അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ട ഇരട്ടസഹോദരങ്ങള്‍ വൈദികരായപ്പോള്‍…

അബോര്‍ഷനില്‍  നിന്ന് രക്ഷപ്പെട്ട ഇരട്ടസഹോദരങ്ങള്‍ വൈദികരായപ്പോള്‍…

ഫാ. ഫിലിപ്പിന്‍റെയും ഫാ. പൗലോയുടെതും അസാധാരണമായ ഒരു ദൈവവിളിയാണ്. അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ടും വിശ്വാസവഴികളില്‍ നിന്ന് വ്യതിചലിച്ചിട്ടും വീണ്ടും തിരികെയെത്തിയും അത്ഭുതപ്പെടുത്തുന്ന കഥയാണ് ഇത്. അതിനു പിന്നില്‍  റോസ സില്‍വ എന്ന അമ്മയും ശക്തമായ സാന്നിധ്യമാണ്. അതെ, റോസ സില്‍വ എന്ന അമ്മ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പൗലോയും ഫിലിപ്പിയും ദൈവത്തിന്റെ അഭിഷിക്തരായി ശുശ്രൂഷ ചെയ്യുവാന്‍ ഈ ഭൂമിയിലുണ്ടാവുമായിരുന്നില്ല.

സഹനങ്ങളും ദുരിതങ്ങളും ഏറ്റെടുക്കാന്‍ ഒരമ്മ മനസ്സായപ്പോള്‍ അതിന് മീതെ ദൈവം ആശീര്‍വദിച്ച കഥയാണ് ഇരട്ടസഹോദരങ്ങളും വൈദികരുമായ പൗലോയുടെയും ഫിലിപ്പിയുടേതും. ചിലിയിലാണ് സംഭവം.

ഗര്‍ഭിണിയായ റോസയുടെ സ്‌കാനിങ്ങ് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതിശയകരമായ ഒരു കാഴ്ചയാണ് ഡോക്‌ടേഴ്‌സ് കണ്ടത്. കുഞ്ഞിന് മൂന്ന് കൈകള്‍.. രണ്ട് ശിരസ്..കാലുകള്‍ കെട്ടുപിണഞ്ഞ അവസ്ഥയില്‍..രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അബോര്‍ഷന്‍ ചിലിയില്‍ അനുവദനീയമായിരുന്നതിനാല്‍ ഡോക്‌ടേഴ്‌സ് ആ വഴി സ്വീകരിക്കാനാണ് ഉപദേശിച്ചത്. റോസയുടെ ജീവന് തന്നെ ഭീഷണിയായതിനാല്‍ അത് അത്യാവശ്യമാണെന്നും അവര്‍ ശഠിച്ചു.

പക്ഷേ റോസക്ക് അതിന് സമ്മതമുണ്ടായിരുന്നില്ല. ദൈവം അയ്ക്കുന്ന എന്തിനെയും താന്‍ സ്വീകരിച്ചുകൊള്ളാമെന്ന് അവള്‍ മെഡിക്കല്‍ സംഘത്തോട് പറഞ്ഞു. പിന്നെ അവളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്കുമായില്ല. അങ്ങനെ ആ ദിവസമെത്തി. 1984 സെപ്റ്റംബര്‍ 10.

റോസ പ്രസവിച്ചു. ഫിലിപ്പിയെ. എന്നാല്‍ പ്ലാസന്റ വേര്‍പെട്ടിരുന്നില്ല. ഗര്‍ഭപാത്രം തുന്നിക്കെട്ടാന്‍ ഡോക്ടര്‍മാര്‍ തയ്യാറായപ്പോള്‍ റോസ അതിനും തടസം പറഞ്ഞു. ഒരു കുഞ്ഞ് കൂടി പിറന്നുവീഴാനുണ്ടെന്ന് അവള്‍ക്ക് തോന്നിയിരുന്നു. അതുകൊണ്ട് അല്പം കാത്തിരിക്കണം. റോസ പറഞ്ഞു. പതിനേഴ് മിനിറ്റുകള്‍ക്ക് ശേഷം റോസ പൗലോയ്ക്ക് ജന്മം നല്കി.

‘ എന്റെ ജനനത്തിന്റെ അവസാനനിമിഷങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. പ്ലാസന്റ പുറത്തേയ്ക്ക് വരാത്തതിനാല്‍ അത് പുറത്തയേക്ക് വരാനായി ചില ഉപകരണങ്ങള്‍ കൊണ്ട് അത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചപ്പോള്‍ അമ്മ തടസം പറഞ്ഞു. ഞാന്‍ കൂടി ജനിക്കാനുണ്ടെന്ന് അമ്മയ്ക്കറിയാമായിരുന്നു..” ഫാ. പൗലോ പറഞ്ഞു. ” ഞങ്ങള്‍ എപ്പോഴും അമ്മയുടെ ധീരതയെയും സന്മനസ്സിനെയും കുറിച്ചോര്‍ക്കും. അതാണ് ഞങ്ങള്‍ ജനിച്ചുവീഴാന്‍ തന്നെ കാരണം. ഞങ്ങള്‍ അമ്മയോട് എന്നും കടപ്പെട്ടിരിക്കുന്നു..”

2003 മാര്‍ച്ചിലാണ് ഇരുവരും സെമിനാരിയില്‍ പ്രവേശിച്ചത്. എങ്കിലും തങ്ങളില്‍ ആര്‍ക്കാണ് ആദ്യം ദൈവവിളിയുണ്ടായതെന്ന് എന്നതിനെക്കുറിച്ച് ഇവര്‍ക്ക് ഓര്‍മ്മയില്ല.” ഒരു പുരോഹിതനായിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.” ഫാ. ഫിലിപ്പി പറഞ്ഞു. കത്തോലിക്കാവിശ്വാസത്തിലാണ് അവര്‍ വളര്‍ന്നുവന്നതെങ്കിലും ജീവിതത്തിലെ ഒരു ഘട്ടത്തില്‍ വച്ച് അവര്‍ വിശ്വാസത്തില്‍ അകന്നുജീവിക്കുന്ന സാഹചര്യവും ഉണ്ടായി. പള്ളിയില്‍ പോക്കും കൂദാശാസ്വീകരണവും നിലച്ചു. പിന്നീട് മാതാപിതാക്കളുടെ വേര്‍പിരിയലിനെ തുടര്‍ന്ന് അവര്‍ തിരികെ സഭാത്മകജീവിതത്തിലേക്ക് തിരികെ നടന്നു.ഫിലിപ്പിയുടെ ദൈവവിളിയില്‍ ഫാ. റെയ്‌നാള്‍ഡോ സോറിയോയ്ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. അദ്ദേഹം പിന്നീട് ഫിലിപ്പിയുടെ സെമിനാരിയിലെ ഫോര്‍മേഷന്‍ ഡയറക്ടറായി.

ഇവരുടെ സെമിനാരിപ്രവേശനം കുടുംബത്തില്‍ ആദ്യം എതിര്‍പ്പാണ് ഉണ്ടാക്കിയത്. ഇരുവരും സെമിനാരിയില്‍ ചേര്‍ന്നതിന് ശേഷമുള്ള ഒരുവര്‍ഷം മനസ്സില്‍ വളരെ ശാന്തതയും സമാധാനവും തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞുവെന്ന് അമ്മ പറഞ്ഞു. അത് തങ്ങളുടെ ദൈവവിളിയുടെ സ്ഥിരത ഉറപ്പാക്കാന്‍ അവരെ സഹായിക്കുകയും ചെയ്തു.

ഇരുവരും സെമിനാരിയില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തങ്ങളുടെ ജനനകഥ അമ്മയില്‍ നിന്ന് അവര്‍ ആദ്യമായി അറിയുന്നത്. 2012 ഏപ്രില്‍ 28 ന് ഇരുവരും അഭിഷിക്തരായി. ദൈവവിളി മനോഹരമാണ്. അത് പരിപൂര്‍ണ്ണമായ സന്തോഷം ഞങ്ങള്‍ക്ക് നല്കുന്നു.. ഫാ.ഫിലിപ്പി പറഞ്ഞു.

You must be logged in to post a comment Login