നിങ്ങളെ മുറിപ്പെടുത്തുന്നവ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍…

നിങ്ങളെ മുറിപ്പെടുത്തുന്നവ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍…

കംബോഡിയായിലെ ആ അവധിക്കാലം കഴിഞ്ഞ് മടങ്ങും വരെ സാധാരണ പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു ശാലിനി സരസ്വതി. പെട്ടന്നാണ് ജീവിതം മാറി മറിഞ്ഞത്. ഒരു പനിയിലാണ് എല്ലാറ്റിന്റേയും തുടക്കം.

പനി പിന്നീട് അതീവ ഗുരുതരമായി. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ആ സമയത്ത് ഗര്‍ഭിണിയായിരുന്ന ശാലിനിക്ക് അത്യപൂര്‍വമായ ഒരു അണുബാധയെ തുടര്‍ന്ന് ഇരു കാലുകളും കൈകളും നഷ്ടമായി . ചിറകു നഷ്ടപെട്ട പക്ഷിയായി അവള്‍. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ . അവള്‍ക്കു സഹിക്കാനാകുന്നതിലും അപ്പുറമുള്ള ദുരന്തങ്ങള്‍ കടന്നുപോകേണ്ടി വന്നു. ദേഷ്യവും സങ്കടവും എല്ലാം ശാലിനിക്കുണ്ടായി. എന്തുകൊണ്ട് ഞാന്‍ എന്ന ചോദ്യം പലകുറി അവള്‍ സ്വയം ചോദിച്ചു.

പക്ഷെ തോല്‍ക്കാന്‍ ശാലിനി തയ്യാറായിരുന്നില്ല. ഇരുകൈകളും നഷ്‌ടമായതിനു ശേഷം കാലുകള്‍ മുറിച്ചു മാറ്റുന്നതിന് ആശുപത്രിയില്‍ എത്തിയ ശാലിനി ആള്‍ ആകെ മാറിയിരുന്നു . മുറിച്ചു മാറ്റാന്‍ഉള്ള കാലുകളില്‍ പര്‍പ്പിള്‍ നെയില്‍ പോളിഷ് അണിഞ്ഞു അലങ്കരിച്ചാണ് എത്തിയത്. പിന്നെ അവള്‍ സ്വന്തം ജീവിതാനുഭവം ‘Being You’  എന്ന ഫേസ്ബുക്ക്‌ പേജില്‍ കുറിച്ചിട്ടു .  കൈകാലുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍, എന്റെ തീരുമാനങ്ങള്‍ ,എന്റെ ജീവിതം .

കര്‍മഫലം എന്നൊക്കെ ചിന്തിച്ചു പക്ഷെ അതിനും മാത്രം എന്ത് പാപമാണ് ഞാന്‍ ചെയ്തത് . കടന്നു പോയ ദിനങ്ങള്‍ വേദനാജനകമായിരുന്നു . പക്ഷെ വിധിയെ ഞാന്‍ തോല്‍പിച്ചു. മുന്നോട്ടു പോകേണ്ട സമയം അതിക്രമിച്ചു .

ശാലിനി ഫേസ്ബുക്ക്‌ പേജില് കുറിച്ചു  . ഫിറ്റ്‌നെസ് വീണ്ടെടുക്കണം. ശാലിനി ഓട്ടം പരിശീലിക്കാന്‍ തുടങ്ങി. കൃത്രിമ കാലുകളില്‍ അവളുടെ ഓട്ടത്തിന് വേഗം കൈവന്നു.

അവളുടെ ജീവിതത്തിലെ ദുരന്തം സന്തോഷമായി മാറുന്ന കാഴ്ചയാണ് പിന്നെ ലോകം കണ്ടത് . പ്രശസ്തമായ ടിസിഎസ് 10 k  റേസ് അടക്കം നിരവധി മത്സരങ്ങള്‍ ശാലിനിയുടെ മികവിന് വേദിയായി.

റൂമിയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. നിങ്ങളെ മുറിപ്പെടുത്തുന്നവ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും…

തങ്കം തോമസ്

You must be logged in to post a comment Login