വരാം.

ഇറ്റലിയിലെ ഓര്‍വിറ്റോ കത്തീഡ്രലില്‍ ഉള്ള മതപരമായ ഏറ്റവും ഭീകരതയുണര്‍ത്തുന്ന ഒരു പെയ്ന്റിംങുണ്ട്. അന്തിക്രിസ്തുവിന്റെ ചെവിയില്‍ മന്ത്രിക്കുന്ന സാത്താനെയാണ് അതില്‍ ചിത്രകാരനായ ലൂക്കാ ചിത്രീകരിച്ചിരിക്കുന്നത് .സാത്താന്യശക്തി നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നതിന്റെ വ്യക്തമായ ചിത്രീകരണമാണത്.

ദൈവത്തിന്റെ സ്വഭാവം പ്രകൃത്യാ സ്‌നേഹമാണെങ്കില്‍ സാത്താന്‍ ഒരാള്‍ക്കെതിരെ മറ്റെയാളെ ഉപയോഗിക്കുന്നവരും വിദ്വേഷം, പക,വെറുപ്പ് തുടങ്ങിയവ പരസ്പരം സൃഷ്ടിക്കുന്നവനുമാണ്.  ഇന്ന് സമൂഹത്തില്‍ കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും എല്ലാം അനൈക്യത്തിലേക്ക് വഴുതിവീഴുന്നുണ്ടെങ്കില്‍ അതിന് കാരണം സാത്താന്‍ അവിടെയെല്ലാം നിലയുറപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടാണ്.

സാത്താനെ നുണകളുടെ പിതാവ് എന്നാണ് ബൈബിള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ദൈവം സത്യമാണ്. നമ്മള്‍ സഹിക്കുന്നത് പലപ്പോഴും അസത്യം മൂലമാണ്. സാത്താന്‍ കൊലപാതകിയുമാണ്. അവന്‍ ജീവനെതിരെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ദൈവം ജീവദാതാവാണ്. ജീവനെ പോഷിപ്പിക്കുന്നവനാണ്.

സാത്താന്‍ ഒരിക്കലും സന്തോഷവാനല്ല. അവന്‍ എവിടെയും അസന്തുഷ്ടിയാണ് വിതയ്ക്കുന്നത്. ക്രിസ്തീയത നല്കുന്ന ഏറ്റവും നല്ല സുവിശേഷം ക്രിസ്തു മരിച്ചുവെന്നും ഉത്ഥാനം ചെയ്തുവെന്നും അന്ധകാരശക്തികളെ തോല്പിച്ചുവെന്നുമാണ്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ മാംസത്തിനോ പ്രഭുത്വത്തിനോ എതിരായിട്ടല്ല അന്ധകാരശക്തികള്‍ക്കെതിരെയാണ് നാം പോരാടേണ്ടത് എന്ന് പറയുന്നത്.

ആത്മീയമായ യുദ്ധത്തില്‍ പോരാടുന്നതിനുള്ള ആയുധങ്ങളായി സഭ നല്കുന്നത് ദിവ്യകാരുണ്യം, കുമ്പസാരം, വിശുദ്ധ കുര്‍ബാന, ജപമാല, വിശുദ്ധ ഗ്രന്ഥം, വ്യക്തിപരമായ പ്രാര്‍ത്ഥന എന്നിവയാണ്. എന്നാല്‍ എല്ലാകാലത്തെയും ഏറ്റവും വലിയ ദുരന്തം എന്ന് പറയുന്നത് കത്തോലിക്കര്‍ പലപ്പോഴും ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്നു എന്നതാണ്.

പന്ത്രണ്ട് അപ്പസ്‌തോലന്മാരെ നിയോഗിച്ച ക്രിസ്തുവിന്റെ അതേ ദൗത്യമാണ് സഭ ഇന്നും തുടരുന്നത്. അതായത് സാത്താനെ ബഹിഷ്‌ക്കരിക്കുക. സഭയുടെ അവസാനംവരെയുളള ദൗത്യവും അതുതന്നെയായിരിക്കും.

You must be logged in to post a comment Login