വഴിതെറ്റിക്കാന്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപത്തിലും സാത്താന്‍

വഴിതെറ്റിക്കാന്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപത്തിലും സാത്താന്‍

സാത്താനില്‍ നിന്നുള്ള ആത്മീയവും മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ പരമ്പരകള്‍ തന്നെയായിരുന്നു സെലീനയ്ക്ക് അനുഭവിക്കേണ്ടിവന്നത്. മുടി മുറിച്ചുകളയുക, ഉറങ്ങിക്കിടക്കുമ്പോള്‍ ദേഹത്ത് തണുത്ത വെള്ളം കോരിയൊഴിക്കുക. പ്രാര്‍ത്ഥനാപ്പുസ്തകം, വസ്ത്രങ്ങള്‍ എന്നിവ അപ്രത്യക്ഷമാക്കിക്കളയുക തുടങ്ങിയവ അവയില്‍ ചിലത് മാത്രമായിരുന്നു. പകല്‍ അധ്യാപനജോലി കഴിഞ്ഞുവരുന്ന സിസ്റ്റര്‍ സെലീനയ്ക്ക് രാത്രികളില്‍ കഠിനമായ പൈശാചിക പീഡകള്‍ അനുഭവിക്കേണ്ടതായി വന്നു.

സഹസന്യാസിനിമാര്‍ക്ക് പലപ്പോഴും ഇവയൊന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയതുകൊണ്ട് തെറ്റിദ്ധാരണകളും തിരസ്‌ക്കരണങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നിട്ടുമുണ്ട്. എന്നാല്‍ അവയ്ക്ക് മുമ്പിലൊന്നും പരാതിപ്പെടുവാന്‍ സെലീനയിലെ വിശുദ്ധിക്ക് കഴിഞ്ഞിരുന്നില്ല. സന്യാസപരിശീലനം പൂര്‍ത്തിയാകും തോറും സാത്താന്റെ പരീക്ഷണങ്ങള്‍ വര്‍ദ്ധിച്ചുവന്നു. തലമുടി കത്തിക്കുക,  കട്ടിലിനടിയില്‍ തീ കൂട്ടുക, മുറിയുടെ വാതിലുകള്‍ പുറത്തുനിന്ന് പൂട്ടിയിടുക, മുറിക്കുള്ളിലേക്ക് കല്ലും മണ്ണും മാലിന്യങ്ങളും വലിച്ചെറിയുക…. പിശാചിന്റെ രൂപത്തില്‍ മാത്രമല്ല വഴിതെറ്റിക്കാനായി പ്രിയ വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപത്തില്‍ പോലും വന്ന് സാത്താന്‍ സെലീനയെ പരീക്ഷിച്ചിട്ടുണ്ട്.

സെലിനയെ എങ്ങനെയെങ്കിലും മഠത്തില്‍ നിന്ന് പുറത്തുചാടിക്കുക എന്നത് മാത്രമായിരുന്നു സാത്താന്റെ ലക്ഷ്യം. സാത്താന്‍ സെലീനയെ ലക്ഷ്യം വച്ചിട്ടുണ്ട് എന്ന തിരിച്ചറിഞ്ഞ മദര്‍ സ്റ്റെഫാനിയ സെലിനയെ രക്ഷിക്കാനായി വിശുദ്ധ ജലം, ക്രൂശുരൂപം, മാതൃരൂപം, ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന എന്നിവയുടെ സഹായം തേടി. ഈ പൈശാചിക ആക്രമണങ്ങള്‍ പക്ഷേ പ്രതികൂലമായ പ്രതികരണമാണ് സെലീനയില്‍ ഉണ്ടാക്കിയത്.

സാത്താന്‍ അവളില്‍ നിന്ന് എന്തു പ്രതീക്ഷിച്ചോ അത് കിട്ടിയില്ലെന്ന് മാത്രമല്ല അവള്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ആഴപ്പെടുകയും ദൈവത്തോട് കൂടുതല്‍ അടുക്കുകയും ചെയ്തു. നിരവധിയായ ദര്‍ശനങ്ങളും ഇക്കാലയളവില്‍ അവള്‍ക്ക് ലഭിക്കുകയുണ്ടായിട്ടുണ്ട്. ചാട്ടവാറടിയേറ്റ് പുളയുന്ന ഈശോയെ പല ദര്‍ശനങ്ങളിലും സെലീനയ്ക്ക് കാണാന്‍ സാധിച്ചിരുന്നു.
എന്നാല്‍ ഇത്തരം പരീക്ഷണങ്ങളെക്കാള്‍ ഭീകരമായിരുന്നു വ്രതവാഗ്ദാനം വിലക്കിയിരിക്കുന്നതായി അറിയിച്ചുകൊണ്ട് മദര്‍ ജനറലിന്റെ കത്ത് മദര്‍ സ്റ്റെഫാനിയയ്ക്ക് ലഭിച്ചത്.  1957 ജൂണ്‍ 20 നായിരുന്നു മറ്റ് ആറ് നോവിസുമാര്‍ക്കൊപ്പം സെലീനയുടെയും വ്രതവാഗ്ദാനം നിശ്ചയിച്ചിരുന്നത്. 18 നായിരുന്നു മദര്‍ ജനറലിന്റെ കത്ത് കിട്ടിയത്. മദര്‍ സ്റ്റെഫാനിയയെ സംബന്ധിച്ച് അത് വല്ലാത്തൊരു നിമിഷം തന്നെയായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞ വേളയില്‍ ഒരു നോവിസിനോട് എങ്ങനെയാണ് നിന്റെ മാത്രം  വ്രതവാഗ്ദാനം വിലക്കിയിരിക്കുന്നു എന്ന് അറിയിക്കുന്നത്? ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കാനെത്തിയ ബിഷപ് പത്രോണിയോട് ഇക്കാര്യം സ്റ്റെഫാനിയ അറിയിച്ചപ്പോള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പത്രോണി പിതാവ് ഒരു തീരുമാനമെടുക്കുകയായിരുന്നു.

സെലീന വ്രതവാഗ്ദാനം നടത്തട്ടെ. കാരണം അവളുടെ ഹൃദയത്തില്‍ സഭാസ്ഥാപകയായ ബ്രിജിദ മൊറാല്ലെയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അറിയാതെയാണ് സെലീന വ്രതവാഗ്ദാനത്തിനായി ചടങ്ങിനെത്തിയത് എന്നതാണ് അതിലേറെ കൗതുകകരം. കുര്‍ബാന സ്വീകരണസമയത്ത് സെലീനയുടെ ജീവിതത്തില്‍ ഏററവും വലിയ അത്ഭുതം  നടന്നു. ഈശോ അവള്‍ക്ക് മുമ്പില്‍. മെത്രാനച്ചല്ല ക്രിസ്തുവാണ് മുമ്പില്‍. തൂവെള്ള വസ്ത്രധാരിയായി. അവിടെ വച്ച് ക്രിസ്തു അവളോട് പറഞ്ഞു. ഇനി നിന്നെ സാത്താന്‍ ശല്യപ്പെടുത്തുകയില്ല. ..ഇനി ഞാന്‍ വരുന്നത് നിന്നെ കൂട്ടിക്കൊണ്ടുപോകാനായിരിക്കും.

സ്വര്‍ഗ്ഗം താണിറങ്ങിവരുന്നതുപോലെ അവള്‍ക്കപ്പോള്‍ തോന്നി. താന്‍ മരണത്തിന് അടുത്തെത്തിയിരിക്കുന്നതായി അവള്‍ക്ക് മാത്രം മനസ്സിലായി. പക്ഷേ അരോഗദൃഢഗാത്രയായ സിസ്‌ററര്‍ സെലിന്‍ ഉടനടി മരിക്കുമെന്ന് ആരും കരുതിയില്ല. അന്ന് തുടങ്ങി സെലീന ഛര്‍ദ്ദി ആരംഭിച്ചു. ഡോക്ടറെ കാണിച്ചുവെങ്കിലും ഭയപ്പെടാനില്ല എന്നായിരുന്നു മറുപടി. പനിയും ജലദോഷും ചുമയും ഛര്‍ദ്ദിയും മാറിമാറി വന്നുകൊണ്ടിരുന്നു. എന്നിട്ടും അതൊന്നും ഗൗനിക്കാതെ സിസ്റ്റര്‍ അധ്യാപനത്തിന് പോയി. ഒന്നാംക്ലാസിലെ കുട്ടികളല്ലേ ഞാന്‍ ചെന്നില്ലെങ്കില്‍ അവര്‍ മഴയത്തിറങ്ങി കളിക്കും. അവര്‍ക്ക് അസുഖം പിടിക്കും. ഞാന്‍ ബോര്‍ഡിലെഴുതിയിട്ടിട്ട് വിശ്രമിച്ചോളാം..അതായിരുന്നു സെലിന്‍ സിസ്റ്ററുടെ ന്യായം.

ജ്വരക്കിടക്കയില്‍ കഴിച്ചുകൂട്ടിയ ദിവസത്തിന്റെ പിറ്റേന്ന് സഹസന്യാസിനി  ബെഡ്‌കോഫിയുമായി സെലിന്റെ അടുത്തെത്തിയപ്പോള്‍ സെലിന്‍ രോഗത്തിന്റെ അങ്ങേയറ്റത്തായിരുന്നു. ഈശോ ശരി ഈശോ എന്ന് മാത്രമായിരുന്നു അവളപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്. സിസ്റ്ററെ വേഗം ആശുപത്രിയിലെത്തിച്ചു. രോഗീലേപനം നല്കി. സിസ്റ്റര്‍ ചുറ്റിനും നോക്കി. പ്രിയമുള്ളവര്‍ എല്ലാവരും ചുറ്റിനുമുണ്ട്. സെലിന്‍ നോക്കിനില്‌ക്കെ പ്രിയ വിശുദ്ധരും പരിശുദ്ധ കന്യാമറിയവും അവളുടെ അരികിലെത്തി. സ്വര്‍ഗ്ഗം തുറക്കപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. 1957 ജൂലൈ 25 ആയിരുന്നു ആ ദിനം.

ഇന്ത്യയിലെ ആദ്യ ഉര്‍സുലൈന്‍ സന്യാസിനി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ,സെലിന്റെ മരണശേഷം അവളുടെ മാധ്യസ്ഥതയില്‍ നിരവധിയായ അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ജൂലൈ 29 ന് സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിനെ ദൈവദാസിയായി പ്രഖ്യാപിച്ചു.
ദൈവത്തിന് ഓരോരുത്തരെയും മഹത്വപ്പെടുത്താന്‍ ദൈവത്തിന്റേതായ സമയമുണ്ട്. തീരുമാനങ്ങളുമുണ്ട്. ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്‍ ലോകത്തിന് മുഴുവന്‍ മുമ്പിലായി മഹത്വപ്പെടുത്തുവാനായി ദൈവം എപ്പോഴേ ഒരു സമയം നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. കര്‍ത്താവിന്റെ ഒരു ദിവസം ആയിരം ദിവസം പോലെയും ആയിരം ദിവസം ഒരു ദിവസം പോലെയും ആയതുകൊണ്ട് നമുക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നേയുള്ളൂ.

അതുകൊണ്ട് നമുക്ക് അതുവരേയ്ക്കുമായി പ്രാര്‍ത്ഥനകളുമായി കാത്തിരിക്കാം. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹത്തിന്റെ പുഷ്പങ്ങള്‍ വര്‍ഷിക്കുമെന്ന് വാക്കുനല്കിയ കൊച്ചുത്രേസ്യയെപ്പോലെ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളിലെ മുറിവുകള്‍ സുഖപ്പെടുത്തുവാനും നയനങ്ങളിലെ കണ്ണുനീര്‍ തുടച്ചുനീക്കാനും ഈശോയോട് പറയുമെന്ന സെലിന്റെ വാഗ്ദാനം നമുക്ക് അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനാനിയോഗങ്ങളും ആവശ്യങ്ങളും അവള്‍ വഴിയായി ഈശോയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യാം.

ദൈവദാസി സിസ്റ്റര്‍ സെലിനേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ..

വിഎന്‍

You must be logged in to post a comment Login