അടൂർ: ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ മലങ്കരയിൽ നടന്ന പുനരൈക്യത്തിന്റെ 87-ാം വാർഷികവും സഭാസംഗമവും 19 മുതൽ 21 വരെ അടൂരിൽ നടക്കും. ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും ഇക്കൊല്ലത്തെ പുനരൈക്യ വാർഷിക സമ്മേളനമെന്നു സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തിൽ പറഞ്ഞു.
സഭയിൽ പുതുതായി നിയമിതരായ യൂഹാനോൻ കൊച്ചുതുണ്ടിൽ റന്പാന്റെയും ഗീവർഗീസ് കാലായിൽ റന്പാന്റെയും മെത്രാഭിഷേകം 21നു നടക്കും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ പുനരൈക്യ സഭാസംഗമത്തിൽ മുഖ്യാതിഥിയായിരിക്കും. അടൂർ തിരുഹൃദയ ഇടവക പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശയോടെയാണു വാർഷികാഘോഷങ്ങൾക്കു തുടക്കമാകുന്നത്.19ന് ഉച്ചകഴിഞ്ഞു രണ്ടിന് അടൂർ സെൻട്രൽ മൈതാനത്ത് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവയ്ക്കും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മറ്റു മെത്രാപ്പോലീത്തമാർക്കും സ്വീകരണം നൽകും. തുടർന്ന് ദേവാലയ കൂദാശ കാതോലിക്കാ ബാവയുടൈ മുഖ്യകാർമികത്വത്തിൽ നടക്കും.
സമ്മേളന നഗറിലേക്കുള്ള ദീപശിഖ, ഛായാചിത്രം, പതാകകൾ എന്നിവ അടൂർ ദേവാലയത്തിൽ എത്തും. ആറിനു ഘോഷയാത്രയായി സമ്മേളന നഗറായ ഗ്രീൻവാലിയിലെ മാർ ഈവാനിയോസ് നഗറിലെത്തും. ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് പതാക ഉയർത്തും.
20നു രാവിലെ അടൂർ തിരുഹൃദയ ദേവാലയത്തിൽ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. 10 മുതൽ ഹോളി ഏഞ്ചൽസ് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളുടെ സംഗമവും അടൂർ ഗ്രീൻവാലിയിലെ മാർ ഈവാനിയോസ് നഗറിലെ വിവിധ വേദികളിൽ യുവജന അല്മായ സംഗമവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് വനിതാ സംഗമം. വൈകുന്നേരം നാലിന് അന്ത്യോക്യ പാത്രിയർക്കീസ് ബാവ സിറിയയിലെ സഭ നേരിടുന്ന പ്രശ്നങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും. 21നു രാവിലെ എട്ടിനു സമൂഹബലിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ വചന സന്ദേശം നൽകും.
10ന് മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത കൂരിയ ബിഷപ് റവ.യൂഹാനോൻ കൊച്ചുതുണ്ടിൽ റന്പാന്റെയും പുത്തൂർ രൂപതയുടെ നിയുക്ത അധ്യക്ഷൻ റവ.ഗീവർഗീസ് കാലായിൽ റന്പാന്റെയും മെത്രാഭിഷക ശുശ്രൂഷകൾ ആരംഭിക്കും.
You must be logged in to post a comment Login