സെപ്തംബര്‍ 23 ന് ലോകം അവസാനിക്കുമോ?

സെപ്തംബര്‍ 23 ന് ലോകം അവസാനിക്കുമോ?

ലോകസൃഷ്ടിയുടെ ആരംഭം മുതല്‍ ലോകാവസാനത്തെക്കുറിച്ചുള്ള ചിന്തകളും ആകുലതകളും ലോകം പങ്കുവച്ചിരുന്നു. അതനുസരിച്ച് ചില പ്രത്യേക വര്‍ഷങ്ങളില്‍ ലോകം അവസാനിക്കുമെന്നുള്ള പ്രചരണങ്ങളും പ്രവചനങ്ങളും നടന്നിട്ടുമുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും, ലോകം അവസാനിക്കാന്‍ പോവുകയാണെന്ന മട്ടില്‍ ചില പ്രചരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നു. സെപ്തംബര്‍ 23 ന് ലോകം അവസാനിക്കുമെന്നാണ് ഈ പുതിയ പ്രവചനങ്ങള്‍ അവകാശപ്പെടുന്നത്.

ചില ക്രൈസ്തവവിഭാഗങ്ങള്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബൈബിള്‍ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം നടന്നിരിക്കുന്നത്. മിത്തോളജിക്കല്‍ പ്ലാനറ്ററി സിസ്റ്റമായ പ്ലാനറ്റ് എക്‌സ് സെപ്തംബര്‍ 23 ന് ആകാശത്ത് പ്രത്യക്ഷമാകുമെന്നും ഇത് ഭൂമിക്കടുത്തു കൂടി പോകുമ്പോള്‍ ഇതിന്റെ ഭൂഗുരുതാകര്‍ഷണം മൂലം അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമെന്നും അത് സര്‍വ്വനാശത്തിന് കാരണമാകുമെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ പ്ലാനറ്റ് എക്‌സ് വെറും കെട്ടുകഥയാണെന്ന് നാസ ശാസ്ത്രീയമായി പറയുന്നു. അമേരിക്കയില്‍ ഓഗസ്റ്റ് 21 ന് ഉണ്ടായ സൂര്യഗ്രഹണം അടിസ്ഥാനമാക്കിയുള്ളതാണ് മറ്റൊരു പ്രവചനം. ലോകാവസാനത്തിന്റെ സൂചനയായി ഇതിനെ ചില സുവിശേഷപ്രഘോഷകര്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നു വന്ന ഹാര്‍വി,ഇര്‍മ്മ കൊടുങ്കാറ്റുകള്‍ വരാനിരിക്കുന്ന നാശത്തിന്റെ മുന്നോടിയാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

ഇതിന് പുറമെയാണ് നോര്‍ത്ത് കൊറിയ സേച്ഛാധിപതിയുടെ കൊടുംക്രൂരതകള്‍ വെളിവാക്കുന്ന വിധത്തിലുള്ള ആക്രമണഭീഷണി. അമേരിക്കയ്ക്ക് നേരെ അണ്വായുധ ഭീഷണി ഉയര്‍ത്താന്‍ തയ്യാറായിരിക്കുന്ന രാജ്യങ്ങളുണ്ട് എന്ന യാഥാര്‍ത്ഥ്യം ഒരു ലോകയുദ്ധത്തിന്റെ മുമ്പിലാണ് നമ്മെ കൊണ്ടുവന്നു നിര്‍ത്തിയിരിക്കുന്ന എന്നതും മറക്കാനാവില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ലോകം എന്ന് അവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല എന്നതാണ് ബൈബിള്‍ തന്നെ നല്കുന്ന സൂചന. ആ ദിവസം പുത്രനില്‍ നിന്ന് പോലും മറയ്ക്കപ്പെട്ടിരിക്കുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതുനിമിഷവും അന്ത്യം സംഭവിക്കാം എന്ന മട്ടില്‍ ജാഗരൂകതയോടെ ജീവിക്കുക എന്നതുമാത്രമാണ് നമുക്ക് ചെയ്യാനുള്ള എളുപ്പമാര്‍ഗ്ഗം.

അയല്‍ക്കാരനെതിരെ ശത്രുത പുലര്‍ത്താതെയും അത്യാഗ്രഹത്തോടെ ജീവിക്കാതെയും ആത്മരക്ഷയ്ക്ക് ഉതകുന്ന വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അവംബിച്ചും നാം ജീവിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഇത്തരം വാര്‍ത്തകളും സംഭവങ്ങളും നമ്മോട് പറയുന്നുണ്ട്. അതുകൊണ്ട് ലോകാവസാനം എന്ന് പറഞ്ഞ് ഭീതിദരാകാതെ എന്റെ മരണത്തോടെ എന്റെ ലോകം അവസാനിക്കും എന്ന തിരിച്ചറിവില്‍ ഈ ലോകമോഹങ്ങളില്‍ മതിമറന്ന് അഭിരമിക്കാതെ എനിക്കൊരു മരണവും എനിക്കൊരു വിധിയും ഉണ്ട് തിരിച്ചറിവോടെ സുന്ദരമായ മരണത്തിന് ഒരുങ്ങത്തക്കവിധത്തില്‍ ഇന്നുകളില്‍ നമുക്ക് ദൈവവിചാരത്തോടെ ജീവിക്കാം.

എന്റെ ദൈവമേ ഏതു നേരം നീ വന്നാലും ഒരുക്കമുള്ള ഒരു ഹൃദയം എനിക്ക് തരണേ.. എന്റെ മരണസമയത്തെ ഞാന്‍ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. എന്റെ പാപങ്ങളും അയോഗ്യതകളും എന്റെ ബലഹീനതകളും പോരായ്മകളും എന്റെ കുറവുകളും വൈകല്യങ്ങളും എന്റെ നേരെയുള്ള നിന്റെ കോപത്തിന് ഇടയാക്കരുതേ..നിന്റെ ദയയിലും അപാരമായസ്‌നേഹത്തിലും എനിക്ക് ഭൂമിയിലുള്ളതുപോലെസ്വര്‍ഗ്ഗത്തിലും ആശ്വാസം കണ്ടെത്താന്‍ എനിക്ക് അവസരം നല്കണമേ..

ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന് കൂട്ടായിരിക്കണമേ..

You must be logged in to post a comment Login